വാങ്ങാൻ ഇനിയും മടിക്കണോ? ഈ ബൈക്കുകൾക്ക് കുറച്ചത് 48,000 രൂപയോളം, വേറാര് ചെയ്യും ഇതുപോലെ
പുതുവർഷമായതോടെ രാജ്യത്ത് വാഹനങ്ങൾക്കെല്ലാം വില കൂടുന്ന സമയമാണിത്. പുതിയൊരു കാറോ ബൈക്കോ സ്‌കൂട്ടറോ ഏത് വാങ്ങാനെത്തിയാലും പോയ വർഷത്തേക്കാൾ കൂടുതൽ പൈസ പോക്കറ്റിൽ നിന്നും ഇറക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. ഈ ട്രെൻഡ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലവിലുണ്ടെങ്കിലും ആളുകൾക്ക് അടിക്കടിയുള്ള വില പരിഷ്ക്കാരത്തോട് ഇതുവരെ പൊരുത്തപ്പെടാറായിട്ടില്ല.
പക്ഷേ വാഹന നിർമാണത്തിന്റെ ചെലവുകൾ കൂടുന്നതിനാൽ കമ്പനികൾക്ക് ഇക്കാര്യം ഒഴിവാക്കാനുമവാത്ത സാഹചര്യമാണ്. 2024 ജനുവരിയായതോടെ മോഡൽ നിരയിൽ വില പരിഷ്ക്കാരം പ്രഖ്യാപിച്ച് ബ്രാൻഡുകൾ മുന്നോട്ടു നീങ്ങുമ്പോൾ ഉപഭോക്താക്കളോടൊപ്പം നിൽക്കാൻ തീരുമാനമെടുത്തിരിക്കുകയാണ് ആദിശ്വർ ഓട്ടോ റൈഡ്സ് ഇന്ത്യയിലെത്തിച്ച ചൈനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ സോണ്ടസ്.

എങ്ങനെയാണെന്നോ... തങ്ങളുടെ മോഡൽ നിരയിലെ എല്ലാ മോട്ടോർസൈക്കിളുകളുടേയും വില കുറച്ചുകൊണ്ടാണ് സോണ്ടസ് മറ്റ് ബ്രാൻഡുകളെ ഞെട്ടിച്ചിരിക്കുന്നത്. കമ്പനി നിരയിലെ 350R, 350X, 350T, 350T ADV എന്നിവയെല്ലാം വിലയുടെ കാര്യത്തിൽ കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയാവുന്നത് ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ സഹായിക്കുമെന്നതിലും തർക്കമൊന്നുമില്ല. ഇനി സോണ്ടസ് ബൈക്കുകളുടെ പുതിയ വില എങ്ങനെയെന്ന് അറിയാം.
സോണ്ടസ് 350 R റോഡ്‌സ്റ്ററിനും 350X സ്‌പോർട്‌സ് ടൂററിനും 46,000 രൂപയുടെ വിലക്കുറവാണ് ലഭിച്ചിരിക്കുന്നത്. അങ്ങനെ 350R മോഡലിന് ഇപ്പോൾ 2.79 ലക്ഷം രൂപയും 350X പതിപ്പിന് 2.99 ലക്ഷം രൂപയുമാണ് പുതുക്കിയ എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത് സോണ്ടസ് 350T പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില 42,000 രൂപ കുറച്ച് 3.25 ലക്ഷം രൂപയാക്കി മാറ്റി.

എന്നാൽ ഏറ്റവും വലിയ വിലക്കുറവ് ലഭിച്ച സോണ്ടസ് ബൈക്ക് 350T ആണ്. അത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ 48,000 രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഈ വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇനി മുതൽ വെറും 2.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. ക്യുജെ മോട്ടോർസിന്റെ മോട്ടോർസൈക്കിളുകൾ ഉൾക്കൊള്ളുന്ന മോട്ടോവോൾട്ട് ഷോറൂമുകളിലുടനീളമാണ് സോണ്ടസ് മോഡലുകളുടെ വിൽപ്പനയും നടക്കുന്നത്.
സോണ്ടസ് ശ്രേണിയുടെ പുതിയ വിലകൾ ഫീച്ചർ റിച്ചായ പ്രീമിയം മോട്ടോർസൈക്കിൾ തിരയുന്ന ഉപഭോക്താക്കളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോണ്ടസ് 350R ഒരു സ്ട്രീറ്റ് നേക്കഡ് റോഡ്‌സ്റ്റർ മോഡലാണ്. 348 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്ന ബൈക്കിന് 9,500 ആർപിഎമ്മിൽ 38.8 bhp കരുത്തും 7,500 ആർപിഎമ്മിൽ 32.8 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇതിന് അഗ്രസീവ് സ്‌റ്റൈലിംഗ് ഉണ്ടെന്നത് കൂടാതെ ഫീച്ചറുകളാലും സമ്പന്നമാണ് സോണ്ടസ് 350R. ടിഎഫ്‌ടി ഡിസ്‌പ്ലേ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള നിരവധി സവിശേഷതകളാണ് ഇതിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. 350R-ന്റെ സ്‌പോർട്‌സ് ടൂറിംഗ് പതിപ്പാണ് സോണ്ടസ് 350X. ബോൾഡ് ലുക്കിംഗ് ഫ്രണ്ട് ഫെയറിംഗുള്ള ഇതിലും ഒരേ എഞ്ചിനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അപ്പാച്ചെ RTR 310, ടിവിഎസ് അപ്പാച്ചെ RR 310, കെടിഎം RC 200 എന്നിവയ്‌ക്കെതിരെയാണ് ഈ രണ്ട് ബൈക്കുകളും മാറ്റുരയ്ക്കുന്നത്. ഇനി 350T, 350T ADV എന്നിവ അടിസ്ഥാനപരമായ ടൂറർ മോഡലുകളാണ്. ട്യൂബ്‌ലെസ്, വയർ-സ്‌പോക്ക് അലോയ് വീലുകൾ വഴിയാണ് ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ. 38.8 bhp പവറിൽ 32.8 Nm torque വികസിപ്പിക്കുന്ന 348സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കുകൾക്ക് കരുത്തേകുന്നത്.

TFT ഡിസ്‌പ്ലേയിലെ മൊബൈൽ ഫോൺ മിററിംഗ് പോലെയുള്ള ഫീച്ചറുകളോടെയാണ് ഈ മോട്ടോർസൈക്കിളുകളെ സോണ്ടസ് പണിതിറക്കിയിരിക്കുന്നത്. കെടിഎം 250 അഡ്വഞ്ചർ, ബിഎംഡബ്ല്യു G 310 GS, റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ എന്നിവയ്‌ക്കെതിരെയാണ് സോണ്ടസ് 350T, 350T എഡിവി എന്നിവ മത്സരിക്കുന്നത്.


Click it and Unblock the Notifications








