ആക്‌ടിവയിൽ ഇതൊന്നും കിട്ടില്ല, 60 കി.മീ. മൈലേജുള്ള ഹൈബ്രിഡ് സ്‌കൂട്ടറിൽ കൊതിപ്പിക്കുന്ന മാറ്റങ്ങളുമായി യമഹ
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയെ മാറ്റിമറിച്ചവരാണ് ജാപ്പനീസ് നിർമാതാക്കളായ യമഹ. ഇന്നും ജനതയ്ക്ക് RX100 എന്നാൽ മറ്റൊരു വികാരമാണ്. ആ കിടിലൻ ശബ്‌ദവും തട്ടുപൊളിപ്പൻ പെർഫോമൻസുമെല്ലാം ഇന്നും ഓളംതല്ലുന്നുണ്ട്. പിന്നീട് R15, FZ, ഫേസർ തുടങ്ങിയ മോട്ടോർസൈക്കിളുകളിലൂടെയും കമ്പനി ഇതിഹാസം രചിക്കുകയുണ്ടായി. ഇതിനിടയിൽ ഇന്ത്യക്കാർക്ക് സ്‌കൂട്ടറുകളോടും പ്രണയം തുടങ്ങി. ഹോണ്ട അരങ്ങുവാണ സെഗ്മെന്റിൽ ധാരാളം മോഡുകൾ പുറത്തിറക്കി പരീക്ഷിച്ചുവെങ്കിലും കാര്യമായി ഒന്നും തന്നെ ക്ലിക്കായില്ല. പിന്നീട് ഫസീനോയും റേയും പുറത്തിറക്കിയാണ് യമഹ സ്കൂട്ടർ വിപണിയിൽ അറിയപ്പെടാൻ തുടങ്ങിയത്.
ഫാസിനോ ഫാമിലി സ്‌കൂട്ടറായി പേരെടുത്തപ്പോൾ യൂത്തിന്റെ മനംകവർന്നത് റേ (RAY ZR) എന്ന സ്പോർട്ടി മോഡലായിരുന്നു. പരുക്കൻ സ്റ്റൈലും കിടിലൻ 125 സിസി ഹൈബ്രിഡ് എഞ്ചിനും കൂടിയായപ്പോൾ സംഗതി കളറായി. ഒന്നാന്തരം പെർഫോമൻസും ഇന്ധനക്ഷമതയും ആരേയും മോഹിപ്പിക്കുന്ന വിധത്തിലാണ് യമഹ ഒരുക്കിയത്. ഇപ്പോഴിതാ കാലത്തിനൊത്ത ചില ഫീച്ചറുകൾ കൂട്ടിച്ചേർത്ത് 2024 മോഡൽ RAY ZR 125 സ്കൂട്ടറിന്റെ പുത്തൻ ആവർത്തനത്തെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

98,130 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് യമഹ റേ ZR പുറത്തിറക്കിയിരിക്കുന്നത്. അപ്‌ഡേറ്റുകളുടെ ഭാഗമായി സ്‌കൂട്ടറിന് പുതിയ ഫീച്ചറുകൾ ലഭിക്കുന്നുവെന്ന് യമഹ പറയുന്നു. 'ആൻസർ ബാക്ക്' ഫംഗ്ഷനും എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റും (DRL) സഹിതം റേ ZR സ്ട്രീറ്റ് റാലി പതിപ്പ് ഇനിമുതൽ ലഭ്യമാവും. ഐസ് ഫ്ലൂ-വെർമില്യൺ, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങൾക്കൊപ്പം പുതിയ സൈബർ ഗ്രീൻ നിറത്തിലും സ്കൂട്ടർ വീട്ടുമുറ്റത്തെത്തിക്കാനും അവസരമുണ്ട്.
യമഹ റേ ZR സ്ട്രീറ്റ് റാലി സ്‌കൂട്ടറിലെ ആൻസർ ബാക്ക് ഫംഗ്ഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് യമഹ മൊബൈൽ ആപ്പിലൂടെ വാഹനം കണ്ടെത്താൻ എളുപ്പമാക്കുന്ന ഫീച്ചറാണ്. അതായത് 'ആൻസർ ബാക്ക്' ബട്ടണിൽ ക്ലിക്ക് ചെയ്ത് തിരക്കേറിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്‌തിരിക്കുന്ന സ്കൂട്ടർ കണ്ടെത്താൻ ഈ ഫീച്ചർ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നുവെന്ന് സാരം. ബട്ടൺ അമർത്തുമ്പോൾ ഇലുമിനേറ്റഡ് ബ്ലിങ്കറുകളും ബസറിൽ നിന്നുള്ള ബീപ്പുകളും ഉപയോഗിച്ച് വാഹനം പ്രതികരിക്കും.

അങ്ങനെ പാർക്ക് ചെയ്‌തിരിക്കുന്ന സ്‌കൂട്ടർ വേഗത്തിൽ കണ്ടെത്താനാവും. ഇതോടൊപ്പം സ്‌കൂട്ടറിന് ഡ്യുവൽ-ടോൺ സീറ്റ് ഡിസൈനും ഉണ്ട്. ഇത് ടൂ ലെവൽ സീറ്റിംഗിനെ പൂരകമാക്കുന്ന കാര്യമാണ്. പുതുക്കിയ വേരിയൻ്റിൽ പുതുക്കിയ സ്റ്റൈലിംഗ് ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ പറയുന്നു. മികച്ച പെർഫോമൻസിനും മൈലേജിനും വേണ്ടി പണികഴിപ്പിച്ച 125 സിസി ഫ്യവൽ ഇഞ്ചക്ഷൻ ബ്ലൂ കോർ എഞ്ചിനാണ് റേയുടെ ഹൃദയം.
ഹൈബ്രിഡ് പവർ അസിസ്റ്റിൽ വരുന്ന എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ സ്‌മാർട്ട് മോട്ടോർ ജനറേറ്ററുമായാണ് (SMG) വരുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,500 ആർപിഎമ്മിൽ 8.2 bhp കരുത്തും 5,000 ആർപിഎമ്മിൽ 10.3 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. സീറ്റിനടിയിൽ 21 ലിറ്റർ സ്റ്റോറേജ് കംപാർട്ട്‌മെൻ്റാണ് യമഹ റേ ZR സ്ട്രീറ്റ് റാലി സ്കൂട്ടറിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്.

ഇതുകൂടാതെ സ്റ്റൈലിംഗിനായി ബ്രഷ് ഗാർഡ്, സ്ലീക്ക് മെറ്റൽ പ്ലേറ്റുകൾ എന്നിവയും കമ്പനി കൊടുത്തിട്ടുണ്ട്. മെക്കാനിക്കലായി നോക്കിയാൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെൻഷൻ, മോണോഷോക്ക് റിയർ സസ്പെൻഷൻ, ബ്ലോക്ക് പാറ്റേൺ ടയറുകൾ തുടങ്ങിയ സംവിധാനങ്ങളും യമഹ റേ ZR സ്ട്രീറ്റ് റാലിയിൽ കൊടുത്തിട്ടുണ്ട്. സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച്, ഓട്ടോമാറ്റിക് സ്റ്റോപ്പ്-ആൻഡ്-സ്റ്റാർട്ട് സിസ്റ്റം, വൈ-കണക്ട് ബിടി കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയും സ്കൂട്ടറിന്റെ സവിശേഷതകളാണ്.
ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കുകയാണെങ്കിൽ അടുത്തിടെ 2024 മോൺസ്റ്റർ എനർജി മോട്ടോജിപി പതിപ്പ് അവതരിപ്പിച്ചുകൊണ്ട് യമഹ തങ്ങളുടെ R15M, MT-15 ലൈനപ്പ് അപ്ഡേറ്റ് ചെയ്യുകയും ചെയ്‌തിരുന്നു. R15M സ്പോർട്സ് ബൈക്കിന്റെ ഈ വേരിയന്റുകൾക്ക് 1.99 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില. MT-15 നേക്കഡ് മോഡലിന് 1.73 ലക്ഷം രൂപയും ഇന്ത്യയിൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.


Click it and Unblock the Notifications








