ഈ സൂപ്പർബൈക്കും ഇനി E20 പെട്രോളിൽ ഓടും, അന്യായ മാറ്റങ്ങളുമായി പുത്തൻ ഡ്യുക്കാട്ടി സ്ട്രീറ്റ്‌ഫൈറ്റർ V4
മോട്ടോർസൈക്കിൾ പ്രേമികളുടെ ഡ്രീം ബൈക്കുകൾ പുറത്തിറക്കുന്നവരാണ് ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി. ജീവിതത്തിൽ ഒരുതവണയെങ്കിലും ഈയൊരു ബ്രാൻഡിന്റെ ഏതെങ്കിലും ഒരു മോഡൽ സ്വന്തമാക്കണമെന്ന് സ്വപ്‌നം കാണാത്തവരുണ്ടാവില്ല. ഇയൊരു സ്വപ്‌നം പൂവണിയിക്കാനായി ലോട്ടറി വരെ എടുക്കുന്നവരുണ്ടാവാം നമുക്കിടയിൽ. അങ്ങനെ ഡ്യുക്കാട്ടിയെ പകൽക്കിനാവ് കണ്ടിരിക്കുന്നവർക്ക് മുന്നിലേക്കായി കമ്പനിയിതാ ഏറ്റവും പുതിയ 2025 സ്ട്രീറ്റ്‌ഫൈറ്റർ V4 ശ്രേണി ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്. കൂടുതൽ കരുത്തും മികച്ച ഇലക്ട്രോണിക്‌സും ഉൾപ്പെടുത്തിയാണ് പുത്തൻ സീരീസ് വിപണിയിലെത്തിച്ചിരിക്കുന്നത്. V4, V4 S എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ മോഡൽ സ്വന്തമാക്കാനുമാവും.
ഇതിൽ 2025 ഡ്യുക്കാട്ടി സ്ട്രീറ്റ്‌ഫൈറ്റർ V4 പതിപ്പിന് 28,68,600 രൂപയും ഡ്യുക്കാട്ടി റെഡിലുള്ള സ്ട്രീറ്റ്‌ഫൈറ്റർ V4 S വേരിയന്റിന് 32,38,400 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. പുത്തൻ മോഡലുകൾക്കായുള്ള ഡെലിവറി ഇന്ന് മുതൽ ആരംഭിക്കുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ അടിസ്ഥാന രൂപം ഒന്നാണെങ്കിലും അല്ലറചില്ലറ മിനുക്ക് പണികൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്.

പുതിയ ഫുൾ-എൽഇഡി ഹെഡ്‌ലാമ്പ് സ്ട്രീറ്റ്‌ഫൈറ്ററിന്റെ ഷാർപ്പ് ലുക്കിംഗ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ബ്രേക്ക് ലൈറ്റിലെ സ്പ്ലിറ്റ് 'ഡബിൾ സി' സിഗ്നേച്ചറും അടിപൊളിയാണ്. ബൈപ്ലെയിൻ വിംഗുകൾ ഇപ്പോൾ കൂടുതൽ ഭംഗിയായി സംയോജിപ്പിച്ചിട്ടുമുണ്ട്. 16 ലിറ്റർ ഫ്യുവൽ ടാങ്കാണ് ഡ്യുക്കാട്ടിയുടെ മോട്ടോർസൈക്കിളിൽ ഒരുക്കിയിരിക്കുന്നത്. സീറ്റും ചെറുതായൊന്ന് റീഡിസൈൻ ചെയ്‌താണ് ഇത്തവണ എത്തിയിരിക്കുന്നത്.
ഹാൻഡിൽബാർ റൈഡറിലേക്ക് 10 മില്ലീമീറ്റർ അടുപ്പിച്ചിട്ടുണ്ട്. ഫുട്‌പെഗുകൾ താഴ്ത്തി മുന്നോട്ട് നീക്കിയതും റൈഡിംഗ് കൂടുതൽ കിടിലമാക്കും. ഇലക്ട്രോണിക്സിലാണ് കൂടുതൽ മെച്ചപ്പെടുത്തലുകൾ കാണാനാവുക. സിക്‌സ്-ആക്സിസ് IMU-വിനൊപ്പം ട്രാക്ഷൻ, വീലി, സ്ലൈഡ്, ലോഞ്ച് കൺട്രോൾ എന്നിവ പരിഷ്ക്കരിക്കുന്നതിന് വെഹിക്കിൾ ഒബ്സർവർ (DVO) ലോജിക്കും ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ ശ്രേണിയിലേക്ക് കൊണ്ടുവന്നിട്ടുണ്ടേ.

DQS 2.0 ക്വിക്ക്ഷിഫ്റ്ററിൽ ക്ലീനർ ഷിഫ്റ്റുകൾക്കായി മെക്കാനിക്കൽ അപ്‌ഡേറ്റുകൾ വരുത്തിയിട്ടുണ്ടെന്നും ഡ്യുക്കാട്ടി അവകാശപ്പെടുന്നു. എഞ്ചിൻ ബ്രേക്ക് കൺട്രോളിൽ മികച്ച ട്യൂണിംഗിനായി കൂടുതൽ ഹെഡ്‌റൂം ഉണ്ട്. റേസ്, സ്‌പോർട്, റോഡ്, വെറ്റ് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് 2025 മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇടത് സ്വിച്ച് ഗിയറിലെ ക്വിക്ക്-ചേഞ്ച് ബട്ടണുകൾ റൈഡർമാരെ യാത്രയിൽ DTC, DWC, DSC, EBC എന്നിവ ക്രമീകരിക്കാൻ അനുവദിക്കുന്നു.
പുതിയ 6.9 ഇഞ്ച് ഫുൾ TFT ഡിസ്‌പ്ലേയാണ് 2025 ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4 സീരീസിൽ ഒരുക്കിയിരിക്കുന്നത്. യൂറോ5+, E20 ഇന്ധനക്ഷമതയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്ന 1,103 സിസി ഡെസ്മോസെഡിസി സ്ട്രാഡെയ്ൽ V4 എഞ്ചാണ് സൂപ്പർബൈക്കിന്റെ ഹൃദയം. ഇത് 13,500 ആർപിഎമ്മിൽ 212 bhp കരുത്തും 11,250 ആർപിഎമ്മിൽ 120 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മികച്ച റെസ്പോൺസിനായി ക്യാം പ്രൊഫൈലുകളും ലിഫ്റ്റും പരിഷ്ക്കരിച്ചിട്ടുണ്ടെന്ന് ഡ്യുക്കാട്ടി പറയുന്നു. എഞ്ചിൻ അതിന്റെ കൌണ്ടർ-റൊട്ടേറ്റിംഗ് ക്രാങ്കും പരിചിതമായ "ട്വിൻ പൾസ്" ഫയറിംഗ് ഓർഡറും നിലനിർത്തിയാണ് വരുന്നത്. 224 bhp കരുത്തിലേക്ക് പവർ ഉയർത്തുന്ന ഓപ്ഷണൽ അക്രപോവിക് സിസ്റ്റവും 2025 ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4 സീരീസിന്റെ പ്രത്യേകതയാണ്. V4 പതിപ്പിന് 191 കിലോഗ്രാമും V4 S മോഡലിന് 189 കിലോഗ്രാമുമാണ് ഭാരം വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








