എൻഫീൽഡിന്റെ ഉള്ളുപിടയും, നിരത്തുകളിൽ പ്രകമ്പനമാവാൻ 'സാക്ഷാൽ റോഡ്‌കിങ്' തിരിച്ചുവരുന്നു
ഇന്ത്യയിലെ കൾട്ട് ക്ലാസിക് മോട്ടോർസൈക്കിളുകളുടെ രാജാക്കൻമാരായിരുന്നു യെസ്‌ഡി. ഇന്നുകാണുന്ന കമ്പനിക്ക് ഒരു പഴയകാലമുണ്ടെന്ന് സാരം. ഭീഷ്‌മപർവത്തിൽ മമ്മൂട്ടിയുടെ മൈക്കിൾ എന്ന കഥാപാത്രത്തിന് നിസ്താർ സേട്ട് കൊടുക്കുന്നൊരു ബിൽഡ് അപ്പുണ്ടല്ലോ. സംഭവം അതുപോലെയാണ്. ഇപ്പോൾ റെട്രോ ക്ലാസിക് ബൈക്കുകളുടെ അവസാന വാക്കായി പലരും കണക്കാക്കുന്നത് റോയൽ എൻഫീൽഡിനെയാണ്.
എന്നാൽ ഇന്ത്യൻ വിപണിയിൽ ഒരുകാലത്ത് യെസ്ഡി ഉണ്ടാക്കിയ ഓളം ഇന്നും എൻഫീൽഡിന് ഒരു സ്വപ്‌നം മാത്രമാണെന്ന് പറഞ്ഞാലും തെറ്റില്ല. പതിറ്റാണ്ടോളം വിപണിയെ അടക്കിവാണ ഒട്ടേറെ മോഡലുകളാണ് യെസ്‌ഡി നിരത്തിലിറക്കിയിരുന്നത്. അതിൽ പലരുടേയും ഫേവറീറ്റായിരുന്നു റോഡ്‌കിംഗ് എന്ന മോഡൽ. തൊണ്ണൂറുകളുടെ അവസാനത്തോടെ വിപണനം നിർത്തിയ ബൈക്കാണിത് എങ്കിലും ഇന്നും പലരുടേയും കൈയിൽ പൊന്നുപോലെ സൂക്ഷിക്കുന്ന ചില വണ്ടികൾ കാണായേക്കാം.

മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക് ലെജൻഡ്സിലൂടെ യെസ്‌ഡി എന്ന ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കാനായെങ്കിലും എൻഫീൽഡ് പോലുള്ള മോഡേൺ ബ്രാൻഡുകളോട് മത്സരിക്കുന്നതിൽ അൽപം പിന്നാക്കം പോയെന്ന് വേണം പറയാൻ. എന്നാൽ കുറവുകളെല്ലാം പരിഹരിച്ച് ബ്രാൻഡ് ഇപ്പോൾ ഇമേജ് ബിൽഡ് ചെയ്‌തെടുക്കാൻ പോവുകയാണ്. ഇതിന്റെ ആദ്യപടിയായി നിരത്തിലെ രാജാവായിരുന്ന യെസ്‌ഡി റോഡ്സ്റ്ററിനെ കമ്പനി തിരികെയെത്തിക്കാൻ പോവുകയാണ്.
റോയൽ എൻഫീൽഡിന് വെല്ലുവിളി ഉയർത്താൻ ക്ലാസിക് ലെജൻഡ്‌സ് പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ക്ലാസിക് ലെജൻഡ്‌സ് ഡീലർ ഇവൻ്റിൽ റോഡ്സ്റ്ററിനെ അവതരിപ്പിക്കുകയും ചെയ്‌തുവെന്നാണ് സൂചന. പ്രൊഡക്ഷൻ റെഡിയായ ബൈക്കിന്റെ മോഡൽ പരിപാടിയിൽ പ്രദർശിപ്പിക്കുകയും ചെയ്‌തു.

പുതിയ യെസ്ഡി മോട്ടോർസൈക്കിൾ ഐക്കണിക്ക് റോഡ്‌കിങ് 250 പതിപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായാണ് തോന്നുന്നത്. കൾട്ട് ക്ലാസിക് ബൈക്കിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ ഒരു ആധുനിക റെട്രോ സ്റ്റൈലിംഗ് തീമാണ് വാഹനം പിന്തുടർന്നിരിക്കുന്നത്. ഫ്യുവൽ ടാങ്കിന് റോഡ്‌കിങുമായി സാമ്യമുള്ളതാണ് കിംവദന്തികൾ പ്രചരിക്കാൻ കാരണമായിരിക്കുന്നത്. ഇത് നിലവിലുള്ള യെസ്‌ഡി മോട്ടോർസൈക്കിളിൽ നിന്നും വ്യത്യസ്തമായി കാണപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്.
ട്രേഡ്മാർക്ക് ആംഗുലാർ ഡിസൈൻ ഭാഷ്യമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നച്. റോഡകിങിന് സമാനമായ ലളിതമായ റൗണ്ട് ഹെഡ്‌ലാമ്പ് യൂണിറ്റും ഡിസൈനിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ട് ചെറിയ റൗണ്ട് അനലോഗ് യൂണിറ്റുകളുള്ള ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമായാണ് ഈ പുത്തൻ ബൈക്ക് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം പഴയ റോഡ്‌കിങ് 250-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന സിംഗിൾ പീസ് ഫ്ലാറ്റ് സീറ്റ് കൂടി ചേരുമ്പോൾ കാര്യങ്ങൾ കൂടുതൽ രസകരമാവുന്നുമുണ്ട്.

പിൻഭാഗത്തിനും കാര്യങ്ങൾ സിമ്പിളായി തന്നെയാണ് പിടിച്ചിരിക്കുന്നത്. എക്സ്റ്റൻഡഡ് റിയർ ഫെൻഡറാണ് ഇവിടെ എറിച്ചു നിൽക്കുന്നത്. മോട്ടോർസൈക്കിളിൽ ബ്രേക്ക് ലാമ്പ്, ഇൻഡിക്കേറ്ററുകൾ, നമ്പർ പ്ലേറ്റ് എന്നിവ കാണിച്ചിട്ടില്ല. എന്നാൽ യെസ്‌ഡി സ്‌ക്രാംബ്ലറിന്റെ അതേ ശൈലിയിൽ ടയർ ഹഗ്ഗറിൽ നൽകാനും സാധ്യതയുണ്ട്. പുതിയ റോഡ്‌കിങിന് താഴെ വലിയ എഞ്ചിൻ ബാഷ് ഗാർഡും ലോവർ ഫ്രണ്ട് മഡ്‌ഗാർഡും ഉണ്ടാവും.
പിറെലിയിൽ നിന്നുമുള്ള ഫാൻ്റം സ്‌പോർട്‌സ്‌കോംപ് ടയറുകളിൽ പൊതിഞ്ഞ അലോയ് വീലുകളാണ് ഇതിൻ്റെ മറ്റൊരു സവിശേഷത. ട്വിൻ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾക്ക് പകരം റൈഡ് സൈഡിൽ സിംഗിൾ എക്‌സ്‌ഹോസ്റ്റുമായാണ് മോട്ടോർസൈക്കിൾ വരുന്നത്. യെസ്ഡി അഡ്വഞ്ചറിന് കരുത്തേകുന്ന ലിക്വിഡ് കൂൾഡ് 334 സിസി എഞ്ചിൻ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ എഞ്ചിനാവും റോഡ്‌കിങിൽ വരുന്നതെന്ന കിംവദന്തികളുമുണ്ട്.
ഐക്കണിക് ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്നതിനാൽ ഇതിനെ യെസ്ഡി റോഡ്‌കിങ് എന്ന് വിളിക്കാൻ സാധ്യതയുണ്ട്. വിപണിയിൽ ജനപ്രിയമായി തിളങ്ങി നിൽക്കുന്ന റോയൽ എൻഫീൽഡ് ഹണ്ടർ 350 മോഡലുമായാവും നേരിട്ട് മത്സരിക്കുക. മോട്ടോർസൈക്കിളിന് ഏകദേശം 2 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. എന്തായാലും ക്ലാസിക് ലെജൻഡ്‌സിന്റെ പുതിയ നീക്കം വിപണിയിൽ ക്ലച്ചുപിടിക്കുമോ എന്ന കാര്യം അധികം വൈകാതെ തന്നെ അറിയാൻ കഴിയും.


Click it and Unblock the Notifications








