10 വർഷം വാറണ്ടി, 71.33KM മൈലേജുള്ള ഹൈബ്രിഡ് സ്‌കൂട്ടറിലേക്ക് അഡാറ് മാറ്റങ്ങളുമായി യമഹ; വില 79,340 മുതൽ
ഇന്ത്യയിലെ സ്‌കൂട്ടർ വിപണിയെ കൈയിലെടുക്കാനായി പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ച് മുന്നേറുന്നവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. ഫാസിനോ, റേ ZR, എയ്റോക്‌സ് എന്നിങ്ങനെ മൂന്ന് മോഡലുകൾ മാത്രമാണ് കമ്പനിയുടെ ഗിയർലെസ് സ്‌കൂട്ടർ നിരയിലുള്ളതെങ്കിലും തരക്കേടില്ലാത്ത രീതിയിൽ കച്ചോടം പിടിക്കാൻ ബ്രാൻഡിനാവുന്നുണ്ട്. ഫാമിലി, ലേഡീസ് സ്‌കൂട്ടറായ ഫാസിനോ ഹൈബ്രിഡിനെ ഇക്കഴിഞ്ഞ ദിവസം പുതിയ അപ്ഡേറ്റുകളോടെ യമഹ പുതുക്കി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ യൂത്തൻമാരുടെ ഫേവറീറ്റായ റേ ZR സ്‌കൂട്ടറിന്റെ പുതിയ പതിപ്പിനേയും വിപണിയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി.
യമഹ മോട്ടോർ ഇന്ത്യ തങ്ങളുടെ സ്കൂട്ടർ ശ്രേണിയെ 2025 മോഡൽ ഇയറിലേക്ക് പുതുക്കുന്നതിന്റെ ഭാഗമായാണ് റേ ZR 125 ഹൈബ്രിഡിലേക്കും മാറ്റങ്ങൾ എത്തിയിരിക്കുന്നത്. 79,340 മുതൽ 92,970 രൂപ വരെ എക്സ്ഷോറൂം വില വരുന്ന വണ്ടിക്ക് കിടിലൻ നവീകരണങ്ങളാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഒരുക്കിവെച്ചിരിക്കുന്നത്. രാജ്യത്ത് വിൽപ്പനയ്‌ക്കുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള 125 സിസി സ്‌കൂട്ടറുകളിൽ ഒന്നായി ഇതിനെ മാറ്റുന്നു.

2025 യമഹ റേ ZR 125 നിരയിലെ പുതിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സ്പോർട്ടി ലുക്കുള്ള ഗിയർലെസ് സ്‌കൂട്ടറിന് 'എൻഹാൻസ്ഡ് പവർ അസിസ്റ്റ്' ഫംഗ്ഷൻ ലഭിക്കുന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഹൈ പെർഫോമൻസായിട്ടുള്ള ബാറ്ററി ഉപയോഗിച്ച് ഹൈ ടോർക്ക് നൽകുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഭാരം വഹിച്ച് കയറ്റം കയറുമ്പോഴും മറ്റും ആക്‌സിലറേഷനും മെച്ചപ്പെടുത്താൻ എൻഹാൻസ്ഡ് പവർ അസിസ്റ്റ് ഫംഗ്ഷൻ സഹായിക്കും.
മൈലേജ് വർധിപ്പിക്കുന്നതിനായി പുതിയ 2025 റേ RZ 125 സ്‌കൂട്ടറിൽ സ്റ്റാർട്ടർ മോട്ടോർ ജനറേറ്ററും സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും യമഹ തുടർന്നും വാഗ്‌ദാനം ചെയ്യും. ഹൈബ്രിഡ് ഗിയർലെസ് സ്‌കൂട്ടറിന്റെ പുതുക്കിയ മോഡലിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗൂഗിൾ മാപ്പുമായി ഇന്റഗ്രേറ്റ് ചെയ്‌ത ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ ഉൾക്കൊള്ളുന്ന പുതിയൊരു TFT ഡിജിറ്റൽ കൺസോളും ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

യമഹയുടെ Y-കണക്റ്റ് മൊബൈൽ ആപ്പ് വഴി ഈ ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയും. കൂടാതെ ലൈവ് ഡയറക്ഷൻ, ഇന്റർസെക്ഷൻ അലേർട്ടുകൾ, റോഡുകളുടെ പേരുകൾ എന്നിവയും TFT ഡിജിറ്റൽ കൺസോളിൽ കാണാനാവും. എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് ഫംഗ്ഷൻ, ആൻസർ ബാക്ക് ഫംഗ്ഷൻ, 21 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജ് എന്നിവയാണ് റേയിലെ മറ്റ് സവിശേഷതകൾ.
ഇതിനെല്ലാം പുറമെ പുത്തൻ കളർ ഓപ്ഷനുകളും 2025 മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ട്രീറ്റ് റാലി മാറ്റ് ഗ്രേ മെറ്റാലിക് കളർ സ്കീമിൽ വാഗ്ദാനം ചെയ്യുമ്പോൾ സ്കൂട്ടറിന്റെ ഡിസ്ക് വേരിയന്റിന് സ്പോർട്ടി സിൽവർ വൈറ്റ് കോക്ക്ടെയിൽ ഷേഡും യമഹ അവതരിപ്പിച്ചു. E20 ഫ്യുവലുമായി പൊരുത്തപ്പെടുന്ന 125 സിസി ഫ്യുവൽ-ഇൻജെക്റ്റഡ് എഞ്ചിൻ തന്നെയാണ് റേ ZR 125 ഹൈബ്രിഡിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8 bhp കരുത്തിൽ പരമാവധി 10.3 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. സൈലന്റ് സ്റ്റാര്‍ട്ടപ്പിനും മികച്ച ഇന്ധനക്ഷമതയ്ക്കുമായി സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്ററും (SMG) ഉപയോഗിച്ചിരിക്കുന്നതിനാൽ ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 71.33 കിലോമീറ്ററാണ്. ഇതുതന്നെയാണ് സെഗ്മെന്റിൽ യമഹയുടെ കരുത്തും.
സസ്‌പെൻഷനായി സ്കൂട്ടറിന് മുന്നിൽ ഒരു ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഒരു മോണോഷോക്കുമാണ് യമഹ ഒരുക്കിയിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുന്നിൽ ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് നൽകിയിരിക്കുന്നത്. 2025 റേ ZR സ്കൂട്ടറിനായുള്ള ബുക്കിംഗ് കമ്പനിയുടെ ഡീലർഷിപ്പുകളിലൂടെ ആരംഭിച്ചിട്ടുണ്ട്. റേZR സ്‌കൂട്ടറിന് 10 വര്‍ഷത്തെ വാറണ്ടിയാണ് യമഹ നൽകുന്നത്. ഇതിൽ 2 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും 8 വര്‍ഷത്തെ വിപുലീകൃത വാറണ്ടിയും ലഭിക്കും.


Click it and Unblock the Notifications








