പെട്രോളടിക്കാതെ 100 കി.മീ. കറങ്ങാം, 73,300 രൂപയ്ക്ക് പുതിയ ലോ-സ്പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി സീലിയോ
ഏതുതരത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾ വിപണിയിൽ എത്തിച്ചാലും വാങ്ങാൻ ആളുണ്ടെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഓരോമാസവും കമ്പനികളെല്ലാം കച്ചോടം പൊടിപൊടിക്കുമ്പോൾ ഏറ്റവും കൂടുതൽ പണംവാരുന്നവരിൽ ചെറിയ സ്റ്റാർട്ടപ്പ് കമ്പനികൾ വരെ ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ മുൻനിര ബ്രാൻഡുകളിൽ ഒന്നാണ് സീലിയോ ഇബൈക്ക്‌സ്. നിരവധി പുതിയ മോഡലുകൾ അടുപ്പിച്ച് നിരത്തിലിറക്കി പലരുടേയും മനസിൽ ഇടംപിടിച്ച കമ്പനിയിതാ ആകർഷകമായ രൂപഭാവത്തിൽ രൂപകൽപ്പന ചെയ്‌ത് നവീകരിച്ച ഈവ ZX+ ഇവിയും രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വണ്ടി അവതരിപ്പിച്ചിരിക്കുന്നത്.
ഈവ, ഈവ എക്കോ പോലുള്ള മോഡലുകൾ ഉൾപ്പെടുന്ന ജനപ്രിയ ഈവ സീരീസ് നിരയിലേക്കാണ് ഈവ ZX+ ഇവിയും കടന്നുവരുന്നത്. ആധുനിക നഗര യാത്രക്കാർ, വിദ്യാർഥികൾ, ജോലിക്കാർ, ഗിഗ് വർക്കർമാർ എന്നിവർക്കായി പ്രത്യേകം ഡിസൈൻ ചെയ്‌ത ഇലക്ട്രിക് സ്കൂട്ടർ കൂടിയാണിത്. ദൈനംദിന യാത്രയ്‌ക്കൾക്ക് ഉതകുന്ന ഇത് ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ കൂടിയാണ്. ശക്തമായ BLDC മോട്ടോർ ഘടിപ്പിച്ചിരിക്കുന്ന മോഡലിന് മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കാനാവുന്നത്.

സിംഗിൾ ചാർജിൽ പരമാവധി 100 കിലോമീറ്റർ റേഞ്ചും നൽകാൻ സീലിയോ ഇബൈക്ക്‌സിന്റെ ഏറ്റവും പുതിയ ഈവ ZX+ ഇലക്ട്രിക് സ്കൂട്ടറിനാവും. 90 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് പരമാവധി 180 കിലോഗ്രാം ലോഡിംഗ് ശേഷിയുമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മെച്ചപ്പെട്ട സുരക്ഷയ്ക്കും സൗകര്യത്തിനുമായി ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, റിയർ ഡ്രം ബ്രേക്ക്, ഹൈഡ്രോളിക് ഷോക്ക് അബ്‌സോർബറുകൾ എന്നിവ സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
ആൻ്റി തെഫ്റ്റ് അലാറം, റിവേഴ്സ് ഗിയർ, പാർക്കിംഗ് സ്വിച്ച്, ഓട്ടോ റിപ്പയർ സ്വിച്ച്, യുഎസ്ബി ചാർജിംഗ് പോർട്ട്, ഡിജിറ്റൽ ഡിസ്പ്ലേ എന്നിവയാണ് ഈവ ZX+ ഇവിയുടെ പ്രധാന സവിശേഷതകൾ. ബ്ലൂ, ഗ്രേ, വൈറ്റ്, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ് എന്നതിനാൽ ഇക്കാര്യത്തിലും വൈവിധ്യമാണ് നൽകുന്നത്.

വ്യത്യസ്ത പെർഫോമൻസ് ആവശ്യങ്ങൾക്കായി സീലിയോ നിരവധി ബാറ്ററി ഓപ്ഷനുകളും വാഹനത്തിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. 60-70 കിലോമീറ്റർ റേഞ്ചും 7-8 മണിക്കൂർ ചാർജിംഗ് സമയവും വാഗ്ദാനം ചെയ്യുന്ന 60V/32AH ലെഡ് ആസിഡ് വേരിയൻ്റിന് 67,500 രൂപയാണ് വില. അതേസമയം സീലിയോ ഈവ ZX+ 72V/32AH ലെഡ് ആസിഡ് വേരിയന്റിന് 70,000 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
80 കിലോമീറ്റർ റേഞ്ചും 7-9 മണിക്കൂർ ചാർജിംഗ് സമയവുമാണ് സീലിയോ ഈവ ZX+ 72V/32AH ലെഡ് ആസിഡ് വേരിയന്റിന് ആവശ്യമായി വരുന്നത്. 60V/38AH ലെഡ് ആസിഡ് ഓപ്ഷൻ 73,300 രൂപയ്ക്ക് ലഭ്യമാണ്. ഇത് 80 കിലോമീറ്റർ റേഞ്ച് നൽകുകയും 8-9 മണിക്കൂർ ചാർജിംഗ് സമയവുമാണ് വാഗ്ദാനം ചെയ്യുന്നത്.

ഇലക്ട്രിക് സ്കൂട്ടറിന്റെ 72V/38AH ലെഡ് ആസിഡ് ബാറ്ററി വേരിയന്റിന് 77,000 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 100 കിലോമീറ്റർ റേഞ്ചും 9-10 മണിക്കൂർ ചാർജിംഗ് സമയവുമാണ് കമ്പനി ഇതിൽ അവകാശപ്പെടുന്നത്. അവസാനമായി സീലിയോ ഈവ ZX+ ഇലക്ട്രിക് സ്കൂട്ടറിന്റെ 60V/30AH ലിഥിയം അയൺ വേരിയൻ്റിന് 90,500 രൂപയും 80 കിലോമീറ്റർ റേഞ്ചും 4 മണിക്കൂർ ചാർജിംഗ് സമയവും വാഗ്ദാനം ചെയ്യുന്നു.
ഈവ ZX+ ലെഡ് ആസിഡ്, ലി-അയൺ ബാറ്ററി പതിപ്പുകളിൽ ഒരു വർഷം അല്ലെങ്കിൽ 10,000 കിലോമീറ്റർ വാറണ്ടിയോടെയാണ് വരുന്നത് എന്നതിനാൽ അക്കാര്യത്തിലും ആശങ്കയൊന്നും വേണ്ട. 2021-ൽ സ്ഥാപിതമായ സീലിയോ ഇബൈക്ക്‌സ് എന്ന ബ്രാൻഡ് ഇന്ന് പലർക്കും സുപരിചിതമായി കഴിഞ്ഞു. 256-ലധികം ഡീലർമാരും 200,000-ലധികം ഉപഭോക്താക്കളുമായി ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ നിറസാന്നിധ്യമായി കുതിക്കുകയാണ് കമ്പനി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








