വൈബ്രേഷനില്ലാതെ ടൂർ പോവാം, ബുള്ളറ്റിനെ വെല്ലുവിളിച്ച് ബജാജിന്റെ 400 സിസി സ്പോർട്‌സ് ടൂറർ വരുന്നു
ടൂറിംഗിന്റെ കാര്യത്തിൽ റോയൽ എൻഫീൽഡിനെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട മോട്ടോർസൈക്കിളായിരുന്നു ബജാജ് ഡൊമിനാർ. ആദ്യ പരസ്യത്തിൽ തന്നെ ബുള്ളറ്റിനിട്ട് കൊട്ടുകൊടുത്തുകൊണ്ടാണ് രാജ്യത്തെ ബജറ്റ് ഫ്രണ്ട്ലി സ്പോർട് ടൂറർ വിഭാഗത്തിലേക്ക് ഡൊമി എത്തുന്നത്. തുടക്കകാലത്ത് വലിയ തരംഗമാവാനും സാധിച്ചിരുന്നുവെങ്കിലും കാലംമാറിയപ്പോൾ ബുള്ളറ്റിന്റെ വിപണി കുതിച്ചുയർന്നതല്ലാതെ ഡൊമിനാറിന് കാര്യമായ ചലനങ്ങളൊന്നും സൃഷ്‌ടിക്കാനായില്ലെന്നതാണ് സത്യം. പിന്നെ മോഡേൺ ബൈക്കുകളുടെ വരവോടെ ഡൊമിയുടെ പ്രതാപമെല്ലാം നഷ്‌ടപ്പെടുകയും ചെയ്‌തു. ഇപ്പോഴിതാ വീണ്ടും യൂത്തൻമാർക്കിടയിൽ ട്രെൻഡാവാനായി ഡൊമിനാറിന്റെ പുതിയ മോഡലുമായി എത്തുകയാണ് പൾസർ മുതലാളിയായ ബജാജ്.
ഇതിന്റെ സൂചന നൽകുന്ന ടീസർ ചിത്രങ്ങളും ബജാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 2016-ൽ ആദ്യമായി പുറത്തിറങ്ങിയ ഡൊമിയുടെ തലമുറ മാറ്റമാവുമോ ഇതെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 400 സിസി മോട്ടോർബൈക്കുകളിൽ ഒന്നായ ഡൊമിനാറിന്റെ വരവ് റോൽ എൻഫീൽഡിന് പണിയാവുമോയെന്നതും കണ്ടറിയണം.

പുതിയതും വരാനിരിക്കുന്നതുമായ 2025 ബജാജ് ഡൊമിനാർ അടുത്തിടെ ഡീലർഷിപ്പുകളിൽ എത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതായത് ലോഞ്ചും ഡെലിവറികളും ഉടൻ നടക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്. 400 സിസിക്ക് പുറമെ ഡൊമിനാറിന്റെ 250 സിസി മോഡലും പരിഷ്ക്കാരങ്ങളോടെ ഇത്തവണ വിപണിയിലെത്തുമെന്നും ടീസറിലൂടെ ബജാജ് പറയാതെ പറഞ്ഞിട്ടുണ്ട്.
ഡൊമിനാർ 250 മോഡലിനെക്കുറിച്ചുള്ള ഹാഷ്‌ടാഗ് പോസ്റ്റിൽ ഉൾപ്പെടുത്തിയതാണ് ഈയൊരു അനുമാനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന കാര്യം. ഡിസൈനിലോ അടിസ്ഥാന രൂപത്തിലോ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ലെങ്കിലും കൂടുതൽ ഫീച്ചറുകളും പുതിയ ഗ്രാഫിക്‌സുമെല്ലാം അവതരിപ്പിച്ച് മോഡേൺ ആവാനുള്ള ശ്രമങ്ങളായിരിക്കും ഇത്തവണ ബജാജിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നത്.
2025 ബജാജ് ഡൊമിനാർ 400 സ്പോർട്‌സ് ടൂററിന് ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കും. പൾസർ NS400Z മോഡലിൽ അരങ്ങേറ്റം കുറിച്ച അതേ യൂണിറ്റാവും ഇതെന്നാണ് വിവരം. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ പോലുള്ള ഫീച്ചറുകളായിരിക്കും മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുക. കൂടാതെ മറ്റ് ധാരാളം വിവരങ്ങളും ക്ലസ്റ്റിൽ പ്രദർശിപ്പിക്കും.
ഡിസ്പ്ലേയെ പിന്തുണയ്ക്കുന്നതിനായി ബജാജിന് സ്വിച്ച് ഗിയറും മാറ്റേണ്ടിവരും. കൂടാതെ ഹസാർഡ് ലൈറ്റുകൾക്കും ഒരു ഡെഡിക്കേറ്റഡ് ബട്ടൺ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ചതോടെ, ഫ്യുവൽ ടാങ്കിൽ സ്ഥാപിച്ചിരുന്ന ചെറിയ ഡിസ്പ്ലേ ബജാജ് നീക്കം ചെയ്‌തിട്ടുമുണ്ടെന്നാണ് വിവരം. എബിഎസ് മോഡുകളും ട്രാക്ഷൻ കൺട്രോളും സ്പോർട്‍സ് ടൂററിലേക്ക് എത്തുന്നതോടെ സംഗതി കൂടുതൽ കളറാവും.

ഈ ഫീച്ചറുകൾ എത്തുന്നതിന്റെ ഭാഗമായി ഇപ്പോൾ റൈഡ്-ബൈ-വയറും 2025 ബജാജ് ഡൊമിനാർ 400 സിസിയിൽ വാഗ്‌ദാനം ചെയ്യും. മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനായി യുഎസ്ബി പോർട്ടും കൂടുതൽ സൌകര്യത്തിനായി അഡ്‌ജസ്റ്റബിൾ ലിവറുകളും ബജാജ് ഒരുക്കുന്നുണ്ട്. പിന്നെ ബൈക്കിന്റെ ടൂറിംഗ് ശേഷി വർധിപ്പിക്കാനായി ടൂറിംഗ് ആക്‌സസറികളും കമ്പനി നൽകും.
വിൻഡ്‌ബ്ലാസ്റ്റിൽ നിന്ന് റൈഡറെ സംരക്ഷിക്കാൻ ഡൊമിനാർ 400 ഒരു വലിയ വിൻഡ്‌സ്‌ക്രീനുമായാവും വരിക. ഒപ്പം റൈഡറിന് നക്കിൾ ഗാർഡുകളും എഞ്ചിനെ സംരക്ഷിക്കാൻ ഒരു ബാഷ് പ്ലേറ്റും വരെ ബജാജ് കൊടുത്തിട്ടുണ്ടാവും. ഇതിനുപുറമെ ബ്രാൻഡ് പില്യൺ ബാക്ക്‌റെസ്റ്റും ലഗേജിനായി സാഡിൽ സ്റ്റേകളും ചേർക്കുകയും ചെയ്യും. ഈ കൂട്ടിച്ചേർക്കലുകളോടെ റൈഡർമാർ ഇനി ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ വാങ്ങേണ്ടി വരില്ല.

നിലവിലെ മോഡലിലുള്ള അതേ 373.3 സിസി എഞ്ചിനാണ് 2025 ഡൊമിനാർ 400 മോഡലിനും തുടിപ്പേകാൻ എത്തുക. ബജാജ് ഈ എഞ്ചിനെ ഏറ്റവും പുതിയ OBD-2B എമിഷൻ മാനദണ്ഡങ്ങൾ ഉപയോഗിച്ച് നവീകരിക്കുമെന്ന് ഉറപ്പാണ്. എങ്കിലും പെർഫോമൻസ് കണക്കുകളിലൊന്നും മാറ്റമുണ്ടാവാൻ സാധ്യതയില്ല. 6-സ്പീഡ് ഗിയർബോക്‌സുമായി വരുന്ന എഞ്ചിന് 39.42 bhp കരുത്തിൽ പരമാവധി 35 Nm ടോർക്ക് വരെ നൽകാനാവും.


Click it and Unblock the Notifications








