എക്‌സ്‌പൾസിന്റെ അന്തകന്റെ പണിതുടങ്ങിയെന്ന് കവസാക്കി, 1.99 ലക്ഷം മതി ഈ ഡ്യുവൽ സ്പോർട്ട് ബൈക്ക് വാങ്ങാൻ
ഇന്ത്യയിലെ സൂപ്പർബൈക്ക് വിപണിയിൽ അരങ്ങുവാഴുന്ന ഡ്യുക്കാട്ടി, ബിഎംഡബ്ല്യു പോലുള്ള യൂറോപ്യൻ കമ്പനികൾക്കെതിരെ പോരടിക്കുന്ന ജാപ്പനീസ് വില്ലനാണ് കവസാക്കി. ടീം ഗ്രീൻ എന്ന് സ്നേഹത്തോടെ മോട്ടോർസൈക്കിൾ പ്രേമികൾ വിളിക്കുന്ന ബ്രാൻഡിന്റെ നിരയിൽ ഇല്ലാത്ത തരം മോഡലുകളൊന്നുമില്ലെന്ന് വേണം പറയാൻ. ക്ലാസിക്, അഡ്വഞ്ചർ, സ്പോർട്‌ട് ടൂറർ അങ്ങനെ നീളുന്ന കിടിലൻ ബൈക്കുകളുടെ കമനീയ ശേഖരം തന്നെയാണ് കവസാക്കിക്ക് ഇന്ത്യയിലുള്ളത്. ഡ്യുവൽ സ്പോർട്ട് സെഗ്മെന്റിൽ പോലും സാന്നിധ്യമുള്ള കമ്പനി പോയവർഷം KLX 230 S എന്ന റോഡ് ലീഗൽ ബൈക്കും നമുക്കായി സമർപ്പിച്ചിരുന്നു.
ഇതിന് ശേഷം വില കുറച്ച് KLX 230 ഡ്യുവൽ സ്പോർട്ട് ബൈക്കിന്റെ 2026 മോഡലിനെയും കവസാക്കി അടുത്തിടെ ഇന്ത്യക്കായി പുറത്തിറക്കിയിരുന്നു. ഇതും പൂർണമായും ഇന്ത്യയിൽ തന്നെ നിർമിക്കുന്ന ഉൽപ്പന്നമായാണ് പുതിയ പതിപ്പ് വിപണിയിലെത്തുകയെന്ന് ബ്രാൻഡ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിൽ 2026 KLX 230 സീരീസ് ബൈക്കുകളുടെ ഉത്പാദനം ആരംഭിച്ചതായി കവസാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.

തദ്ദേശീയമായി നിർമിച്ച മോഡലുകൾ ഉടൻ തന്നെ ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. ബുക്ക് ചെയ്ത യൂണിറ്റുകളുടെ ഡെലിവറികൾ വരും ആഴ്ച്ചകളിൽ ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. തുടക്കത്തിൽ 3.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ പുറത്തിറക്കിയ ബൈക്കിന് നിലവിൽ 1.30 ലക്ഷം രൂപയോളം കമ്പനി വെട്ടിക്കുറച്ചിരുന്നു. അങ്ങനെ 1.99 ലക്ഷത്തിന് ഈ ഡ്യുവൽ സ്പോർട്ട് മോട്ടോർസൈക്കിൾ വാങ്ങിക്കാനാവും.
ഇതോടെ ഹീറോ എക്‌സ്‌പൾസ് 200, എക്‌സ്‌പൾസ് 210 മോഡലുകൾക്ക് വലിയ തിരിച്ചടി നൽകാനാവുമെന്നാണ് കവസാക്കി വിശ്വസിക്കുന്നത്. വില കുറയ്ക്കാനായി ചെറിയ പരിഷ്ക്കാരങ്ങളും ബൈക്കിൽ വരുത്തിയിട്ടുണ്ട്. ഇതിനായി രണ്ട് ഘടകങ്ങൾ നവീകരിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിൽ ആദ്യത്തേത് അപ്‌ഡേറ്റ് ചെയ്‌ത 2026 മോഡലിൽ പുതിയ സസ്‌പെൻഷൻ ജോമെട്രി ഉൾപ്പെടുത്തിയതാണ്.

ഇത് വീൽ ട്രാവലിനെ നേരിയ തോതിൽ കുറച്ചിരിക്കുകയാണ്. കൂടാതെ മുമ്പത്തെ ഡ്യുവൽ-ചാനൽ എബിഎസ് സജ്ജീകരണത്തിന് പകരം ഇപ്പോൾ സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റമാണ് KLX 230 ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കവസാക്കി പറയുന്നു. ഉപഭോക്താക്കൾ സാധാരണയായി ഓഫ്-റോഡിനും മറ്റും പോകുമ്പോൾ സിംഗിൾ-ചാനൽ സിസ്റ്റമാണ് ഉപകാരപ്പെടുക എന്നതിനാൽ ഇതൊന്നും അത്ര കാര്യമാക്കാനില്ല.
ഈ രണ്ട് കാര്യങ്ങൾ ചെയ്‌താൽ ഇത്രയും വലിയ രീതിയിൽ വില കുറയ്ക്കാനാവുമോ എന്നത് പലർക്കും സംശയമുണ്ടാവാൻ സാധ്യതയുണ്ട്. ഈ കുത്തനെയുള്ള വില പുനഃക്രമീകരണത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് പ്രാദേശിക ഉൽപ്പാദനത്തിലേക്കുള്ള മാറ്റമാണ്. KLX 230 ഇപ്പോൾ പൂർണമായും ഇന്ത്യയിലാണ് നിർമിക്കപ്പെടുന്നത്. ഇതുവഴി കവസാക്കിക്ക് ചെലവ് കുറയ്ക്കാനും ഉപഭോക്താക്കൾക്ക് ലാഭം നൽകാനും സാധിച്ചുവെന്ന് വേണം പറയാൻ.

6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 233 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് KLX 230 മോഡലിന്റെ ഹൃദയം. ഇത് 8,000 ആർപിഎമ്മിൽ ഏകദേശം 18.7 bhp കരുത്തും 6,000 ആർപിഎമ്മിൽ 19 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ലൈം ഗ്രീൻ, അണ്ടർസ്റ്റേറ്റഡ് ബാറ്റിൽ ഗ്രേ എന്നിങ്ങനെ രണ്ട് പുത്തൻ കളർ ഓപ്ഷനുകളിലാണ് കവസാക്കി ബൈക്ക് വാഗ്ദാനം ചെയ്യുന്നത്.
ലീൻ ഫ്രെയിം, സിംഗിൾ-പീസ് സീറ്റ്, എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടുന്ന ഡിജിറ്റൽ എൽസിഡി ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളുന്ന മിനിമലിസ്റ്റ് ഡ്യുവൽ-സ്‌പോർട്‌സ് ലുക്ക് ആരേയും മോഹിപ്പിക്കാൻ യോഗ്യമാണ്. താരതമ്യേന ചെറിയ ഫ്യുവൽ ടാങ്ക് ശേഷിയാണ് KLX 230-യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് വെറും 7.6 ലിറ്റർ ഇന്ധനം മാത്രമാണ് ഒരുതവണ പരമാവധി നിറക്കാനാവുന്നതെന്ന് സാരം. അതായത് ഹൈ ടൂറിംഗിനൊന്നും കൊണ്ടുപോവാമെന്ന് കരുതേണ്ടന്ന് ചുരുക്കം.


Click it and Unblock the Notifications








