ഓലയുടെ ഉറക്കം പോവും, 100 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ 71,500 രൂപയ്ക്ക് തരാമെന്ന് ഇന്ത്യൻ കമ്പനി
കുറഞ്ഞ വിലയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തപ്പിനടക്കുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങാൻ പറ്റുന്ന മോഡലുകളാണ് സീലിയോ ഇബൈക്ക്‌സിന്റേത്. നിരവധി വൈവിധ്യമാർന്ന ഇവികൾ പുറത്തിറക്കുന്നതിൽ പ്രത്യേക കഴിവുള്ള സീലിയോ അടുത്തിടെയായി നിരവധി പുതിയ മോഡലുകൾ അടുപ്പിച്ച് നിരത്തിലിറക്കി പലരുടേയും മനസിൽ കയറിക്കൂടിയിട്ടുമുണ്ട്. ആ നിരയിലേക്ക് ഇപ്പോഴിതാ X-മെൻ 2.0 എന്ന പുത്തൻ വൈദ്യുത സ്‌കൂട്ടർ കൂടിയെത്തിച്ച് കളംപിടിക്കാനാണ് കമ്പനിയുടെ തീരുമാനം. ഓലയും ഏഥറുമെല്ലാം വിരാജിക്കുന്നിടത്ത് സ്റ്റാർട്ടപ്പ് ബ്രാൻഡിന് ശോഭിക്കാനാവുമെന്നാണ് വിലയിരുത്തൽ. പുതിയ ലോഞ്ചിലൂടെ സിറ്റി ആവശ്യങ്ങൾക്ക് ഇവി തേടുന്നവരെയാണ് സീലിയോ ഉന്നംവെക്കുന്നത്.
വ്യത്യസ്ത ബാറ്ററി ഓപ്ഷനുകളും വിലയിലും ഉള്ള നാല് വേരിയൻ്റുകളിലാണ് ഏറ്റവും പുതിയ X-മെൻ 2.0 ഇലക്‌ട്രിക് സ്‌കൂട്ടറിനെ സീലിയോ ഇബൈക്ക്‌സ് പുറത്തിറക്കിയിരിക്കുന്നത്. ലെഡ് ആസിഡ്, ലിഥിയം-അയൺ എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളാണ് ഇവിയിൽ തെരഞ്ഞെടുക്കാനാവുക. ലെഡ് ആസിഡ് വേരിയൻ്റുകളിൽ 71,500 രൂപ വിലയുള്ള 60V 32AH പതിപ്പും, 74,000 രൂപ വിലയുള്ള 72V 32AH പതിപ്പുമാണ് ഉൾപ്പെടുന്നത്.

സീലിയോ X-മെൻ 2.0 ഇവിയുടെ ലിഥിയം-അയൺ വേരിയൻ്റുകളിൽ 87,500 രൂപ വിലയുള്ള 60V 30AH മോഡലും, 91,500 രൂപ വിലയുള്ള 74V 32AH മോഡലുമാണ് ഉൾപ്പെടുന്നത്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗവും ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ റേഞ്ചും ഈ ഇലക്‌ട്രിക് ലഭിക്കും. ഒരു ചാർജിൽ 1.5 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന 60/72V BLDC മോട്ടോറാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത് എന്നതിനാൽ ചെലവ് വളരെ കുറവായിരിക്കും.
X-മെൻ 2.0 ഇലക്‌ട്രിക് സ്‌കൂട്ടറിന് മൊത്തത്തിൽ 90 കിലോഗ്രാം ഭാരവും 180 കിലോഗ്രാം ലോഡിംഗ് ശേഷിയുമുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ ചെറിയ യാത്രകൾക്കെല്ലാം അടിപൊളിയാണ് വണ്ടി. ഇനി ചാർജ് ചെയ്യാൻ മണിക്കൂറുകൾ വേണ്ടിവരുമോയെന്ന് ആലോചിക്കുന്നവർക്കുള്ള പരിഹാരവും സീലിയോ ഇബൈക്ക്‌സ് കണ്ടെത്തിയിട്ടുണ്ട്.

X-മെൻ 2.0 ഇവിയുടെ ലിഥിയം അയൺ ബാറ്ററി വേരിയൻ്റുകളുടെ ഫുൾ ചാർജാവാൻ 4 മണിക്കൂർ മുതൽ 5 മണിക്കൂർ സമയം വരെ മാത്രമാണ് വേണ്ടിവരിക. സ്കൂട്ടറിന്റെ ലെഡ് ആസിഡ് വേരിയൻ്റുകൾ പൂർണമായി ചാർജ് ചെയ്യുന്നതിന് 8 മുതൽ 10 മണിക്കൂർ വരെ സമയം എടുക്കും. ഗ്രീൻ, വൈറ്റ്, സിൽവർ, റെഡ് എന്നിങ്ങനെ ആകർഷകമായ നാല് കളർ ഓപ്ഷനുകളിലാണ് മോഡൽ വിപണിയിൽ എത്തുന്നത്.
ഇനി മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ, മുൻവശത്ത് അലോയ് വീലുകൾ, പിന്നിൽ ഒരു ഹബ് മോട്ടോർ തുടങ്ങിയ ഫീച്ചറുകളോടെയാണ് സീലിയോ ഇബൈക്ക്‌സിന്റെ X-മെൻ 2.0 ഇലക്ട്രിക് സ്‌കൂട്ടർ പണികഴിപ്പിച്ചിരിക്കുന്നത്. റൈഡറിന്റെ സൗകര്യത്തിനായി സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ സ്‌പ്രിംഗ്-ലോഡഡ് ഷോക്ക് അബ്‌സോർബറുകളുമാണ് കൊടുത്തിരിക്കുന്നത്.
ആൻ്റി-തെഫ്റ്റ് അലാറം, സെൻട്രൽ ലോക്കിംഗ്, റിവേഴ്സ് ഗിയർ, പാർക്കിംഗ് സ്വിച്ച്, ഓട്ടോ റിപ്പയർ സ്വിച്ച്, യുഎസ്ബി ചാർജർ, ഡിജിറ്റൽ ഡിസ്പ്ലേ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാലും സീലിയോയുടെ വൈദ്യുത വാഹനം സമ്പന്നമാണ്. X-മെൻ ഇവിയുടെ രണ്ട് ബാറ്ററി വേരിയന്റുകൾക്കും കമ്പനി ഒരു വർഷം അല്ലെങ്കിൽ 10,000 കിലോമീറ്റർ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത് എന്നതിനാൽ അക്കാര്യത്തിലും ആശങ്കയൊന്നും വേണ്ട.
2021-ൽ സ്ഥാപിതമായ സീലിയോ ഇബൈക്ക്‌സ് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. കമ്പനിക്ക് നിലവിൽ ഇന്ത്യയിലുടനീളം 256-ലധികം ഡീലർഷിപ്പുകളും 200,000-ത്തിലധികം ഉപഭോക്താക്കളുമുണ്ട്. 2025 മാർച്ചോടെ സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ ഡീലർഷിപ്പ് ശൃംഖല 400 ആയി വികസിപ്പിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








