മുറ്റത്തൊരു വെസ്‌പ വാങ്ങിയിടാൻ പറ്റിയ സമയം, സ്‌കൂട്ടറുകൾക്ക് 13,000 രൂപയുടെ ഇയർ എൻഡ് ഓഫറുമായി പിയാജിയോ
ഇന്ത്യൻ ഇരുചക്ര വാഹന ലോകത്തെ പ്രീമിയം ബ്രാൻഡായി മുദ്രകുത്തപ്പെട്ടവരാണ് പിയാജിയോ (Piaggio). ഐക്കോണിക് വെസ്‌പ സ്‌കൂട്ടറുകളിലൂടെ ലോകം തന്നെ വെട്ടിപ്പിടിച്ച ബ്രാൻഡ് അപ്രീലിയയുടെ ഭാഗം കൂടിയാണ്. ക്ലാസിക് ശൈലിക്കൊപ്പം പുത്തൻ സാങ്കേതികവിദ്യകളും ആധുനിക രൂപവും കോർത്തിണക്കുന്നതാണ് വെസ്‌പ മോഡലുകളുടെ വിജയമെന്ന് നിസംശയം പറയാം. അതേസമയം മറുവശത്ത് സ്പോർട്ടി സ്‌കൂട്ടറുകളുടെ അവസാനവാക്കാണ് അപ്രീലിയ. വെസ്‌പ നിരത്തുകളിലൂടെ ഒഴുകി നീങ്ങുന്നത് കാണാൻ വല്ലാത്തൊരു ചേലാണ്. 2012-ൽ വിപണിയിൽ എത്തി വിപ്ലവും രചിച്ച ഈ ഇറ്റാലിയൻ സ്‌കൂട്ടറുകൾക്ക് ഇന്നും ആവശ്യക്കാരുണ്ടെന്നത് യാഥാർഥ്യമാണ്.
എതിരാളികളേക്കാൾ വില അൽപം കൂടുതലായതിനാൽ വെസ്‌പയിലും അപ്രീലിയയിലും കൈവെക്കാൻ പലരും ഒന്ന് മടിക്കുന്നുണ്ട്. എന്നാൽ ഇത്തരക്കാരെ ചാക്കിലാക്കാൻ പിയാജിയോ ഗംഭീര ഇയർ എൻഡ് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. വെസ്പ, അപ്രീലിയ സ്‌കൂട്ടറുകളിലാണ് പിയാജിയോ ഇന്ത്യ പ്രത്യേക ഇയർ എൻഡ് ഡിസ്‌കൗണ്ട് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.

2024 ഡിസംബർ മൂന്നിനും 25-നും ഇടയിൽ അപ്രീലിയ പിയാജിയോ സ്കൂട്ടറുകൾ വാങ്ങാനെത്തുന്നവർക്കാണ് ഈ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനാവുക. ബ്രാൻഡിൻ്റെ നിരയിലുള്ള എല്ലാ സ്കൂട്ടറുകൾക്കും ഇയർ എൻഡ് ഡിസ്‌കൗണ്ട് ഓഫറുകൾ ബാധകമാവുക. വെസ്പ, അപ്രീലിയ സ്‌കൂട്ടറുകളിൽ യഥാക്രമം 13,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങൾ പിയാജിയോ ഉപഭോക്താക്കൾക്കായി കരുതിവെച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള ബ്രാൻഡിൻ്റെ അംഗീകൃത ഡീലർഷിപ്പുകളിലുടനീളം ഓഫറുകൾ ലഭ്യമാണ്. കൃത്യമായ ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് പിയാജിയോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ, സൗജന്യ ആക്‌സസറികൾ, ഇൻഷുറൻസ് എന്നീ രീതിയിലെല്ലാം ഓഫറുകൾ ഉണ്ടാവുമെന്നാണ് വിവരം. ഇതോടൊപ്പം ഫിനാൻസിട്ട് സ്‌കൂട്ടർ വാങ്ങാൻ എത്തുന്നവർക്ക് നിരവധി ഫിനാൻസ് ഓഫറുകളും ലഭ്യമായേക്കും.

തെരഞ്ഞെടുക്കുന്ന മോഡലിനെയും വേരിയൻ്റിനെയും ആശ്രയിച്ച് ഓഫറുകളും ഡിസ്‌കൗണ്ട് വ്യത്യാസപ്പെടുമെന്ന കാര്യം പ്രത്യേകം ഓർമിക്കണേ. ആയതിനാൽ പിയാജിയോ ഇന്ത്യയുടെ ഇയർ എൻഡ് ഓഫറുകളെ കുറിച്ചറിയാൻ ഏറ്റവും അടുത്ത ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. വെസ്പ ക്ലാസിക് ZX, VXL, SXL, SXL സ്‌പോർട്‌സ്, വെസ്പ ഡ്യുവൽ, റേസിംഗ് സിക്‌റ്റീസ് എന്നിങ്ങനെ 125 സിസി, 150 സിസി ഓഫറുകൾ ഉൾപ്പെടുന്നതാണ് വെസ്പ സ്‌കൂട്ടറുകൾ.
നിലവിൽ 1.15 ലക്ഷം രൂപ മുതൽ 1.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നതും. 124.45 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്ന വെസ്‌പ 125 മോഡലുകൾക്ക് 9.6 bhp കരുത്തിൽ പരമാവധി 10.11 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഫുൾ-മെറ്റൽ ബോഡി, റെട്രോ സ്‌റ്റൈലിംഗ്, കോമ്പി-ബ്രേക്കിംഗ്, മുന്നിലും പിന്നിലും സിംഗിൾ ഷോക്ക് അബ്സോർബറുകൾ എന്നിവയോടെയാണ് ബേബി വെസ്പകൾ നിരത്തിലെത്തുന്നത്. ഇനി 150 മോഡലുകളിലേക്ക് നോക്കിയാൽ കൂടുതൽ ശക്തമായ 149.5 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഇവയിൽ പ്രവർത്തിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 10.6 bhp പവറിൽ 11.26 Nm torque വികസിപ്പിക്കാനാവും. മെക്കാനിക്കൽ ഫീച്ചറുകൾ ഏതാണ്ട് സമാനമാണെങ്കിലും 150 സിസി വെസ്പ സ്‌കൂട്ടറുകൾക്ക് സിംഗിൾ-ചാനൽ എബിഎസ് അധികമായി ലഭിക്കും.
അപ്രീലിയയിലേക്ക് വന്നാൽ SR സ്റ്റോം 125, SR 125, SR 160, SXR 125, SXR 160 സ്കൂട്ടറുകളാണ് ബ്രാൻഡിന് കീഴിൽ വരുന്നത്. 125 സിസി ശ്രേണിയിൽ വെസ്പ സ്‌കൂട്ടറുകളുടേതിന് സമാനമായ 124.45 സിസി എഞ്ചിൻ ആണെങ്കിലും 9.9 bhp കരുത്തിൽ പരമാവധി 10.33 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന വിധമാണ് ഇവ ട്യൂൺ ചെയ്‌തിരിക്കുന്നത്.
10.9 bhp കരുത്തും 12.13 Nm torque ഉം വികസിപ്പിക്കുന്ന 160 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് SXR 160 ഉപയോഗിക്കുന്നത്. അപ്രീലിയ SR 160 സ്പോർട്ടി സ്കൂട്ടറിന് 160 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 11.11 bhp പവറിൽ 13.44 Nm torque ആണ് നൽകുന്നത്. അപ്രീലിയ സ്‌കൂട്ടർ ശ്രേണിക്ക് 1.15 ലക്ഷം മുതൽ 1.43 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








