ഇവി സൈഡിലേക്ക് മാറിനിൽക്ക്! 69 കീ.മീ. മൈലേജുള്ള പുത്തൻ ബൈക്ക് 88,128 രൂപയ്ക്ക് പുറത്തിറക്കി ഹീറോ
കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ മോട്ടോർസൈക്കിളുകളെ എല്ലാം നവീകരിക്കുന്ന തിരക്കിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡർ പ്ലസ്, പാഷൻ പ്രോ, ഗ്ലാമർ തുടങ്ങിയ കമ്മ്യൂട്ടർ ബൈക്കുകളെല്ലാം പുതിയ ചട്ടങ്ങൾക്ക് അനുസരിച്ച് പുതുക്കിപ്പണിത കമ്പനി തങ്ങളുടെ നിരയിലെ അണ്ടർറേറ്റഡ് 125 സിസി മോഡലിന് കൂടി 2025 പരിഷ്ക്കാരങ്ങൾ സമ്മാനിച്ചിരിക്കുകയാണ്. ഹീറോ സൂപ്പർ സ്പ്ലെൻഡർ XTEC ഇനി പുതുക്കിയ എഞ്ചിനോടെയാവും വിപണിയിൽ എത്തുക. ഒപ്പം വിലയിലും 2,000 രൂപയുടെ വർധനവും ബ്രാൻഡ് നടപ്പിലാക്കിയിട്ടുണ്ട്.
ഇനി വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 2025 ഹീറോ സൂപ്പർ സ്പ്ലെൻഡർ XTEC ഡ്രം ബ്രേക്ക് വേരിയന്റിന് 88,128 രൂപയാണ് ഇപ്പോൾ പ്രാരംഭ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതേസമയം മോട്ടോർസൈക്കിളിന്റെ ഡിസ്‌ക് ബ്രേക്ക് OBD-2B പതിപ്പിന് 92,028 രൂപയുമാണ് വില വരിക. ബൈക്കിന്റെ മുമ്പത്തെ 2024 മോഡലുകൾക്ക് യഥാക്രമം 86,128 രൂപയും 90,028 രൂപയുമാണ് മുടക്കേണ്ടി വന്നിരുന്നത്.

അതായത് മുകളിൽ പറഞ്ഞതുപോലെ 2025 സൂപ്പർ സ്പ്ലെൻഡറിന്റെ അതത് വേരിയന്റുകൾക്ക് 2,000 രൂപയുടെ വില വർധനവുണ്ടായിട്ടുണ്ടെന്ന് സാരം. OBD-2B മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മോട്ടോർസൈക്കിളിന്റെ എഞ്ചിനിൽ ചില മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും ബൈക്കിന്റെ പെർഫോമൻസിൽ മാറ്റമൊന്നുമില്ലെന്ന് ബ്രാൻഡ് പ്രത്യേകം പറയുന്നു. മുമ്പുണ്ടായിരുന്ന അതേ 124.7 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്.
5-സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 125 സിസി എഞ്ചിന് 10.7 bhp കരുത്തിൽ പരമാവധി 10.6 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സൂപ്പർ സ്പ്ലെൻഡർ XTEC ഒരു ലിറ്റർ പെട്രോളിൽ 69 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമെന്നും കമ്പനി പറയുന്നു. സ്റ്റോക്ക് തീരുന്നതുവരെ മോട്ടോർസൈക്കിളിന്റെ പഴയ 2024 മോഡലും കമ്പനി വിൽക്കുന്നത് തുടരും. ഇതിൽ ന്യായം ഓഫറുകൾ സ്വന്തമാക്കാനും ഇതുവഴി ഉപഭോക്താക്കൾക്ക് സാധിച്ചേക്കും.

മാറ്റ് ഗ്രേ, ബ്ലാക്ക്, കാൻഡി ബ്ലേസിംഗ് റെഡ്, മാറ്റ് നെക്സസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് സൂപ്പർ സ്പ്ലെൻഡർ XTEC സ്വന്തമാക്കാനാവുക. ഫ്രണ്ട് ഫെൻഡറിനും ഹെഡ്‌ലാമ്പ് കൗളിനും ബോഡി-കളർ പെയിന്റ് കൊടുത്തിരിക്കുന്നത് ആകർഷകമാണ്. ഫീച്ചറുകളുടെ കാര്യമെടുത്താലും കക്ഷി അടിപൊളിയാണെന്ന് വേണം പറയാൻ. മുടക്കുന്ന കാശ് വസൂലാക്കുന്ന എല്ലാത്തരം സവിശേഷതകളും ഹീറോ മോട്ടോകോർപ് ബൈക്കിൽ ഒരുക്കിയിട്ടുണ്ട്.
എൽഇഡി ഹെഡ്‌ലാമ്പ്, പൂർണ്ണ ഡിജിറ്റൽ സ്പീഡോമീറ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോൾ / എസ്എംഎസ് അലേർട്ടുകൾ തുടങ്ങിയ പ്രീമിയം സവിശേഷതകളും ബൈക്കിലുണ്ട്. പഴയ 2024 മോഡലിനെ അപേക്ഷിച്ച് ഫ്യുവൽ ടാങ്കിലും സൈഡ് പാനലുകളിലും വ്യത്യസ്തമായ ഗ്രാഫിക്സും വാഹനത്തിലുണ്ട്. ബജാജ് പൾസർ 125, ഹോണ്ട ഷൈൻ 125, SP 125, ടിവിഎസ് റൈഡർ തുടങ്ങിയ എതിരാളികളുമായിട്ടാണ് സെഗ്മെന്റിൽ ഹീറോ സൂപ്പർ സ്പ്ലെൻഡർ XTEC മത്സരിക്കുന്നത്.

അഡ്വാൻസ്‌ഡായ ഫ്യൂവൽ ഇഞ്ചക്ഷൻ (FI) സിസ്റ്റം, വെറ്റ് മൾട്ടി പ്ലേറ്റ് ക്ലച്ച് എന്നിവ സിറ്റി ട്രാഫിക്കിലും ഹൈവേകളിലും സ്പ്ലെൻഡറിലെ യാത്രാനുഭവം മെച്ചപ്പെടുത്തും. ബൈക്കിന്റെ സസ്പെൻഷൻ സജ്ജീകരണത്തിനായി മുന്നിൽ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഷോക്ക് അബ്‌സോർബറും പിന്നിൽ 5-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്ക് അബ്‌സോർബറുമാണ് ഹീറോ സമ്മാനിച്ചിരിക്കുന്നത്.
ഡിസ്‌ക് ബ്രേക്കിന്റെയും കോമ്പി ബ്രേക്കിംഗ് സിസ്റ്റത്തിന്റെയും (CBS) ഓപ്ഷൻ ബ്രേക്കിംഗിൽ വരുമ്പോൾ അക്കാര്യത്തിലും ആശങ്കകളൊന്നും വേണ്ട. രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമായ സ്പ്ലെൻഡർ നിരയിലെ 125 സിസി പതിപ്പ് ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. വിശ്വാസ്യത, കുറഞ്ഞ പ്രവർത്തനച്ചെലവ്, കരുത്തുറ്റതും എന്നാൽ ലക്ഷ്യബോധമുള്ളതുമായ രൂപകൽപ്പന എന്നിവയെല്ലാമാണ് ഇതിന്റെ പ്രത്യേകത.


Click it and Unblock the Notifications








