പഴതിനേക്കാൾ 16,000 രൂപ കൂടിയെങ്കിലും സംഗതി കൊള്ളാം, അഡ്വഞ്ചർ ടൂറർ ബൈക്കിന്റെ പുത്തൻ മോഡലുമായി കവസാക്കി
കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കുന്നതിനായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള നിലവിലുള്ള തങ്ങളുടെ മോട്ടോർസൈക്കിൾ നിര പരിഷ്ക്കരിക്കുന്നതിന്റെ തിരക്കിലാണ് ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി. അടുത്തിടെ നിഞ്ച 500, എലിമിനേറ്റർ 500, നിഞ്ച 650 സൂപ്പർബൈക്കുകൾക്ക് 2025 മോഡൽ പരിഷ്ക്കാരങ്ങൾ നൽകിയതിന് പിന്നാലെ ഇപ്പോഴിതാ ബ്രാൻഡിന്റെ ആഡംബര അഡ്വഞ്ചർ ടൂറർ ബൈക്കായ വെർസിസ് 650 മോഡലും നവീകരണങ്ങളോടെ വിപണിയിൽ എത്തിയിരിക്കുകയാണ്. OBD-2B നിലവാരത്തിലുള്ള എഞ്ചിന് പുറമെ കളർ ഓപ്ഷനിലും കുഞ്ഞൻ മാറ്റങ്ങളോടെയാണ് വെർസിസ് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്.
പുതിയ മാറ്റങ്ങളുടെ ഭാഗമായി അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന് വില വർധനവും ഉണ്ടായിട്ടുണ്ട്. 2025 കവസാക്കി വെർസിസ് 650 വാങ്ങാനായി 7.93 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വിലയായി നൽകേണ്ടി വരിക. അതായത് മുൻഗാമിയേക്കാൾ ഏകദേശം 16,000 രൂപ അധികം നൽകേണ്ടി വരുമെന്ന് ചുരുക്കം. മെറ്റാലിക് മാറ്റ് ഗ്രാഫെനെസ്റ്റീൽ ഗ്രേ കളർ ഓപ്ഷനിൽ മാത്രമാണ് ബൈക്ക് വാങ്ങാനാവുക.

മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക്, മെറ്റാലിക് മാറ്റ് ഡാർക്ക് ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ വാഗ്ദാനം ചെയ്തിരുന്ന 2024 വെർസിസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒരു പുതിയ കളർ ഓപ്ഷനാണ്. പുതിയ നിറങ്ങൾ പ്രധാനമായും ഗ്രേയിലും ബ്ലാക്കിലുമാണ് പണികഴിപ്പിച്ചിരിക്കുന്നത്. കോൺട്രാസ്റ്റിനായി ചിലയിടങ്ങളിൽ ഗ്രീൻ നിറവും കമ്പനി കലർത്തിയിട്ടുണ്ട്. മുൻവശത്ത് ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റുകളുള്ള സെമി-ഫെയറിംഗ് ഡിസൈൻ അതേപടി തുടരുകയാണ്.
പ്രവർത്തനക്ഷമമായി കാണപ്പെടുന്നതും കാറ്റിൽ നിന്ന് സംരക്ഷണം നൽകുന്നതുമായി ഉയരമുള്ള വിൻഡ്‌സ്ക്രീനും 2025 കവസാക്കി വെർസിസ് 650 അഡ്വഞ്ചർ ടൂററിൽ ഒരുക്കിയിട്ടുണ്ട്. സീറ്റ് സ്പ്ലിറ്റ് ടൈപ്പാണെന്നതും പ്രായോഗികമായ വിഷയമാണ്. വലുതും റൈഡറിനും പിൻസീറ്റ് യാത്രക്കാർക്കും ഒരുപോലെ സുഖകരവുമാണിത്. അപ്പ്-റൈറ്റ് റൈഡിംഗ് സ്റ്റാൻസ് ദീർഘദൂര യാത്രകളിൽ സുഖസൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് ഒതുക്കമുള്ളതായതിനാൽ അവിടെയും കാര്യങ്ങൾ അടിപൊളിയാണ്. പുതിയ ബിഎസ്-VI OBD2B എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് എഞ്ചിൻ പുതുക്കിയിട്ടുണ്ടെങ്കിലും പെർഫോമൻസ് കണക്കുകളിലൊന്നും കുറവുണ്ടായിട്ടില്ല. 66 bhp പവറിൽ പരമാവധി 61 Nm ടോർക്ക് നൽകാൻ കഴിവുള്ള ലിക്വിഡ് കൂളിംഗ് സജ്ജീകരണത്തോടുകൂടിയ ട്വിൻ പാരലൽ സിലിണ്ടറുകളുള്ള 649 സിസി എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം.
സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചും 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നതിനാൽ യാത്രകളെല്ലാം സുഖകരമായിരിക്കും. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ 2025 വെർസിസ് 650 അതിന്റെ സൂപ്പർസ്‌പോർട്ട് പതിപ്പായ 2025 നിഞ്ച 650 പതിപ്പിനെക്കാൾ ഒരുപടി മുന്നിലാണ്. ഈ അഡ്വഞ്ചർ ടൂററിന് കംപ്രഷൻ, റീബൗണ്ട് എന്നിവയ്ക്കായി പൂർണമായും ക്രമീകരിക്കാവുന്ന അപ്സൈഡ് ഡൌൺ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിൻഭാഗത്ത് പ്രീ-ലോഡ് ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് സജ്ജീകരണം എന്നിവയാണ് ലഭിക്കുന്നത്.

17 ഇഞ്ച് അലോയ് വീലുകളിൽ ബ്രേക്കിംഗിനായി പിന്നിൽ സിംഗിൾ ഡിസ്‌ക് യൂണിറ്റും മുൻവശത്ത് ഡ്യുവൽ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണവുമാണ് ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നത്. ഈ വർഷം താങ്ങാനാവുന്ന വിലയിൽ കവസാക്കിയുടെ മറ്റൊരു പുതിയ അഡ്വഞ്ചർ ബൈക്ക് ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് വിവരം. വെർസിസ് X 300 എന്നുപേരിട്ടിരിക്കുന്ന മോട്ടോർസൈക്കിളിനെ ഈ വർഷം ഫെബ്രുവരിയിൽ കമ്പനി പരീക്ഷണയോട്ടത്തിനും വിധേയമാക്കിയിരുന്നു.
പൂർണണായും ഇന്ത്യയിൽ തന്നെ നിർമിക്കുമെന്ന വിവരം വരാനിരിക്കുന്ന കവസാക്കി എഡിവിയുടെ പ്രധാന ഹൈലൈറ്റ് ആയിരിക്കും. ജാപ്പനീസ് നിർമാതാക്കളിൽ നിന്ന് മത്സരാധിഷ്ഠിത വിലനിർണയം കൂടിയാവുമ്പോൾ സംഗതി ഉഷാറാവുമെന്ന് തന്നെയാണ് വിലയിരുത്തൽ. നിഞ്ച 300, W175 എന്നിവയ്ക്ക് ശേഷം കവസാക്കി ഇന്ത്യയിൽ പണികഴിപ്പിക്കുന്ന മൂന്നാമത്തെ മോഡലായിരിക്കും ഇത്. റോയൽ എൻഫീൽഡ് ഹിമാലയൻ 450, ഹീറോ എക്സ്പൾസ് 210 തുടങ്ങിയ മോഡലുകൾക്ക് അതൊരു വലിയ വെല്ലുവിളിയുമായേക്കും.


Click it and Unblock the Notifications








