ഫുൾടാങ്ക് പെട്രോളിൽ 686 കി.മീ. ഓടിക്കാം, ഏവരും കൊതിച്ചിരുന്ന ആ മാറ്റവുമായി സ്പ്ലെൻഡർ പ്ലസ് വിപണിയിലേക്ക്
ഇലക്‌ട്രിക് സ്‌കൂട്ടറുകൾ അരങ്ങുവാഴുന്ന ഇക്കാലത്ത് പോലും ഒരു ബൈക്കിന്റെ ലക്ഷക്കണത്തിന് യൂണിറ്റുകളാണ് ഓരോ മാസവും വിറ്റഴിയുന്നതെന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാനാവുമോ? മറ്റേതുമല്ല, മോട്ടോർസൈക്കിളുകളിലെ പുലിക്കുട്ടനായ ഹീറോ സ്പ്ലെൻഡർ (Hero Spelndor) വാങ്ങാനാണ് ആളുകൾ തടിച്ചുകൂടുന്നത്. ആധുനിക കാലത്തിനൊത്ത് മാറാൻ ഈ ഇതിഹാസത്തിനായിട്ടുണ്ടെന്നതാണ് ഇത്രയും വലിയ വിജയമായി നിലനിൽക്കാൻ കാരണമാവുന്നത്. ഇനി 2025 മോഡൽ ഇയർ പരിഷ്ക്കാരം കൂടി കമ്മ്യൂട്ടർ ബൈക്കിലേക്ക് എത്താനിരിക്കുകയാണ്. അധികം വൈകാതെ നിരത്തിലേക്ക് ഓടിയിറങ്ങാൻ പോവുന്ന സ്പ്ലെൻഡർ പ്ലസിന് ഇടിവെട്ടായൊരു മാറ്റം കൂടി ഉണ്ടാവുമെന്നാണ് വിവരം.
ബ്രേക്കിംഗ് പ്രകടനം മെച്ചപ്പെടുത്തുന്ന ഒരു പ്രധാന നവീകരണവുമായിട്ടായിരിക്കും 2025 ഹീറോ സപ്ലെൻഡർ പ്ലസ് വിപണനത്തിന് എത്തുക. മറ്റൊന്നുമല്ല, ബൈക്കിലേക്ക് പുതിയ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് കമ്പനി അവതരിപ്പിക്കും. ഇതൊരു 240 mm യൂണിറ്റായിരിക്കുമെന്നാണ് സൂചന. നിലവിലുള്ള ഡ്രം ബ്രേക്ക് സജ്ജീകരണത്തേക്കാൾ മെച്ചപ്പെട്ട ബ്രേക്കിംഗ് നൽകാൻ ഇതോടെ മോട്ടോർസൈക്കിളിനാവും.

ഫ്രണ്ട് ഡിസ്ക്കിനൊപ്പം പിന്നിൽ സാധാരണ 130 mm ഡ്രം ബ്രേക്കുകളുമായിരിക്കും ഇടംപിടിക്കുക. അധിക സുരക്ഷക്കായി കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും (CBS) ബൈക്കിൽ തുടർന്നും വാഗ്‌ദാനം ചെയ്യും. സ്പ്ലെൻഡർ പ്ലസിന്റെ XTEC വേരിയന്റിലായിരിക്കും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം അവതരിപ്പിക്കുക. പുതിയ സ്പ്ലെൻഡർ പ്ലസിനായി ഹീറോ പുതിയ കളർ ഓപ്ഷനുകളും കൊണ്ടുവരും.
അതിൽ 2000-കളുടെ ആദ്യകാല മോഡലിന് ആദരവ് അർപ്പിക്കുന്ന കാൻഡി റെഡ് നിറവും ഉൾപ്പെടുമെന്നതാണ് രസകരമായ സംഗതി. കൂടാതെ പുതിയൊരു മാറ്റ് ആക്സിസ് ഗ്രേ ഓപ്ഷനും കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ രാജാവിലേക്ക് വന്നെത്തും. ഇത്തരം പരിഷ്ക്കാരങ്ങൾ സ്പ്ലെൻഡറിന്റെ ആകർഷണം വർധിപ്പിക്കാനും ബൈക്കിലേക്ക് പുതുമ കൊണ്ടുവരാനും ഹീറോ മോട്ടോകോർപിനെ സഹായിക്കും.

ഇത്തരം നവീകരണങ്ങൾ മാറ്റിനിർത്തിയാൽ ബൈക്ക് നിലവിലുണ്ടായിരുന്ന മോഡലിന് സമാനമായിരിക്കും. പരിചിതമായ 97.2 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിൻ തന്നെയായിരിക്കും 2025 ഹീറോ സ്പ്ലെൻഡർ പ്ലസിന് തുടിപ്പേകാൻ എത്തുക. 4-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8.02 bhp കരുത്തിൽ പരമാവധി 8.05 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനുമാവും.
ഈ 97.2 സിസി എഞ്ചിൻ ഏറ്റവും പുതിയ OBD2B കംപ്ലയന്റ് മാനദണ്ഡങ്ങൾ പാലിച്ചിയാരിക്കും വിപണിയിലെത്തുക. ഇത് മികച്ച മലിനീകരണ നിയന്ത്രണം ഉറപ്പാക്കുകയും ചെയ്യും. 9.8 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്ക് ശേഷിയുള്ള ഹീറോ സ്പ്ലെൻഡർ പ്ലസിന് ഒരു ലിറ്റർ പെട്രോളിന് 70 കിലോമീറ്റർ മൈലേജാണ് നൽകാനാവുക. അതായത് ഫുൾടാങ്ക് പെട്രോളുണ്ടെങ്കിൽ ബൈക്കിന് 686 കിലോമീറ്ററോളും സഞ്ചരിക്കാനാവുമെന്ന് ചുരുക്കം.

ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളും ഹീറോ സ്പ്ലെൻഡർ പ്ലസ് നിലനിർത്തും. നിലവിൽ ബൈക്ക് മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാവുന്നത്. ഇവയ്ക്ക് 77,176 രൂപ മുതൽ 80,000 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
പുതിയ മോഡൽ ഇയർ പരിഷ്ക്കാരത്തോടെ വിലയിൽ ചെറിയ വർധനവ് പ്രതീക്ഷിക്കാം. ടിവിഎസ് റേഡിയോൺ, ബജാജ് പ്ലാറ്റിന, ഹോണ്ട ഷൈൻ 100 തുടങ്ങിയ വമ്പൻമാരുമായാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഹീറോ സ്പ്ലെൻഡർ പ്ലസ് മത്സരിക്കുന്നത്. വിശ്വാസ്യത, മൈലേജ്, നല്ല റീസെയിൽ വാല്യു എന്നിവയുടെ കാര്യത്തിൽ ഹീറോയുടെ ഗുലാനെ വെല്ലാൻ ഇവർക്കാർക്കും കഴിയില്ലെന്നതാണ് രസകരമായ കാര്യം. ഒരു ഡിസ്ക് ബ്രേക്കും പുതിയ കളർ ഓപ്ഷനുകളും സ്കീമുകളും ചേർക്കുന്നത് മോഡലിന് കരുത്താകും.


Click it and Unblock the Notifications








