സ്‌റ്റൈലന്‍ ബൈക്കിലേക്ക് വീണ്ടും ഫീച്ചറുകൾ നിറച്ച് ടിവിഎസ്, വില തുടങ്ങുന്നത് വെറും 1.35 ലക്ഷത്തിന്
കമ്മ്യൂട്ടര്‍ ബൈക്കുകള്‍ മുതല്‍ സൂപ്പര്‍ സ്പോർട്‌സ് ബൈക്കുകള്‍ വരെയുള്ള സെഗ്മെന്റിൽ തീപാറിച്ചവരാണ് ടിവിഎസ്. 100 സിസി മുതൽ 310 സിസി വരെയുള്ള മോട്ടോർസൈക്കിളുകൾ പണിതിറക്കുന്ന ഹൊസൂർ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കളുടെ നിരയിലെ വ്യത്യസ്‌തനാണ് റോണിൻ (TVS Ronin). ഇന്ത്യയിലെ മോട്ടോർസൈക്കിൾ നിരയിൽ പുതിയൊരു പരീക്ഷണമായിരുന്നു റോണിൻ എന്ന ക്രോസ്ഓവർ മോഡൽ. റെട്രോ സ്റ്റൈൽ സ്ക്രാംബ്ലർ ശൈലി പിടിച്ച് യുവാക്കളുടെ ഹരമാവാൻ ശ്രമിച്ചുവെങ്കിലും റോയൽ എൻഫീൽഡ് ഹണ്ടറിന് (Royal Enfield Hunter) മുന്നിൽ അത്രയ്ക്ക് ശോഭിക്കാൻ റോണിനായില്ലെന്ന് വേണം പറയാൻ.
എങ്കിലും വെറൈറ്റിയായിട്ടുള്ള ഡിസൈന്‍, വൈവിധ്യമാര്‍ന്ന ഫീച്ചറുകൾ, ആധുനിക സാങ്കേതികവിദ്യകൾ എന്നിവ സംയോജിപ്പിച്ച് പണിതിറക്കിയ മോഡൽ ഒരുവിഭാഗം ആളുകളെ കൈയിലെടുത്തിട്ടുണ്ടെന്നതിൽ സംശയമൊന്നും വേണ്ട. കുറഞ്ഞ റൈഡിംഗ് ഹൈറ്റും മോഡേൺ ലുക്കും കൂടി ചേർന്ന് വരുന്ന റോണിൻ നിരത്തുകളിൽ കൂടി പോവുന്നത് കാണാൻ വല്ലാത്തൊരു ചന്തമാണുള്ളത്.

ഇപ്പോഴിതാ ചെറിയ പരിഷ്ക്കാരങ്ങളോടെ ഏറ്റവും പുതിയ 2025 മോഡൽ ടിവിഎസ് റോണിൻ വിപണിയിലെത്തിയിരിക്കുകയാണ്. 1.35 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പരിഷ്ക്കാരിയായി എത്തിയിരിക്കുന്ന പുത്തൻ ആവർത്തനത്തെ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ഡ്യുവൽ-ചാനൽ എബിഎസുള്ള മിഡ്-വേരിയന്റിന് 1.59 ലക്ഷം മുതലും എക്സ്ഷോറൂം വില മുടക്കേണ്ടതായി വരും.
നിയോ റെട്രോ മോട്ടോർസൈക്കിൾ ഇനി മുതൽ വെറൈറ്റിയായിട്ടുള്ള കളർ ഓപ്ഷനുകളിലും സ്വന്തമാക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. ഗ്ലേസിയർ സിൽവർ, ചരക്കോൾ എംബർ, എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളാണ് 225 സിസി മോട്ടോർസൈക്കിളിലേക്ക് എത്തിയിരിക്കുന്നത്. നിലവിലുള്ള ഡെൽറ്റ ബ്ലൂ, സ്റ്റാർഗേസ് ബ്ലാക്ക് എന്നിവയുടെ സ്ഥാനത്തേക്കാണ് ഈ പുതിയ നിറങ്ങൾ എത്തും. കൂടാതെ ഡൗൺ ഓറഞ്ച്, ഗാലക്‌റ്റിക് ഗ്രേ, നിംബസ് ഗ്രേ, മാഗ്മ റെഡ്, മിഡ്‌നൈറ്റ് ബ്ലൂ എന്നീ ഓപ്ഷനുകളും റോണിലുണ്ട് കേട്ടോ.

ഇപ്പോൾ മിഡ്-വേരിയന്റ് ലെവൽ മുതൽ ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം റോണിനിൽ ടിവിഎസ് അവതരിപ്പിക്കുന്നുണ്ട് എന്നതും പ്രത്യേകം എടുത്തുപറയേണ്ട വിഷയമാണ്. മുമ്പ് ബൈക്കിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ഈ ഫീച്ചർ കൂടുതൽ താങ്ങാനാവുന്ന മോഡലുകളിലേക്ക് എത്തിയത് എന്തായാലും ഇരുകൈയും നീട്ടി സ്വീകരിക്കപ്പെടും.
എന്നാൽ ടിവിഎസ് റോണിന്റെ ബേസ് വേരിയന്റിൽ ഇപ്പോഴും സിംഗിൾ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. OBD2 നിലവാരത്തിലുള്ള അതേ 225 സിസി എയർ ആൻഡ് ഓയിൽ-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് 2025 ടിവിഎസ് റോണിന് ഇപ്പോഴും തുടിപ്പേകുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 20.1 bhp കരുത്തിൽ പരമാവധി 19.93 Nm torque വരെ നിർമിക്കാൻ കഴിവുണ്ട്.

അർബൻ സ്ട്രീറ്റ് ബൈക്കായി വരുന്ന ഇതിന്റെ പെപ്പി പെർഫോമൻസ് സിറ്റി റൈഡുകൾക്ക് അനുയോജ്യമാക്കുന്ന കാര്യമാണ്. ഒപ്പം 42 കിലോമീറ്ററിന്റെ മൈലേജും മോട്ടോർസൈക്കിളിന് നൽകാനാവും. ടിവിഎസിന്റെ മറ്റ് മോട്ടോർസൈക്കിളുകളെ പോലെ തന്നെ നിരവധി കിടിലൻ ഫീച്ചറുകളുമായാണ് പുതിയ 2025 മോഡൽ റോണിനും വിപണിയിൽ എത്തുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
അതോടൊപ്പം തന്നെ എബിഎസ് മോഡുകൾ, കുറഞ്ഞ വേഗതയിൽ എഞ്ചിനിടിച്ച് ഓഫാകുന്നത് തടയുന്ന ഗ്ലൈഡ് ത്രൂ ട്രാഫിക് ഫംഗ്ഷൻ, ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകൾ, എൽഇഡി ഹെഡ്‌ലൈറ്റിംഗ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽ ലാമ്പ്, സൈഡ് സ്റ്റാൻഡ് കട്ട്-ഓഫ് സെൻസർ, സൈലന്റെ സ്റ്റാർട്ടർ എന്നിവയും ടിവിഎസിന്റെ മോഡേൺ മോട്ടോർസൈക്കിളിന്റെ ഭാഗമാണ് കേട്ടോ.


Click it and Unblock the Notifications








