കെടിഎം RC 390 ഷോറൂമിലിരിക്കും, കുറഞ്ഞ വിലയുള്ള പുത്തൻ 300 സിസി സ്പോർട്‌സ് ബൈക്കുമായി കവസാക്കി
ഇന്ത്യൻ വിപണിയിൽ ഏറെ ഫാൻസുള്ള സൂപ്പർബൈക്ക് നിർമാതാക്കളാണ് കവസാക്കി. പണ്ട് ബജാജിന്റെ കൈപിടിച്ച് രാജ്യത്തേക്കെത്തിയ ബ്രാൻഡ് തുടക്കത്തിൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളാണ് നൽകിയിരുന്നതെങ്കിൽ പിന്നീട് സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചത് മുതൽ വില കൂടിയ സ്പോർട്‌സ് ബൈക്കുകളിലാണ് നിക്ഷേപം നടത്തിയത്. അങ്ങനെ ഇരുചക്ര വാഹന പ്രേമികളുടെ ഡ്രീം മോഡലുകളിലൊന്നായ നിഞ്ച പിറവിയെടുക്കുകയും ചെയ്‌തു. 300 സിസി മുതൽ തുടങ്ങുന്ന വിവിധ സെഗ്മെന്റിലാണ് നിഞ്ച പയറ്റാനിറങ്ങുന്നതും. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള നിഞ്ച പുതിയ രൂപത്തിൽ വിപണിയിലെത്തിയിരിക്കുകയാണ് ഇപ്പോൾ.
കൂടുതൽ സ്റ്റൈലിഷായാണ് പുതിയ 2025 നിഞ്ച 300 വിപണനത്തിന് എത്തിയിരിക്കുന്നത്. 3.43 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ പുറത്തിറക്കിയിരിക്കുന്ന ബേബി നിഞ്ചയുടെ ഡെലിവറി 2025 ജൂൺ ആദ്യ വാരത്തിൽ ആരംഭിക്കുമെന്ന ഉറപ്പും കവസാക്കി നൽകിയിട്ടുണ്ട്. 2013 മുതൽ കവസാക്കിയുടെ ഇന്ത്യൻ നിരയുടെ ഭാഗമായ 300 സിസി നിഞ്ച യൂത്തൻമാരുടെ ഡ്രീം ബൈക്കുകളിൽ ഒന്നാണ്.

പുതിയ 2025 മോഡൽ അതിന്റെ മുൻഗാമിയുടെ മൊത്തത്തിലുള്ള ഡിസൈൻ ഭാഷ്യം നിലനിർത്തുന്നുണ്ടെങ്കിലും ഇതിന് കുറച്ച് പുതിയ ഫീച്ചറുകൾ ലഭിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. അതെന്താണെന്ന് അറിയാനുള്ള ആകാംക്ഷ ബൈക്കിനെ സ്നേഹിക്കുന്നവർക്കുണ്ടായിരിക്കും അല്ലേ. മൂന്നര ലക്ഷത്തോളം രൂപ മുടക്കേണ്ടി വരുന്ന സ്പോർട്‌സ് ബൈക്ക് ആയതിനാൽ തന്നെ 2025 നിഞ്ചക്ക് ശ്രദ്ധേയമായ ചില മാറ്റങ്ങൾ തന്നെയാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്.
ZX-6R മോഡലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഒരു പുതിയ പ്രൊജക്ടർ ഹെഡ്‌ലൈറ്റ്, ZX-10R പോലുള്ള വലിയ ഫ്ലോട്ടിംഗ് വിൻഡ്‌സ്‌ക്രീൻ എന്നിവയാണ് ഇതിൽ ശ്രദ്ധേയമായ കാര്യങ്ങൾ. ഒപ്പം റോഡ് ഗ്രിപ്പും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനായി പരിഷ്ക്കരിച്ച ടയർ ട്രെഡ് പാറ്റേണുകളും മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ടേ. ഹാലോജൻ ഹെഡ്‌ലൈറ്റുകൾ, ഹാലോജൻ ടെയിൽ ലൈറ്റ്, ഹാലോജൻ ടേൺ ഇൻഡിക്കേറ്ററുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ പഴയ കാര്യങ്ങളെല്ലാം ഇക്കൂടെ നിലനിർത്തുകയും ചെയ്‌തിട്ടുണ്ട്.

വളരെ വലുതും ഒരു ഏച്ചുകെട്ടൽ പോലെ തോന്നിക്കുന്ന പിൻ പില്യൺ ഗ്രാബ് റെയിലും ഇതുവരെ കവസാക്കി ഒഴിവാക്കിയിട്ടില്ല. 'R' ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലൈം ഗ്രീൻ, കാൻഡി ലൈം ഗ്രീൻ, മെറ്റാലിക് മൂൺഡസ്റ്റ് ഗ്രേ എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനുകളിലാണ് നിഞ്ച 300 ഇനി മുതൽ വാങ്ങാനാവുക. മെക്കാനിക്കലായി കാര്യമായ യാതൊരു വിധ നവീകരണങ്ങളും എൻട്രി ലെവൽ സ്പോർട്സ് ബൈക്കിന് ലഭിക്കുന്നില്ല കേട്ടോ.
മുമ്പുണ്ടായിരുന്ന അതേ 295 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് പുതിയ 2025 മോഡൽ കവസാക്കി നിഞ്ച 300 ഉപയോഗിക്കുന്നത്. ഇത് 11,000 ആർപിഎമ്മിൽ 38.8 bhp കരുത്തും 10,000 ആർപിഎമ്മിൽ പരമാവധി 26.1 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ ക്ലച്ച് അസിസ്റ്റ് ഫീച്ചർ സജ്ജീകരിച്ച 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ട്യൂബുലാർ ഡയമണ്ട്-ടൈപ്പ് ഫ്രെയിമിലാണ് നിഞ്ച 300 നിർമിച്ചിരിക്കുന്നത്. സസ്പെൻഷനായി മോട്ടോർസൈക്കിളിന്റെ മുൻവശത്ത് 37 mm നീളമുള്ള ടെലിസ്കോപ്പിക് ഫോർക്കുകളും പിൻവശത്ത് മോണോഷോക്കുമാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി ഒരുക്കിയിരിക്കുന്നത്. ഇവ യഥാക്രമം 120 mm, 132 mm സസ്പെൻഷൻ ട്രാവലും വാഗ്ദാനം ചെയ്യുന്നുണ്ട്.
ബ്രേക്കിംഗിലേക്ക് വന്നാഷ 290 mm ഫ്രണ്ട്, 220 mm റിയർ പെറ്റൽ ഡിസ്ക് സജ്ജീകരണവും ഡ്യുവൽ-ചാനൽ എബിഎസും വാഹനത്തിനൊപ്പം ലഭിക്കും. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന ബൈക്കായതിനാലാണ് വില ഇത്രയും പിടിച്ചുനിർത്താൻ കവസാക്കിക്ക് സാധിച്ചിരിക്കുന്നത്. 2013-ൽ പുറത്തിറക്കിയ യഥാർത്ഥ വിലയായ 3.50 ലക്ഷം രൂപയേക്കാൾ അല്പം കുറവാണ് ഇതിന്റെ ഇപ്പോഴത്തെ വില. തുടക്കത്തിൽ പൂർണമായും വിദേശത്ത് നിർമിച്ചായിരുന്നു വാഹനം പുറത്തിറക്കിയിരുന്നത്.

അപ്രീലിയ RS 457, കെടിഎം RC 390, യമഹ R3 തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്ന ഇന്ത്യയിലെ എൻട്രി ലെവൽ സ്‌പോർട്‌സ്ബൈക്ക് വിഭാഗത്തിൽ കവസാക്കി നിഞ്ച 300 ശരിക്കും വേറെ ലെവൽ ഫാൻബേസുള്ള ബൈക്കാണ്. അടുത്തിടെ വെർസിസ് 300 എന്നൊരു അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനെയും ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിൽ എത്തിച്ചിരുന്നു. വരുന്ന മാസം ഇതിന്റെ വിൽപ്പന കമ്പനി ആരംഭിച്ചേക്കും.


Click it and Unblock the Notifications








