ബേബി സൂപ്പർബൈക്കിനെ കൂടുതൽ ഗ്ലാമറാക്കി യമഹ, 1.67 ലക്ഷം മുതൽ വാങ്ങിക്കാം; നല്ല മൈലേജും കൂട്ടിനുണ്ട്
ഇന്ത്യയിൽ ഇതിഹാസ പരിവേഷമുള്ള ബൈക്കുകൾ ഇത്രത്തോളം അവതരിപ്പിച്ചിരിക്കുന്ന യമഹയെ പോലെ മറ്റൊരു ടൂവീലർ ബ്രാൻഡ് ഉണ്ടെന്ന് തോന്നുന്നില്ല. RX100, RX-135, RX-Z, RD-350, FZ, R15 അങ്ങനെ നീളും കമ്പനിയുടെ നിരയിലെ കിടിലൻ മോഡലുകളുടെ പേരുകൾ. നിലവിൽ അവസാനത്തെ രണ്ട് മോട്ടോർസൈക്കിളുകൾ വിപണിയിലുണ്ടെങ്കിലും ചെറുപ്പക്കാർക്കിഷ്‌ടം R15 എന്ന ബേബി സൂപ്പർബൈക്കിനോടാണ്. അതിന്റെ പ്രധാന കാരണം താങ്ങാനാവുന്ന വില, ഉഗ്രൻ പെർഫോമൻസ്, കിടിലൻ മൈലേജ്, ഒടുക്കത്തെ റിഫൈൻമെന്റ് എന്നിവ തന്നെയാണന്നതിൽ സംശയമൊന്നും വേണ്ട. നാലാംതലമുറ ആവർത്തനത്തിലും ചൂടപ്പം പോലെയാണ് YZF-R15 വിറ്റഴിയുന്നത്.
യുവാക്കളുടെ ബേബി സൂപ്പർബൈക്ക് എന്നറിയപ്പെടുന്ന മോഡലിനെ കൃത്യമായ ഇടവേളകളിൽ പരിഷ്ക്കരിക്കുന്നിടത്താണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ വിജയം കൊയ്യുന്നത്. ഇപ്പോഴിതാ 2025 ഇയർ പരിഷ്ക്കരണങ്ങളുമായി വിപണിയിൽ എത്തിയിരിക്കുകയാണ് R15 M, R15 V4, R15 S മോട്ടോർസൈക്കിളുകൾ. പുതിയ നിറങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ഇത്തവണ മോഡലുകളെ കിടിലമാക്കിയിരിക്കുന്നത്.

ആഗോളതലത്തിൽ R15 V4 പതിപ്പിൽ ജനപ്രിയമായ മാറ്റ് പേൾ വൈറ്റ് ഫിനിഷിന്റെ വരവാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഇന്ത്യയിൽ ആദ്യമായാണ് ഈ ഷേഡ് വാഗ്ദാനം ചെയ്യുന്നത്. ഇതേ മോട്ടോർസൈക്കിളിന് സ്പോർട്ടിയർ ഗ്രാഫിക്സും ലഭിക്കുന്നുണ്ടെന്നാണ് യമഹ പറയുന്നത്. ഉപഭോക്താക്കളിൽ നിന്നുള്ള നിരന്തര ആവശ്യം കണക്കിലെടുത്ത് പ്രത്യേകം വികസിപ്പിച്ചെടുത്ത മെറ്റാലിക് ബ്ലാക്ക് നിറവും റീസ്റ്റൈൽ ചെയ്‌ത റേസിംഗ് ബ്ലൂ കളർ ഓപ്ഷനും വാഹനത്തിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം 2025 മോഡൽ ഇയർ അപ്‌ഡേറ്റിന്റെ ഭാഗമായി R15M പതിപ്പിന് ഒരു പുതിയ മെറ്റാലിക് ഗ്രേ നിറവും കമ്പനി പരിചയപ്പെടുത്തുകയുണ്ടായി. 1.67 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയോടെയാണ് പുത്തൻ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത്. R15 S വേരിയന്റ് ഇപ്പോൾ സ്റ്റെൽത്തി മാറ്റ് ബ്ലാക്ക് നിറവും ആകർഷകമായ കോൺട്രാസ്റ്റ് വെർമില്യൺ വീലുകളുമായിട്ടാണ് വരുന്നത്.

വർഷങ്ങളായി ഇന്ത്യയിലെ വിജയകരമായ എൻട്രി ലെവൽ സൂപ്പർസ്‌പോർട്ടുകളിൽ ഒന്നായ R15 ഇതിനകം ഒരു ദശലക്ഷം പ്രൊഡക്ഷൻ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. യമഹയുടെ R-സീരീസിൽ നിന്ന് കടമെടുത്ത സ്റ്റൈലിംഗോ അതിനെ പിന്തുണയ്ക്കുന്ന ഹാർഡ്‌വെയറോ അല്ല ബൈക്കിനെ അതിന്റെ സെഗ്‌മെന്റിൽ കിങായി നിലനിർത്തുന്നത്. പകരം അന്യായ പെർഫോമൻസ് തരുന്ന 155 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിൻ തന്നെയാണെന്ന് നിസംശയം പറയാം.
ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 10,000 ആർപിഎമ്മിൽ 18.3 bhp കരുത്തും 7,500 ആർപിഎമ്മിൽ 14.2 Nm ടോർക്കും നൽകാൻ ശേഷിയുള്ളതാണ്. ആർപിഎം ശ്രേണിയിലുടനീളം പവർ ഡെലിവറി ഒപ്റ്റിമൈസ് ചെയ്യുന്നതിന് യമഹയുടെ വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA) സംവിധാനവും ബൈക്കിൽ അവതരിപ്പിക്കുന്നുണ്ട്. ഉയർന്ന നിലവാരമുള്ള ഡൈനാമിക് കഴിവുകൾക്കായി ബ്രാൻഡിന്റെ ഡെൽറ്റബോക്സ് ഫ്രെയിമും ഡയസിൽ സിലിണ്ടറും R15 സീരീസിനെ പിന്തുണയ്ക്കുന്നുണ്ട്.

അപ്‌സൈഡ്-ഡൌൺ ഫോർക്കുകൾ, ലിങ്ക്ഡ്-ടൈപ്പ് മോണോക്രോസ് സസ്‌പെൻഷൻ, ട്രാക്ഷൻ കൺട്രോൾ, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച്, തിരഞ്ഞെടുത്ത വേരിയന്റുകളിൽ ക്വിക്ക് ഷിഫ്റ്റർ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും യമഹയുടെ ബേബി സൂപ്പർബൈക്കിലുണ്ട്. പുതിയ കളർ സ്കീമുകൾ കൂടി ചേർത്തതോടെ 2025 യമഹ R15 M പതിപ്പിന് 2.01 ലക്ഷം രൂപയും V4 മോഡലിന് 1.84 ലക്ഷം രൂപയും R15 S പതിപ്പിന് 1.67 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.
മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് അപ്സൈഡ്-ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് യമഹ ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ ഡ്യുവൽ-ചാനൽ എബിസ് സിസ്റ്റത്തിന്റെ സഹായത്തോടെ രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും ലഭിക്കും. ഫുള്ളി ഫെയറിംഗ്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, സ്പ്ലിറ്റ് സീറ്റ്, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് R15 ബൈക്കിലെ മറ്റ് ഹൈലൈറ്റുകൾ.


Click it and Unblock the Notifications