68,767 രൂപയ്ക്ക് 10 വർഷം വാറണ്ടിയുള്ള പുതിയ ബൈക്കുമായി ഹോണ്ട, കൂട്ടിന് 65 കിലോമീറ്റർ മൈലേജും
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഹീറോ സ്പ്ലെൻഡറിനോട് ഏറ്റുമുട്ടാൻ ഹോണ്ട പണികഴിപ്പിച്ച എൻട്രി ലെവൽ കമ്മ്യൂട്ടർ ബൈക്കാണ് ഷൈൻ 100. പേര് സൂചിപ്പിക്കുന്നത് പോലെ 100 സിസി എഞ്ചിനുമായി എത്തിയ കുഞ്ഞൻ മോഡലിനെ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എൻട്രി ലെവൽ സെഗ്മെന്റിൽ ഹീറോയെ വെല്ലാൻ ഹോണ്ടയ്ക്ക് ഇല്ലാതിരുന്ന ആയുധനം അങ്ങനെ കണ്ടെത്താനുമായി. ദിവസേനയുള്ള ചെറിയ യാത്രകൾക്ക് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ നൽകുന്ന സുഖസൗകര്യങ്ങളൊന്നും മറ്റ് വാഹനങ്ങൾക്ക് അവകാശപ്പെടാനാവില്ല. പ്രത്യേകിച്ച് മൈലേജ്. ഇവികൾ അരങ്ങുവാഴുന്നുണ്ടെങ്കിലും ഇത്തരം മോഡലുൾക്ക് രാജ്യത്ത് ഏറെ ആവശ്യക്കാരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അത്തരക്കാരെ കൂടുതൽ ആകർഷിക്കാനായിതാ ഹോണ്ട ഷൈൻ 100 മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ 2025 മോഡൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. OBD-2 നിലവാരത്തിലുള്ള പുത്തൻ എഞ്ചിൻ ചേർത്തതിന് പുറമെ പുതിയ കളർ ഓപ്ഷനുകളും ബൈക്കിലേക്ക് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഫുള്ളി-ലോഡഡ് വേരിയന്റിൽ മാത്രം ലഭ്യമാകുന്ന വാഹനം ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും ലഭ്യമാകും.

പുതുക്കിയ എഞ്ചിനുമായി വരുന്ന 2025 ഹോണ്ട ഷൈൻ 100 പതിപ്പിന് 68,767 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതായത് പഴയ മോഡലിനേക്കാൾ 1,867 രൂപ കൂടുതലാണ് മുടക്കേണ്ടി വരികയെന്ന് സാരം. ഹെഡ്‌ലാമ്പ് കൗൾ, ഫ്യുവൽ ടാങ്ക്, സൈഡ് ഫെയറിംഗ് എന്നിവയ്‌ക്കായി പുതിയ ഗ്രാഫിക്‌സ് അവതരിപ്പിച്ചിരിക്കുന്നതും അടിപൊളിയാണെന്ന് വേണം പറയാൻ.
ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകൾ, സിംഗിൾ-പീസ് സീറ്റ്, സ്ലീക്ക് മഫ്ലർ, അലുമിനിയം ഗ്രാബ് റെയിൽ, ഫ്രണ്ട് കൗൾ എന്നിവയാണ് ഹോണ്ട ഷൈനിനെ വേറിട്ടുനിർത്തുന്ന ചില ഡിസൈൻ ഹൈലൈറ്റുകൾ. ബ്ലാക്ക് വിത്ത് റെഡ്, ബ്ലാക്ക് വിത്ത് ബ്ലൂ, ബ്ലാക്ക് വിത്ത് ഓറഞ്ച്, ബ്ലാക്ക് വിത്ത് ഗ്രേ, ബ്ലാക്ക് വിത്ത് ഗ്രീൻ എന്നിങ്ങനെ അഞ്ച് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് ഷൈൻ 100 ഇനി മുതൽ വാങ്ങാനാവുക.

OBD-2 നിലവാരത്തിലുള്ള 98.98 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ്, ഫ്യുവൽ-ഇൻജെക്റ്റഡ് എഞ്ചിനാണ് പുതിയ 2025 മോഡൽ ഹോണ്ട ഷൈൻ 100 മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ eSP സാങ്കേതികവിദ്യയോടുകൂടി വരുന്ന എഞ്ചിന് 7500 ആർപിഎമ്മിൽ 7.3 bhp പവറും 5000 ആർപിഎമ്മിൽ പരമാവധി 8.05 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 4-സ്പീഡാണ് ഗിയർബോക്‌സ്.
എഞ്ചിനിൽ ഫ്രിക്ഷൻ റിഡക്ഷൻ ടെക്നോളജി, കൂളിംഗ് കാര്യക്ഷമത എന്നിവ നിലനിർത്താൻ പിസ്റ്റൺ കൂളിംഗ് ജെറ്റ്, ഓട്ടോമാറ്റിക് ചോക്ക് ഉള്ള സ്റ്റാർട്ടർ സോളിനോയിഡ് എന്നിവയും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഡയമണ്ട് ഫ്രെയിമിൽ പണികഴിപ്പിച്ചിരിക്കുന്ന ഷൈൻ 100 സിസി ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളും കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവുമാണ് (CBS) ഹോണ്ട സമ്മാനിച്ചിരിക്കുന്നത്. ഇൻ-ബിൽറ്റ് സൈഡ് സ്റ്റാൻഡ് എഞ്ചിൻ ഇൻഹിബിറ്റർ, ഡ്യുവൽ-പോഡ് ഇൻസ്ട്രുമെൻ്റ് കൺസോൾ, ഹാലൊജൻ ലൈറ്റിംഗ് യൂണിറ്റുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഹോണ്ടയുടെ എൻട്രി ലെവൽ ബൈക്ക് വിപണനത്തിന് എത്തിയിരിക്കുന്നത്.
കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണെങ്കിലും നല്ല സുഖപ്രദമായ യാത്രകൾക്കായി 670 mm നീളമുള്ള സീറ്റും അപ്-റൈറ്റ് റൈഡിംഗ് പൊസിഷനുമാണ് ഷൈൻ 100-ൽ ഒരുക്കിയിട്ടുള്ളത്. മൊത്തത്തിൽ 168 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 1,245 മില്ലീമീറ്റർ വീൽബേസുമാണ് മറ്റൊരു പ്രത്യേകത. ഷൈൻ 100 പതിപ്പിനൊപ്പം 10 വർഷത്തെ വാറണ്ടി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ 3 വർഷത്തെ സ്റ്റാൻഡേർഡ് വാണ്ടിയും 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറണ്ടിയുമാണ് ഉൾപ്പെടുന്നത്.


Click it and Unblock the Notifications








