ആക്‌സസിന്റെ പേര് മാറ്റി സുസുക്കി, ആക്‌ടിവയോട് മുട്ടാൻ പുതിയ പേരിനൊപ്പം കിടിലൻ ഫീച്ചറും ചേർത്തിട്ടുണ്ട്
ഇന്ത്യയിലെ സ്‌കൂട്ടർ വിഭാഗത്തിൽ ഹോണ്ട ആക്‌ടിവയോടും ടിവിഎസ് ജുപ്പിറ്ററിനോടും പടവെട്ടി തന്റേതായ സ്ഥാനം നേടിയെടുത്ത മിടുക്കനാണ് സുസുക്കി ആക്‌സസ്. ആഭ്യന്തര വിപണിയിലെ ആദ്യത്തെ 125 സിസി ഗിയർലെസ്‌സ് സ്‌കൂട്ടർ എന്ന പ്രത്യേകതയുമായി എത്തിയ മോഡലിന് രണ്ടാംതലമുറ ആവർത്തനം എത്തിയതോടെയാണ് തലവര മാറിയത്. ഏത് പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാനാവുന്ന തരത്തിലുള്ള ലുക്കും പവറും മൈലേജുമുള്ള ഇതുപോലത്തെ മറ്റൊരു വാഹനം വേറിയുണ്ടായിരുന്നോ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഇന്നും ചൂടപ്പം പോലെ വിറ്റഴിയുന്ന ആക്‌സസ് ഇപ്പോഴിതാ 2025 മോഡൽ ഇയർ പരിഷ്ക്കാരങ്ങളുമായി വിപണിയിൽ എത്തിയിരിക്കുകയാണ് ആശാൻ.
അടുത്തിടെ മുഖംമിനുക്കൽ ലഭിച്ച മോഡലിന് ഇനിയെന്ത് മാറ്റമാണ് കൊണ്ടുവന്നതെന്നായിരിക്കും പലരും ചിന്തിക്കുന്നത് അല്ലേ. ആക്‌സസിന്റെ വേരിയന്റ് നിരയിലേക്ക് റൈഡ് കണക്ട് എഡിഷൻ എന്നൊരു പുതിയൊരു ടോപ്പ് വേരിയന്റിനെ അവതരിപ്പിച്ചതാണ് 2025 മോഡൽ ഇയർ പരിഷ്ക്കാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒപ്പം ഹോണ്ട ആക്‌ടിവ 125 പതിപ്പിനെ നേരിടാനായി കൂടുതൽ ഫീച്ചറുകളും കമ്പനി ചേർത്തിട്ടുണ്ടെന്നതാണ് രസകരമായ സംഗതി.

സ്‌കൂട്ടറിന്റെ ടോപ്പ് വേരിയന്റിൽ ഇപ്പോൾ ഒരു TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് സുസുക്കി ഒരുക്കിയിരിക്കുന്നത്. 4.2 ഇഞ്ച് വലിപ്പമുള്ള സ്ക്രീനിൽ ബ്ലൂടൂത്ത്, കണക്റ്റിവിറ്റി ഫീച്ചറുകളെല്ലാം ജാപ്പനീസ് ബ്രാൻഡ് നിലനിർത്തിയിട്ടുമുണ്ട്. അതായത് ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻകമിംഗ് കോൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് അലേർട്ടുകൾ, മിസ്‌ഡ് കോൾ, അൺറീഡ് എസ്എംഎസ് അലേർട്ട്, സ്പീഡ് എക്‌സീഡിംഗ് ലിമിറ്റ് വാർണിംഗ്, ഫോൺ ബാറ്ററി ലെവൽ എന്നിവയെല്ലാം ലഭുക്കുമെന്ന് ചുരുക്കം.
വേഗതയേറിയ റിഫ്രഷിംഗ് റേറ്റും ഹൈ കോൺട്രാസ്റ്റും ഉപയോഗിച്ച് കൂടുതൽ സ്റ്റൈലിഷായാണ് TFT സ്ക്രീൻ അവതരിപ്പിച്ചിരിക്കുന്നത്. വിലയുടെ കാര്യത്തിൽ 2025 സുസുക്കി ആക്‌സസ് റൈഡ് കണക്ട് എഡിഷന് 1.02 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഇത് സുസുക്കി ആക്‌സസിന്റെ എൽസിഡി ക്ലസ്റ്ററുള്ള റൈഡ് കണക്ട് എഡിഷനേക്കാൾ ഏകദേശം 7,000 രൂപ കൂടുതലാണ്.

പുതിയ ക്ലസ്റ്ററിനൊപ്പം 2025 ആക്‌സസ് റൈഡ് കണക്ട് എഡിഷന് പേൾ മാറ്റ് അക്വാ സിൽവർ എന്നൊരു പുതിയ കളർ ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം സീറ്റ് കവറിൽ ബ്രൗൺ ഷേഡ് ഉപയോഗിച്ചിരിക്കുന്നതും അടിപൊളിയായിട്ടുണ്ട്. മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2, മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ, പേൾ ഗ്രേസ് വൈറ്റ്, സോളിഡ് ഐസ് ഗ്രീൻ എന്നിവയാണ് ആക്‌സസിലെ മറ്റ് വേരിയന്റുകൾ.
പുതിയ 4.2 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് സ്‌ക്രീൻ ഉൾപ്പെടുത്തിയതോടെ സുസുക്കി ആക്‌സസ് കൂടുതൽ പ്രീമിയമായെന്ന് വേണം പറയാൻ. ഒരു കീലെസ് ഇഗ്നിഷൻ സിസ്റ്റം കൂടി ഉൾപ്പെടുത്തിയാൽ വണ്ടി കൂടുതൽ കിടുവാകുമായിരുന്നു. ഇതോടൊപ്പം പേരിൽ നിന്നും 125 എന്ന പദം കമ്പനി ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്. അതായത് ഇനി മുതൽ സ്‌കൂട്ടർ ആക്‌സസ് എന്നാവും അറിയപ്പെടുക.

22.3 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് കപ്പാസിറ്റി, സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റം, നീളമേറിയ സീറ്റ്, വീതിയേറിയ ഫ്ലോർബോർഡ് എന്നിവയാണ് സുസുക്കി ആക്‌സസിന്റെ മറ്റ് ഹൈലൈറ്റുകൾ. എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി പൊസിഷൻ ലൈറ്റുകൾ, യുഎസ്ബി ചാർജിംഗ് സോക്കറ്റ്, ക്രോംഡ് എക്‌സ്‌റ്റേണൽ ഫ്യൂവൽ റീ-ഫില്ലിംഗ് ലിഡ് തുടങ്ങിയവയാണ് ഗിയർലെസ് സ്‌കൂട്ടറിലെ മറ്റ് പ്രധാന സവിശേഷതകൾ.
സുഗമവും വിശ്വസനീയവുമായ 125 സിസി എഞ്ചിൻ തന്നെയാണ് 2025 സുസുക്കി ആക്‌സസിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. 6,750 ആർപിഎമ്മിൽ 8.58 bhp കരുത്തും 5,500 ആർപിഎമ്മിൽ 10 Nm പീക്ക് ടോർക്കും നൽകുന്ന ഈ എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ലിറ്ററിന് 60 കിലോമീറ്റർ മൈലേജ് വരെയാണ് ജാപ്പനീസ് ബ്രാൻഡ് അവകാശപ്പെടുന്നതും.


Click it and Unblock the Notifications








