ആക്‌സിലറേറ്റർ തിരിക്കാതെ ഓടിക്കാം, ഇലക്‌ട്രിക് സ്‌കൂട്ടറിൽ പുത്തൻ ഫീച്ചർ ഒരുക്കി ഏഥർ; വില പഴയത് തന്നെ
ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയെ ഇന്നുകാണുന്ന നിലയിലേക്ക് കൈപിടിച്ചുയർത്തിയവരിൽ പ്രധാനിയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഥർ എനർജി. യുവാക്കൾക്കിടയിൽ ബ്രാൻഡ് നേടിയെടുത്ത തരംഗം ചെറുതൊന്നുമായിരുന്നില്ലെന്ന് വേണം പറയാൻ. പരീക്ഷണങ്ങളിലൂടെ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയെ അതിവേഗം ഏഥർ കീഴടക്കി. ഇന്ന് ബജാജിനും ടിവിഎസിനും പിന്നിലാണ് സ്ഥാനമെങ്കിലും മുന്നേറാനുള്ള നിരന്തര പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 2025 ഏഥർ കമ്മ്യൂണിറ്റി ഡേയിയിൽ പുതിയ കൺസെപ്റ്റ് മോഡലുകൾ അവതരിപ്പിച്ച് ഇവി വിപണിയെ ഞെട്ടിക്കാനും ബ്രാൻഡിനായിട്ടുണ്ട്. ഇതോടൊപ്പം നിലവിലുള്ള സ്‌കൂട്ടറുകളിലേക്കുള്ള നവീകരണവും കമ്പനി പരിചയപ്പെടുത്തുകയുണ്ടായി.
ഏഥർ എനർജി നിരയിലെ ഹൈ പെർഫോമൻസ് ഇലക്‌ട്രിക് സ്‌കൂട്ടറായ 450 അപെക്‌സിനെ കമ്പനിയിപ്പോൾ ക്രൂയിസ് കൺട്രോൾ ഫീച്ചർ ഉപയോഗിച്ച് നവീകരിച്ചിരിക്കുകയാണ്. 'ഇൻഫിനിറ്റ് ക്രൂയിസ്' എന്ന പേരിൽ അറിയപ്പെടുന്ന സവിശേഷത ഇനി മുതൽ വിൽക്കുന്ന എല്ലാ മോഡലുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി ഇടംപിടിക്കുമെന്നാണ് കമ്പനി പറയുന്നത്. നേരത്തെ വാങ്ങിയവരും നിരാശപ്പെടേണ്ടതില്ലെന്നും കമ്പനി പറയുന്നു.

അതായത് ഈ വർഷം 450 അപെക്സ് വാങ്ങിയ ഉപഭോക്താക്കൾക്ക് ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റ് വഴി ക്രൂയിസ് കൺട്രോൾ ലഭിക്കും. ഏഥറിന്റെ ഇൻഫിനിറ്റ് ക്രൂയിസിൽ സിറ്റി ക്രൂയിസ്, ഹിൽ ക്രൂയിസ്, ക്രാൾ കൺട്രോൾ എന്നിങ്ങനെ മൂന്ന് പ്രധാന പ്രവർത്തനങ്ങളാണ് ഉൾപ്പെടുന്നത്. ഇവ ഓരോന്നും വ്യത്യസ്ത തരം റൈഡിംഗ് കൈകാര്യം ചെയ്യുന്നതിനായാണ് ബ്രാൻഡ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഇതിൽ സിറ്റി ക്രൂയിസ് നിരപ്പായ റോഡുകളിൽ സ്ഥിരമായ വേഗത നിലനിർത്തും. അതേസമയം ഹിൽ ക്രൂയിസ് കയറ്റങ്ങളിലും ഇറക്കത്തിലും ആക്‌സിലറേറ്റർ പ്രവർത്തിപ്പിക്കാതെ തന്നെ സ്‌കൂട്ടർ ഉപയോഗിക്കുന്നതിനാണ് സഹായിക്കുക. അപെക്‌സിന് മാത്രമുള്ള ക്രാൾ കൺട്രോൾ സ്‌കൂട്ടറിനെ 10 കിലോമീറ്റർ വരെ കുറഞ്ഞ വേഗതയിൽ നിലനിർത്താൻ അനുവദിക്കുന്നതാണ്. ഇത് ട്രാഫിക്കിലോ ഇടുങ്ങിയതും കുറഞ്ഞ വേഗതയുള്ളതുമായ സാഹചര്യങ്ങളിലുമാണ് പ്രായോഗികമാവുന്നത്.

പരമ്പരാഗത ക്രൂയിസ് കൺട്രോൾ സിസ്റ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്യത്യസ്ത സ്വിച്ചുകളെയോ മെനുകളെയോ ആശ്രയിക്കാതെ തന്നെ ഇൻഫിനിറ്റി ക്രൂയിസ് ഉപയോഗിക്കാനാവും. ക്രൂയിസ് കൺട്രോൾ ടോഗിൾ ചെയ്യാനായി റിവേഴ്‌സ് ബട്ടണും ഏഥർ കൊടുത്തിട്ടുണ്ട്. വേഗത മണിക്കൂറിൽ 10 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ സിംഗിൾ ടാപ്പിലൂടെ തന്നെ ഫീച്ചർ സജീവമാക്കാം. റൈഡർമാർക്ക് ഇഷ്ടപ്പെട്ട വേഗതയിൽ സെറ്റ് ചെയ്യാൻ കഴിയുമെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്.
പുതിയ ക്രൂയിസ് കൺട്രോൾ ഫീച്ചർ കൊടുത്തതല്ലാതെ ഏഥർ 450 അപെക്‌സിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും നൽകിയിട്ടില്ല. 7kW PMS ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3.7kWh ബാറ്ററി പായ്ക്കാണ് ഇവിയിലുള്ളത്. സിംഗിൾ ചാർജിൽ 157 കിലോമീറ്റർ റേഞ്ചാണ് ഇലക്ട്രിക് സ്‌കൂട്ടർ വാഗ്‌ദാനം ചെയ്യുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 9.39 bhp കരുത്തിൽ പരമാവധി 26 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന വിധത്തിലാണ് അപെക്‌സ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

ഏഥർ 450 അപെക്‌സിന് അഞ്ച് റൈഡ് മോഡുകളുമുണ്ട്. അതിൽ റാപ്പ് പ്ലസ് മോഡ് ഉപയോഗിക്കുകയാണെങ്കിൽ ഇലക്ട്രിക് സ്‌കൂട്ടറിന് പരമാവധി 100 കിലോമീറ്റർ വേഗത വരെ കൈവരിക്കാനാവും. അതേസമയം 0 മുതൽ 40 കിലോമീറ്റർ വരെ വേഗത 2.9 സെക്കൻഡിനുള്ളിൽ ഇവി കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും ഉള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഈ പുതിയ മോഡലിൽ കിട്ടും.
ഇ-സ്‌കൂട്ടറിൽ നെഗറ്റീവ് ത്രോട്ടിൽ ഇൻപുട്ടിനൊപ്പം റീജനറേറ്റീവ് ബ്രേക്കിംഗ് കൊണ്ടുവരുന്ന പുതിയ മാജിക് ട്വിസ്റ്റ് ഫീച്ചറും ഏഥർ 450 അപെക്‌സിനൊപ്പം ലഭ്യമാണ്. 2024 ജനുവരിയിൽ പുറത്തിറക്കിയ മോഡൽ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിഞ്ഞിട്ടുണ്ട്. 1.95 ലക്ഷം രൂപയാണ് ഏഥർ 450 അപെക്‌സിനായി മുടക്കേണ്ടി വരുന്ന നിലവിലെ എക്സ്ഷോറൂം വില. പുതിയ ക്രൂയിസ് കൺട്രോൾ ഫീച്ചർ ചേർത്തുവെങ്കിലും വിലയിൽ മാറ്റമില്ല.


Click it and Unblock the Notifications








