പെട്രോൾ കുറച്ചേ കുടിക്കൂ, നല്ല മൈലേജ് കിട്ടും! 2 പുത്തൻ സ്‌കൂട്ടറുകളുമായി സുസുക്കി; വില 93,200 രൂപ മുതൽ
ഇന്ത്യൻ സ്‌കൂട്ടർ വിപണി അടക്കിവാഴുന്ന ഹോണ്ടയുടേയും ടിവിഎസിന്റെയും മുഖ്യശത്രുവാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആക്‌ടിവയ്ക്കും ജുപ്പിറ്ററിനും എന്നും പേടിസ്വപ്നമാണ് ആക്‌സസ്. നല്ല മൈലേജും പെർഫോമൻസും തരുന്ന ഫാമിലി സ്‌കൂട്ടറായി ആക്‌സസ് അരങ്ങ് വാഴാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. ജനപ്രിയ വണ്ടിയുടെ എഞ്ചിൻ കടമെടുത്ത് സുസുക്കി പണികഴിപ്പിച്ച മറ്റ് രണ്ട് മോഡലുകളാണ് ബർഗ്മാനും അവെനിസും. ആക്‌സസിന്റെ അതേ എഞ്ചിനുമായി വരുന്ന ഒന്ന് സ്പോർട്ടി സ്‌കൂട്ടറായും മറ്റൊന്ന് മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായാണ് വിപണിയിൽ എത്തുന്നത്.
രണ്ട് മോഡലുകൾക്കും ഇതിനോടകം തന്നെ യുവാക്കൾക്കിടയിൽ കാര്യമായ സ്ഥാനം നേടിയെടുക്കാനുമായിട്ടുണ്ട്. ഇപ്പോഴിതാ OBD-2B നിലവാരത്തിലുള്ള എഞ്ചിൻ ഉപയോഗിച്ച് സുസുക്കി അവെനിസും സുസുക്കി ബർഗ്മാൻ സ്ട്രീറ്റും പുതുക്കി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പുത്തൻ സ്‌കൂട്ടറുകൾ വിപണിയിലെത്തിയതോടെ ആക്സസും മോട്ടോർസൈക്കിളുകളായ വി-സ്ട്രോം, ജിക്‌സർ SF 250, ജിക്‌സർ 250, ജിക്‌സർ SF, ജിക്‌സർ എന്നിവയുൾപ്പെടെ കമ്പനിയുടെ മുഴുവൻ വാഹന നിരയും ഇപ്പോൾ OBD-2B നിലവാരത്തിലേക്ക് മാറിയിട്ടുണ്ട്.

പുതിയ 2025 മോഡൽ സുസുക്കി അവെനിസിന് 93,200 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതേസമയം മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2 / മാറ്റ് ടൈറ്റാനിയം സിൽവർ ഉള്ള ഒരു പുതിയ സ്പെഷ്യൽ എഡിഷനും 94,000 രൂപയുടെ എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്. അവെനിസിന്റെ സ്റ്റാൻഡേർഡ് മോഡലുകൾ നാല് കളർ ഓപ്ഷനുകളിലാണ് വാങ്ങാനാവുക.
അതിൽ ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക് / പേൾ മിറ റെഡ്, ചാമ്പ്യൻ യെല്ലോ നമ്പർ 2 / ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക് / പേൾ ഗ്ലേസിയർ വൈറ്റ്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക് എന്നിവയാണ് ഉൾപ്പെടുന്നത്. പുതുക്കിയ സുസുക്കി അവെനിസിന് കരുത്ത് പകരുന്നത് അലൂമിനിയം 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ 124.3 സിസി എഞ്ചിനാണ്.

അവെനിസിന്റെ സിഗ്നേച്ചർ ഹൈലൈറ്റുകളായ സഡൺ പിക്കപ്പും ചടുലമായ ഹാൻഡിലിംഗും നഷ്ടപ്പെടുത്താതെയാണ് എഞ്ചിൻ OBD-2B നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചിരിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,750 ആർപിഎമ്മിൽ 8.5 bhp പവറും 5,500 ആർപിഎമ്മിൽ 10 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സുസുക്കി ഇക്കോ പെർഫോമൻസ് (SEP) സാങ്കേതികവിദ്യയും നൂതന ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയും ഇതിലുണ്ടെന്നതും ശ്രദ്ധേയമാണ്.
പുതുക്കിയ സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിന്റെ കാര്യത്തിലേക്ക് വന്നാൽ 95,800 രൂപയാണ് ഇതിന് വരുന്ന പ്രാരംഭ വില. മോഡലിന്റെ ടോപ്പ് വേരിയന്റ് വാങ്ങണമെങ്കിൽ 1,16,200 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. സ്റ്റാൻഡേർഡ് എഡിഷൻ, റൈഡ് കണക്ട് എന്നീ രണ്ട് വേരിയന്റുകളിലാണ് ബർഗ്മാൻ സ്ട്രീറ്റ് നിലവിൽ വാഗ്ദാനം ചെയ്യുന്നതും.

ബർഗ്മാൻ സ്ട്രീറ്റ് മാക്‌സി സ്‌കൂട്ടറിന്റെ ടോപ്പ് EX വേരിയന്റ് പുതിയ മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2, മെറ്റാലിക് റോയൽ ബ്രോൺസ് എന്നിവയുൾപ്പെടെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്.
ബേസ് വേരിയന്റ് മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2 (YKC), പേൾ മിറേജ് വൈറ്റ്, മെറ്റാലിക് മാറ്റ് ടൈറ്റാനിയം സിൽവർ, പേൾ മാറ്റ് ഷാഡോ ഗ്രീൻ, പേൾ മൂൺ സ്റ്റോൺ ഗ്രേ എന്നീ 7 നിറങ്ങളിൽ ലഭിക്കും. അതേസമയം സുസുക്കി ബർഗ്മാൻ സ്ട്രീറ്റിന്റെ റൈഡ് കണക്റ്റ് വേരിയന്റിൽ മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2 (4TX) എന്നീ എക്സ്ക്ലൂസീവ് നിറങ്ങളും ഉണ്ടാവും.
സുസുക്കി അവെനിസിന് കരുത്ത് പകരുന്ന അതേ അലൂമിനിയം 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ 124.3 സിസി OBD-2B കംപ്ലയിന്റ് എഞ്ചിനാണ് പുതുക്കിയ ബർഗ്മാനിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് 8.5 bhp പവറിൽ പരമാവധി 10 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.


Click it and Unblock the Notifications








