500 സിസി ക്രൂയിസർ ബൈക്കിലേക്ക് പുതിയ മാറ്റവുമായി ഹോണ്ട, പരിഷ്ക്കാരം കേട്ട് അയ്യേ വെക്കരുതേ
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ പ്രശസ്‌ത ബ്രാൻഡാണ് ഹോണ്ട. നല്ല അടിപൊളി എഞ്ചിനും താങ്ങാനാവുന്ന വിലയുമുള്ള ബൈക്കുകളും സ്‌കൂട്ടറുകളുമെല്ലാം നമുക്ക് തന്ന് വളർന്ന കമ്പനി കൃത്യമായ ഇടവേളകളിൽ തങ്ങളുടെ മോഡൽ നിരയെ വിപുലീകരിക്കാറുണ്ട്. ആഭ്യന്തര വിപണിയിലേത് പോലെ വിദേശത്തും കമ്പനി സജീവമാണ്. 2026 മോഡൽ വർഷത്തേക്കുള്ള ഹോണ്ട റെബൽ 500 ക്രൂയിസറിനെ പുതിയ കളർ ഓപ്ഷനുകളോടെ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ് ഇപ്പോൾ. എന്നാൽ ഇന്ത്യയിലെ റോയൽ എൻഫീൽഡുകൾക്ക് ഭീഷണിയില്ലെന്നതാണ് രസകരമായ കാര്യം. അതായത് വിദേശ വിപണികൾക്കായാണ് ക്രൂയിസർ ബൈക്ക് പുതുക്കിയിരിക്കുന്നത്.
എങ്കിലും ഈ മാറ്റം അധികം വൈകാതെ ഇന്ത്യയിലേക്കും എത്തുമെന്നാണ് വിവരം. പുതിയ നിറം അവതരിപ്പിച്ചുവെങ്കിലും മിഡിൽവെയ്റ്റ് ക്രൂയിസർ നിലവിലെ മോഡലിന് സമാനമായി തുടരുകയാണ് ചെയ്യുന്നത്. ഇതുവരെ വാഗ്ദാനം ചെയ്ത അതേ എഞ്ചിൻ, പവർ കണക്കുകൾ, ഹാർഡ്‌വെയർ, ടെക് സ്യൂട്ടുകൾ എന്നിവ തന്നെയാണ് ഹോണ്ടയുടെ പുത്തൻ 2026 മോഡൽ റെബലിലും ഒരുക്കിയിട്ടുള്ളത്.

പേൾ ബ്ലാക്ക്, പേൾ സ്മോക്കി ഗ്രേ എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളാണ് മിഡിൽ വെയ്റ്റ് 500 സിസി ക്രൂയിസർ ബൈക്കിലേക്ക് പുതുതായി എത്തിയിരിക്കുന്നത്. ടോപ്പ്-സ്പെക്ക് റെബൽ 500 SE വേരിയന്റ് വാങ്ങുന്നവർക്കാണ് പുതിയ പേൾ ബ്ലൂ ഷേഡ് തെരഞ്ഞെടുക്കാൻ അവസരം ലഭിക്കുക. ബേസ് മോഡലിന് 6,799 ഡോളറാണ് വില വരുന്നത്. അതായത് ഏകദേശം 5.98 ലക്ഷം രൂപ. SE പതിപ്പ് നോക്കുന്നവർക്ക് 6,999 ഡോളറും ചെലവഴിക്കേണ്ടതായി വരും.
ഇത് ഇന്ത്യൻ റുപ്പിയിലേക്ക് മാറ്റുമ്പോൾ വില 6.15 ലക്ഷം രൂപയയോളം വരുമെന്ന് ചുരുക്കം. നമ്മുടെ നാട്ടിൽ റെബൽ 500 നിലവിൽ 5.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുറത്തിറക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും ഉയർന്ന തുക മുടക്കേണ്ടതായി വരുന്നത്. CBU റൂട്ടിലൂടെ എത്തുന്ന ബൈക്ക് ഒരൊറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ.

ഗുരുഗ്രാം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലുള്ള ഹോണ്ടയുടെ ബിഗ്‌വിംഗ് ടോപ്‌ലൈൻ ഡീലർഷിപ്പുകളിൽ നിന്ന് മാത്രമാണ് ഈ ക്രൂയിസർ വിൽക്കുന്നത്. കേരളത്തിലേക്ക് റെബൽ 500 ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 471 സിസി, ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് ഹോണ്ട റെബൽ 500 ക്രൂയിസർ മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.
ഈ 8-വാൽവ് DOHC എഞ്ചിന് 8,500 ആർപിഎമ്മിൽ 45.5 bhp കരുത്തും 6,000 ആർപിഎമ്മിൽ പരമാവധി 43.3 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. നല്ല ലോ, മിഡ് റേഞ്ച് പവർ ഡെലിവറിക്കായാണ് ഹോണ്ട റെബൽ 500 ബൈക്കിന്റെ എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകൾ പിന്നിൽ ഷോവയിൽ നിന്ന് കടമെടുത്ത ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് റെബലിൽ ഒരുക്കിയിരിക്കുന്നത്.

ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗിനായി മുന്നിൽ 296 mm വലിപ്പമുള്ള ഡിസ്കും പിന്നിൽ 240 mm വലിപ്പമുള്ള ഡിസ്ക്കുമാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസിന്റെ പിന്തുണയും ഹോണ്ട റെബൽ 500 ക്രൂയിസർ ബൈക്കിലുണ്ട്. പുതിയ നിറങ്ങളോടെ മോഡൽ ഉടൻ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








