അടിപൊളി ഡിസൈൻ, 100 കിലോമീറ്റർ റേഞ്ച്; പെട്രോൾ സ്‌കൂട്ടറുകളുടെ അന്ത്യം കുറിക്കാൻ മിസ്‌ട്രി ഇലക്ട്രിക് സ്കൂട്ടർ
ഇന്ത്യക്കാർക്ക് ഇലക്‌ട്രിക് സ്‌കൂട്ടറുകളോടുള്ള (Electric Scooters) സ്നേഹവും അടുപ്പവും വർധിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയായി ഇവികൾ കളംനിറഞ്ഞാടുകയാണ്. മുൻനിര ബ്രാൻഡുകൾക്കൊപ്പം ചെറിയ സ്റ്റാർട്ടപ്പ് ബ്രാൻഡുകളും വലിയ മുന്നേറ്റമുണ്ടാക്കുകയാണിപ്പോൾ. ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കാനായി കമ്പനികളെല്ലാം കിടിലൻ ഓഫറുകളും മോഡൽ നിരയിൽ അവതരിപ്പിക്കുകയാണ്. എന്നാൽ രാജ്യത്തെ മുൻനിര ഇവി സ്റ്റാർട്ടപ്പായ സീലിയോ ഇബൈക്‌സ് (Zelio Ebikes) പുതിയൊരു ഇലക്ട്രിക് സ്കൂട്ടറാണ് ഇന്ത്യൻ വിപണിക്കായി പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ വിലയും കൂടുതൽ റേഞ്ചും താങ്ങാനാവുന്ന വിലയുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ സെഗ്മെന്റിലേക്ക് മിസ്ട്രി എന്ന പുതുപുത്തൻ മോഡലാണ് കടന്നുവരുന്നിരിക്കുന്നത്. 81,999 രൂപ എക്സ്ഷോറൂം വിലയുള്ള ഇവി നൂതനമായ പെർഫോമൻസിന്റെയും സുസ്ഥിര മൊബിലിറ്റിയുടെയും സംയോജനത്തിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് മിസ്ട്രിയിലൂടെ സീലിയോ ഇബൈക്ക്‌സ് ലക്ഷ്യമിടുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും യൂത്തിനും വയസായവർക്കും അങ്ങനെ ഏത് പ്രായത്തിലുള്ളവർക്കും ഉപയോഗിക്കാൻ പ്രായോഗികമായ മോഡലാണിത്.

മിസ്റ്ററി ഇലക്ട്രിക് സ്‌കൂട്ടറിൽ 72V/29AH ലിഥിയം അയൺ ബാറ്ററി പായ്ക്കും കരുത്തുറ്റ 72V മോട്ടോറുമാണ് സീലിയോ ഇബൈക്ക്‌സ് വാഗ്‌ദാനം ചെയ്യുന്നത്. ഈ കോമ്പിനേഷൻ ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വേഗതയും വരെ നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ ഇത് ദൈനംദിന ഉപയോഗത്തിന് തികച്ചും അനുയോജ്യമായ ഇവിയാണെന്ന് നിസംശയം പറയാം.
സ്‌കൂട്ടർ പൂർണമായി ചാർജ് ചെയ്യാൻ 4-5 മണിക്കൂർ മാത്രമേ ആവശ്യമുള്ളൂവെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. പ്രവർത്തനരഹിതമായ സമയം കുറയ്ക്കുകയും അതിലൂടെ ഉപയോക്താക്കളുടെ ആശങ്കകൾ കുറയ്ക്കാനുമാണ് കുറഞ്ഞ ചാർജിംഗ് സമയത്തിലൂടെ സ്റ്റാർട്ടപ്പ് കമ്പനി ഉന്നംവെക്കുന്നത്. സീലിയോ ഇബൈക്ക്‌സ് മിസ്ട്രി ഇലക്ട്രിക് സ്കൂട്ടറിന്റെ മൊത്ത ഭാരം 120 കിലോഗ്രാം ആണ്. ഇതിന് 180 കിലോഗ്രാം ലോഡിംഗ് കപ്പാസിറ്റിയുണ്ടെന്നും ബ്രാൻഡ് പറയുന്നു.

ഇത് വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റുന്നതിന് പുറമെ അത്യാവിശ്യം വേണ്ടുന്ന സാധനങ്ങൾ കയറ്റി യാത്ര ചെയ്യാനും അനുവദിക്കുന്ന കാര്യമാണ്. സീലിയോയുടെ മുൻ മോഡലുകളായ ഗ്രേസി, എക്‌സ്-മെൻ, ഈവ സീരീസ് ഇലക്ട്രിക് സ്കൂട്ടറുകളുടെ വിജയകരമായ സ്വീകരണമാണ് മിസ്റ്ററി പിന്തുടരുന്നത്. ബ്ലാക്ക്, സീ ഗ്രീൻ, ഗ്രേ, റെഡ് എന്നിങ്ങനെ ആകർഷകമായ നിറങ്ങളിലും ഇവി ലഭ്യമാണ്. ഹൈ പെർഫോമൻസ് നിലനിർത്തിക്കൊണ്ട് മിസ്റ്ററി വൈവിധ്യമാർന്ന ശൈലിക്കാണ് മുൻഗണന നൽകുന്നതും.
മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള റിവേഴ്സ് ഗിയർ, പാർക്കിംഗ് സ്വിച്ച്, ഓട്ടോ റിപ്പയർ സ്വിച്ച്, യുഎസ്ബി ചാർജിംഗ്, ഡിജിറ്റൽ ഡിസ്‌പ്ലേ എന്നിവ പോലുള്ള ആധുനിക ഫീച്ചറുകളാലും പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ സമ്പന്നമാണ്. സുസ്ഥിരത കണക്കിലെടുത്ത് നിർമിച്ചിരിക്കുന്ന സീലിയോ മിസ്റ്ററി പെട്രോൾ അധിഷ്ഠിത വാഹനങ്ങൾക്ക് ഒരു സീറോ-എമിഷൻ ബദലായാണ് സ്ഥാനം പിടിക്കുന്നത്.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സീലിയോ ഇബൈക്ക്‌സിന്റെ (Zelio Ebikes) പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ സസ്പെൻഷനായി മുന്നിലും പിന്നിലും ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സുഗമമായ യാത്ര ഉറപ്പാക്കാൻ കെൽപ്പുള്ളതാണ്. സുരക്ഷയും കൺട്രോളും മെച്ചപ്പെടുത്തുന്നതിനായി മിസ്ട്രിയിൽ അഡ്വാൻസ്‌ഡ് കോമ്പി ബ്രേക്ക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.
ഡിജിറ്റൽ ഡിസ്പ്ലേ, സെൻട്രൽ ലോക്കിംഗ് സിസ്റ്റം, ആൻ്റി തെഫ്റ്റ് അലാറം എന്നിവ പോലുള്ള അധിക സുരക്ഷ ഫീച്ചറുകളും സീലിയോ ഇബൈക്ക്‌സ് മിസ്ട്രി ഇലക്ട്രിക് സ്കൂട്ടർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അധികം വൈകാതെ തന്നെ 90 കിലോമീറ്റർ റേഞ്ചും 150 കിലോഗ്രാം ലോഡ് കപ്പാസിറ്റിയുമുള്ളൊരു ഹൈ-സ്പീഡ് കാർഗോ ഇലക്ട്രിക് സ്കൂട്ടറും അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഒന്ന് രണ്ട് മാസത്തിനുള്ളിൽ ഈ മേഡലിനെയും വിപണിയിൽ പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








