79,096 രൂപയേയുള്ളൂ, ഫുൾടാങ്ക് പെട്രോളിൽ 686 കി.മീ. മൈലേജുള്ള പുത്തൻ സ്പ്ലെൻഡറുമായി ഹീറോ; വാങ്ങുന്നോ
ലോകമെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളാണ് ഹീറോ സ്പ്ലെൻഡർ (Hero Splendor). ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത ഇതിഹാസം ആധുനിക കാലത്തിനൊത്ത് രൂപവും ഭാവവും മാറാൻ ശ്രമിക്കാനും മറക്കാറില്ല. ഓഫീസിലേക്കുള്ള യാത്രക്കായാലും നാട്ടിലൂടെ കറങ്ങാനായാലും ബെസ്റ്റാണ് സ്പ്ലെൻഡർ. കുറഞ്ഞ വിലയും പോക്കറ്റിൽ ഒതുങ്ങുന്ന മെയിന്റനെൻസും ഉയർന്ന മൈലേജുമെല്ലാം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ വരെ നാണിപ്പിക്കുന്നതാണ്. ഇപ്പോഴിതാ കമ്മ്യൂട്ടർ ബൈക്കിന്റെ (Commuter Motorcycle) പുതിയ 2025 മോഡൽ പുറത്തിറക്കി എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ടൂവീലർ നിർമാതാക്കൾ.
സ്പ്ലെൻഡർ പ്ലസ്, സ്പ്ലെൻഡർ പ്ലസ് XTEC, സ്പ്ലെൻഡർ പ്ലസ് XTEC 2.0 എന്നിവ മോഡലുകളേയാണ് പുതുക്കിപണിത് ഹീറോ മോട്ടോകോർപ് പുറത്തിറക്കിയിരിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് ചെറിയ പരിഷ്ക്കാരങ്ങൾ മാത്രമാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളിൽ അവതരിപ്പിച്ചിരിക്കുന്നത്. വിശ്വാസ്യത, മൈലേജ്, നല്ല റീസെയിൽ വാല്യു എന്നിവയുടെ കാര്യത്തിൽ ഹീറോയുടെ ഗുലാനെ വെല്ലാൻ പകരക്കാരനില്ല.

ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ പോക്കറ്റിന് ഇണങ്ങുന്ന വിധത്തിലാണ് അതും ഹീറോ നിശ്ചയിച്ചിരിക്കുന്നതു കേട്ടോ. ബേസ് വേരിയന്റിനായ സ്പ്ലെൻഡർ പ്ലസ് ഡ്രമ്മിന് 79,096 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതേസമയം സ്പ്ലെൻഡർ പ്ലസ് i3S പതിപ്പിന് 80,066 രൂപയാണ് എക്സ്ഷോറൂം വില. സ്പ്ലെൻഡർ+ പ്ലസ് i3S ബ്ലാക്ക്, ആക്സന്റ് നിറങ്ങൾക്കും വില സമാനമാണ്. സ്പ്ലെൻഡർ പ്ലസ് XTEC ഡ്രമ്മിന് 82,751 രൂപയാണ് ചെലവാക്കേണ്ടത്.
സ്പ്ലെൻഡർ പ്ലസ് XTEC ഡിസ്ക്കാണെങ്കിൽ 85,001 രൂപയും XTEC 2.0 പതിപ്പിന് 85,001 രൂപയും പോക്കറ്റിൽ നിന്നും ഇറക്കേണ്ടതായി വരും. 2024 മോഡൽ പതിപ്പുകളിൽ നിന്ന് 2025 മോഡലുകളെ വേർതിരിച്ചറിയാൻ ബോഡി പാനലുകളിൽ പുതിയ ഗ്രാഫിക്‌സും ഹീറോ അവതരിപ്പിച്ചിട്ടുണ്ട്. സ്പ്ലെൻഡർ പ്ലസിന്റെ വകഭേദത്തെ ആശ്രയിച്ച് ഹീറോ വ്യത്യസ്‌തമായ നിറങ്ങളും ഗ്രാഫിക്‌സുമാണ് വാഗ്ദാനം ചെയ്യുന്നത്.

ചില വകഭേദങ്ങളിൽ പ്രായോഗികത വർധിപ്പിക്കാനായി ഒരു റിയർ ലഗേജ് റാക്കും ഹീറോ മോട്ടോകോർപ് ഒരുക്കിയിട്ടുണ്ട്. എഞ്ചിന്റെ കാര്യത്തിലാണ് 2025 മോഡലുകൾക്ക് പ്രധാന നവീകരണം ലഭിക്കുക. 2025 ഏപ്രിൽ ഒന്നിന് ശേഷം വിൽക്കുന്ന എല്ലാ വാഹനങ്ങളിലും കേന്ദ്ര സർക്കാർ നിർബന്ധമാക്കിയ കൂടുതൽ കർശനമായ ബിഎസ്-VI OBD-2B എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഹൃദയം മാറ്റിവെച്ചിട്ടുണ്ട് കമ്പനി.
ഈ എഞ്ചിൻ 97.2 സിസി ശേഷിയുള്ള ഒരു ലളിതമായ എയർ-കൂൾഡ് സിംഗിൾ-സിലിണ്ടർ SOHC 2V/സിലിണ്ടർ യൂണിറ്റാണ്. ഈ എഞ്ചിന് 7.91 bhp പവറിൽ പരമാവധി 8.05 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 4-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 9.8 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്ക് ശേഷിയുള്ള ഹീറോ സ്പ്ലെൻഡർ പ്ലസിന് ഒരു ലിറ്റർ പെട്രോളിന് 70 കിലോമീറ്റർ മൈലേജാണ് നൽകാനാവുക.

അതായത് ഫുൾടാങ്ക് പെട്രോളുണ്ടെങ്കിൽ ബൈക്കിന് 686 കിലോമീറ്ററോളും സഞ്ചരിക്കാനാവുമെന്ന് ചുരുക്കം. വേരിയന്റിനെ ആശ്രയിച്ച് 2025 ഹീറോ സ്പ്ലെൻഡർ പ്ലസിന്റെ ഫീച്ചറുകളിലേക്ക് നോക്കിയാൽ ഡിസ്ക് ബ്രേക്ക്, എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്മാർട്ട്‌ഫോൺ ആപ്പ് പിന്തുണ എന്നിവ ഉൾക്കൊള്ളുന്ന പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻഗാമിക്ക് സമാനമായി തന്നെയാണ് കമ്മ്യൂട്ടർ ബൈക്ക് തുടരുന്നത്. സ്പ്ലെൻഡർ പ്ലസിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് ഹീറോ ഒരുക്കിയിരിക്കുന്നത്. ടിവിഎസ് റേഡിയോൺ, ബജാജ് പ്ലാറ്റിന, ഹോണ്ട ഷൈൻ 100 തുടങ്ങിയ വമ്പൻമാരുമായാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഹീറോ സ്പ്ലെൻഡർ പ്ലസ് മത്സരിക്കുന്നത്.


Click it and Unblock the Notifications








