വിദേശ ബൈക്കുകളെ വെല്ലുന്ന ലുക്ക്, അഡാറ് മാറ്റങ്ങളുമായി ടിവിഎസിന്റെ പുതിയ അപ്പാച്ചെ RTR 310
കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ മുതൽ സ്പോർട് ബൈക്കുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ് ടിവിഎസ് (TVS). എന്തിന് ഏറെ പറയുന്നു ടിവിഎസിന്റെ ഗിയർലെസ് സ്‌കൂട്ടറുകൾ വരെ ചൂടപ്പം പോലെയാണ് ഇന്ത്യയിൽ വിറ്റഴിയുന്നത്. ബജാജ് പൾസറുകൾ അരങ്ങുവാണിരുന്ന കാലത്താണ് അപ്പാച്ചെ (Apache) എന്നൊരു ഇടിവെട്ട് സ്പോർട്‌സ് ബൈക്കിന് ബ്രാൻഡ് രൂപം കൊടുക്കുന്നത്. അന്നു മുതൽ ഇന്നുവരെ ഈയൊരു പേര് യൂത്തൻമാർക്കിടയിൽ വളരെ ഫേമസാണ്. കാലത്തിനൊത്ത് മാറാനും പുതിയ മോഡലുകളെ കൊണ്ടുവരാനും കാണിക്കുന്ന ധീരതയാണ് ഇത്രയും വലിയ വിജയത്തിന് കാരണമായിരിക്കുന്നത്.
ഇപ്പോഴിതാ പുതിയ മാറ്റങ്ങളോടെ വിപണിയിൽ അവതരിച്ചിരിക്കുകയാണ് അപ്പാച്ചെ സീരീസിലെ ഏറ്റവും പുതിയ അതിഥിയായ RTR 310 നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ സ്പോർട്‌സ് മോട്ടോർസൈക്കിൾ. 2025 മോഡൽ ഇയർ പരിഷ്ക്കാരങ്ങളുമായി എത്തിയ വണ്ടി 2.39 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് ചെറിയ കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളൂവെങ്കിലും പുതിയ പതിപ്പിൽ കളർ ഓപ്ഷനുകളിൽ ചില മാറ്റങ്ങൾ കാണാം.

ഫ്യുവൽ ടാങ്കിലെ പുതിയ ഗ്രാഫിക്‌സ് വല്ലാത്തൊരു ചന്തമാണ് നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ സ്പോർട്‌സ് ബൈക്കിന് സമ്മാനിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. ഇന്ത്യയിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലും ഒരുപോലെയാണ് 2025 ടിവിഎസ് അപ്പാച്ചെ RTR 310 വിപണനത്തിന് എത്തിയിരിക്കുന്നത്. കിടിലൻ പെർഫോമൻസും താങ്ങാനാവുന്ന വിലയും സന്തുലിതമാക്കുന്ന ഇത്തരത്തിലൊരു മിഡ്-കപ്പാസിറ്റി സ്ട്രീറ്റ്ഫൈറ്റർ ഇന്ത്യയിൽ വേറെയില്ലെന്ന് വേണമെങ്കിൽ പറയാം.
2025 ടിവിഎസ് അപ്പാച്ചെ RTR 310 ബേസ്, ടോപ്പ്, BTO കിറ്റ് 1, BTO കിറ്റ് 2 എന്നിങ്ങനെ 4 വകഭേദങ്ങളിൽ ലഭ്യമാണ്. ബേസ് വേരിയന്റിന് 2.40 ലക്ഷവും ടോപ്പിന് 2.57 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. കൂടാതെ, ഡൈനാമിക് പായ്ക്കിന് 2.75 ലക്ഷവും ഡൈനാമിക് പ്രോ പായ്ക്കിന് 2.85 ലക്ഷവുമാണ് മുടക്കേണ്ടതായി വരിക.

ഫിയറി റെഡ്, ഫ്യൂറി യെല്ലോ, ആഴ്സണൽ ബ്ലാക്ക്, സെപാങ് ബ്ലൂ എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിലും ബൈക്ക് ലഭിക്കും. ക്രൂയിസ് കൺട്രോൾ, ലീനിയർ ട്രാക്ഷൻ കൺട്രോൾ, ഡ്രാഗ് ടോർക്ക് കൺട്രോൾ, റിയർ വീൽ ലിഫ്റ്റ് പ്രൊട്ടക്ഷൻ തുടങ്ങിയ ഫീച്ചറുകളാണ് കമ്പനി ബേസ് വേരിയന്റിൽ വാഗ്ദാനം ചെയ്യുന്നത്.
അപ്പാച്ചെ RTR 310 ബൈക്കിന്റെ ടോപ്പ് വേരിയന്റിലേക്ക് കടക്കുമ്പോൾ ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ ചേർത്ത് സംഭവം അടിപൊളിയാക്കിയെന്ന് പറയാം. ഡൈനാമിക് കിറ്റ് മോഡലിൽ അഡ്ജസ്റ്റബിൾ ഫ്രണ്ട്, റിയർ സസ്‌പെൻഷൻ, ബ്രാസ്-കോട്ടഡ് ഡ്രൈവ് ചെയിൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും അവതരിപ്പിക്കുന്നു.

2025 ടിവിഎസ് അപ്പാച്ചെ ഡൈനാമിക് പ്രോ കിറ്റിൽ കീലെസ് റൈഡ്, ലോഞ്ച് കൺട്രോൾ, കോർണറിംഗ് ABS, കോർണറിംഗ് ക്രൂയിസ് കൺട്രോൾ, സ്ലോപ്പ്-ഡിപൻഡന്റ് കൺട്രോൾ, റിയർ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷൻ എന്നിവ പോലുള്ള ഫീച്ചറുകളോടെയാണ് വിപണിയിലെത്തുന്നതെന്നും പത്രക്കുറിപ്പിലൂടെ ടിവിഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ പുതിയ അവതാരത്തിൽ വേറെയും ചില സവിശേഷതകൾ കൂട്ടിച്ചേർത്തിട്ടുണ്ട്.
സൂപ്പർമോട്ടോ, ക്ലാസ്-ഡി എൽഇഡി റിഫ്ലക്ടറുകൾ, ഡൈനാമിക് ട്വിൻ ടെയിൽ ലാമ്പുകൾ, ട്രാൻസ്പരന്റ് ക്ലച്ച് കവർ എന്നിവയുൾപ്പെടെ 5 റൈഡ് മോഡുകൾ 2025 അപ്പാച്ചെ RTR 310 ന്റെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. മോട്ടോർബൈക്കിന് 5 ഇഞ്ച് TFT Gen-2 കണക്റ്റഡ് ക്ലസ്റ്ററും സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും ടിവിഎസിന്റെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ സ്പോർട്‌സ് മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.

മോട്ടോർസൈക്കിളിന് 312.12 സിസി, സിംഗിൾ-സിലിണ്ടർ, റിവേഴ്സ്-ഇൻക്ലൈൻഡ് എഞ്ചിൻ തന്നെയാണ് അപ്പാച്ചെ RTR 310 ഉപയോഗിക്കുന്നത്. സ്‌പോർട്, ട്രാക്ക്, സൂപ്പർമോട്ടോ മോഡുകളിൽ 9700 ആർപിഎമ്മിൽ 35.1 bhp കരുത്തോളം നൽകാൻ ബൈക്കിനാവും. അതേസമയം അർബൻ, റെയിൻ മോഡുകളിൽ 26.7 bhp ആയി പവർ കുറയുന്നുണ്ട്. പെർഫോമൻസ്-ഫോക്കസ്ഡ് മോഡുകളിൽ ടോർക്ക് ഔട്ട്‌പുട്ട് 28.7 Nm ആണ്.
ഹൈബ്രിഡ് ട്രെല്ലിസും അലുമിനിയം കാസ്റ്റ് ഫ്രെയിമിലും നിർമിച്ചിരിക്കുന്ന മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുൻവശത്ത് 41 mm വലിപ്പമുള്ള അഡ്‌ജസ്റ്റബിൾ അപ്സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ടിവിഎസ് ഒരുക്കിയിരിക്കുന്നത്. അതേസമയം മിഷേലിൻ റോഡ് 5 ടയറുകളിലാണ് അപ്പാച്ചെ RTR വിപണനത്തിന് എത്തുന്നത്. കെടിഎം 390 ഡ്യൂക്ക്, ട്രയംഫ് സ്പീഡ് 400, ബജാജ് ഡൊമിനാർ 400 തുടങ്ങിയ വമ്പൻമാരോടാണ് സെഗ്മെന്റിൽ ടിവിഎസിന്റെ മത്സരം.


Click it and Unblock the Notifications








