വലിയ എസ്‌യുവി വാങ്ങുന്ന കാശാവും, പക്ഷേ ഇതിന്റെ ഗമ കിട്ടില്ല! പുതിയ മൾട്ടിസ്ട്രാഡ V2 പുറത്തിറക്കി ഡ്യുക്കാട്ടി
സൂപ്പർബൈക്ക് നിർമാതാക്കൾക്കിടയിലെ സൂപ്പർസ്റ്റാറാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ഡ്യുക്കാട്ടി. പലരുടേയും ഡ്രീം മോട്ടോർസൈക്കിളുകളിൽ ഒന്ന് ഈ ബ്രാൻഡിൽ നിന്നും പുറത്തിറങ്ങുന്ന ഏതെങ്കിലും മോഡലുകളിൽ ഒന്നായിരിക്കും. ഇത്തരം ബൈക്കുകൾ സ്വന്തമാക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് ബാലികേറാ മലയാണെങ്കിലും ഇതെല്ലാം സ്വപ്‌നം കണ്ട് കിടക്കാൻ വല്ലാത്തൊരു സുഖമാണ്. ഇപ്പോഴിതാ വീണ്ടും നമ്മുടെ ആഗ്രഹങ്ങളെ തീവ്രമാക്കാനായി ഏറ്റവും പുതിയ 2025 മൾട്ടിസ്ട്രാഡ V2, V2 S എന്നിവ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഭാരം, ഹാൻഡിലിംഗ്, സാങ്കേതികവിദ്യ എന്നിവയിൽ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചുകൊണ്ടാണ് മൾട്ടിസ്ട്രാഡ സീരീസിന്റെ ഇത്തവണത്തെ വരവ്.
കൂടുതൽ റൈഡേഴ്‌സിന് ആക്‌സസ് ചെയ്യാവുന്ന തരത്തിൽ മിഡിൽവെയ്റ്റ് അഡ്വഞ്ചർ-ടൂറിംഗ് ലൈനപ്പിനെ പരിഷ്ക്കരിക്കാനുള്ള ഡ്യുക്കാട്ടിയുടെ ശ്രമമാണ് ഈ മോഡലും പ്രതിഫലിപ്പിക്കുന്നത്. ട്വിൻ സിലിണ്ടർ എഞ്ചിന്റെ വൈവിധ്യം ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് മൾട്ടിസ്ട്രാഡ V2 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡ്യുക്കാട്ടി പ്രത്യേകം പറയുന്നുമുണ്ട്. പുതിയ 2025 ആവർത്തനങ്ങൾ ഒക്ടോബർ 27 മുതൽ ഇന്ത്യയിലെ എല്ലാ ഡീലർഷിപ്പുകളിലും ലഭ്യമാവും.

ഇതിൽ മൾട്ടിസ്ട്രാഡ V2 ഡ്യുക്കാട്ടി റെഡിന് 18.88 ലക്ഷം, മൾട്ടിസ്ട്രാഡ V2 S ഡ്യുക്കാട്ടി റെഡിന് 20.99 ലക്ഷം, മൾട്ടിസ്ട്രാഡ V2 S സ്റ്റോം ഗ്രീൻ വേരിയന്റിന് 21.29 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. പുതിയ മൾട്ടിസ്ട്രാഡ V2 മുമ്പത്തേതിനേക്കാൾ കൂടുതൽ സങ്കീർണവും ഭാരം കുറഞ്ഞതുമാണ് എന്നത് കൂടുതൽ ആളുകളെ ആകർഷിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.
മുൻ മോഡലിനേക്കാൾ 18 കിലോഗ്രാം ഭാരം കുറവാണ് പുതിയ 2025 മോഡലുകൾക്ക്. അങ്ങനെ ഇന്ധനം ഇല്ലാതെ പ്രീമിയം അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ ഭാരം 199 കിലോഗ്രാമായി നിലനിർത്താൻ ഇറ്റാലിയൻ ബ്രാൻഡിനായി. S വേരിയന്റിന് 202 കിലോഗ്രാം ഭാരവും വരുമെന്ന് ഡ്യുക്കാട്ടി പറയുന്നു. 2025 മൾട്ടിസ്ട്രാഡ V2 പതിപ്പിന് പുതിയ ഹെഡ്‌ലൈറ്റുകളുടെയും ഡിആർഎല്ലുകളുടെയും രൂപത്തിൽ ചില പുതിയ സ്റ്റൈലിംഗ് നവീകരണങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഇത് ഏറ്റവും പുതിയ തലമുറ പാനിഗാലെ, മൾട്ടിസ്ട്രാഡ V4 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സ്റ്റൈൽ നൽകാൻ സഹായിച്ചിട്ടുണ്ട്. കൂടാതെ, പുതിയ സൈലൻസറിന് ഷാർപ്പ് ആകൃതിയുമുണ്ട്. 10,750 ആർപിഎമ്മിൽ 115 bhp കരുത്തും 8,250 ആർപിഎമ്മിൽ 92 Nm ടോർക്കും നൽകുന്ന 890 സിസി V-ട്വിൻ എഞ്ചിനാണ് ഇതിൽ ഉപയോഗിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് 2.6 bhp അധികമായി ലഭിക്കും.
അതേസമയം 2025 മോഡൽ മൾട്ടിസ്ട്രാഡ V2 പതിപ്പുകൾക്ക് ടോർക്ക് ഔട്ട്പുട്ടിൽ 3.9 Nm കുറവ് സംഭവിച്ചിട്ടുണ്ടെന്നും ഡ്യുക്കാട്ടി പ്രത്യേകം പറഞ്ഞിട്ടുണ്ട്. V2, V2 S എന്നീ രണ്ട് വകഭേദങ്ങളിലും സ്ലിപ്പർ ക്ലച്ചും ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും ഉള്ള 6-സ്പീഡ് ഗിയർബോക്‌സ് ലഭിക്കുന്നു. മൾട്ടിസ്ട്രാഡ V2 S വേരിയന്റിൽ ഡ്യുക്കാട്ടി സ്കൈഹുക്ക് (DSS) ഇലക്ട്രോണിക് നിയന്ത്രണത്തോടുകൂടിയ സെമി-ആക്റ്റീവ് സസ്പെൻഷൻ ഉപയോഗിക്കുന്നു.

ഒരു ബട്ടൺ അമർത്തിയാൽ റിയർ സസ്പെൻഷൻ താഴ്ത്താൻ അനുവദിക്കുന്ന ഒരു മിനിമം പ്രീലോഡ് ഫംഗ്ഷനും ഇതിനുണ്ട്. കൂടാതെ, ഡ്യുക്കാട്ടി ട്രെല്ലിസ് ഫ്രെയിമിൽ നിന്ന് മാറി ഇപ്പോൾ ഒരു മോണോകോക്ക് ഫ്രണ്ട് ഫ്രെയിമിലാണ് മൾട്ടിസ്ട്രാഡ V2 സീരീസ് നിർമിച്ചിരിക്കുന്നത്. മറ്റ് ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ പുതിയ 5 ഇഞ്ച് ടിഎഫ്ടി കളർ സ്‌ക്രീനിൽ മൂന്ന് വ്യത്യസ്ത ഇൻഫോ മോഡുകളെ അടിസ്ഥാനമാക്കി പൂർണമായും നവീകരിച്ച ഇന്റർഫേസാണ് അവതരിപ്പിച്ചിരിക്കുന്നത്.
സ്‌പോർട്, ടൂറിംഗ്, അർബൻ, എൻഡ്യൂറോ, വെറ്റ് എന്നീ അഞ്ച് റൈഡിംഗ് മോഡുകൾ ബൈക്കിലുണ്ട്. കോർണറിംഗ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ (DTC), ഡ്യുക്കാട്ടി വീലി കൺട്രോൾ (DWC), എഞ്ചിൻ ബ്രേക്ക് കൺട്രോൾ (EBC) എന്നീ ഫീച്ചറുകളും പ്രീമിയം അഡ്വഞ്ചർ ബൈക്കിലുണ്ട്. കൂടാതെ റൈഡർക്ക് പരിഷ്‌ക്കരിക്കാനും കഴിയും. ക്രൂയിസ് കൺട്രോൾ, യുഎസ്ബി സോക്കറ്റ്, ഡ്യുക്കാട്ടി ബ്രേക്ക് ലൈറ്റ് EVO എന്നിവയാണ് 2025 മൾട്ടിസ്ട്രാഡ V2 മോഡലുകളുടെ മറ്റ് സവിശേഷതകൾ.


Click it and Unblock the Notifications








