എക്‌സ്‌പൾസ് ഇതോടെ തീരും! കവസാക്കി KLX230 ഇനി 1.99 ലക്ഷത്തിന് വാങ്ങിക്കാം, ഒറ്റയടിക്ക് കുറച്ചത് 1.30 ലക്ഷം രൂപ
ഇന്ത്യൻ വിപണിയിലെ പ്രശസ്‌ത സൂപ്പർബൈക്ക് നിർമാതാക്കളാണ് കവസാക്കി. ഏതുതരത്തിലുള്ള മോട്ടോർസൈക്കിളുകളും പണിതിറക്കാൻ തങ്ങൾക്കാവുമെന്ന് പലവട്ടം തെളിയിച്ചിട്ടുമുണ്ട് ടീം ഗ്രീൻ. പണ്ട് ബജാജിന്റെ കൈപിടിച്ച് വന്ന ബ്രാൻഡ് സ്വന്തമായി അഡ്രസുണ്ടാക്കിയെടുത്തതും അങ്ങനെ തന്നെയാണ്. നിലവിൽ ഇന്ത്യക്കാർക്ക് ബജറ്റ് ഫ്രണ്ട്ലി അഡ്വഞ്ചർ അല്ലെങ്കിൽ ഡ്യുവൽ സ്പോർട്ട് ബൈക്കുകളോട് വല്ലാത്തൊരു പ്രണയമുണ്ടെന്ന് കവസാക്കി മനസിലാക്കിയിട്ടുണ്ട്. അങ്ങനെ ഇത്തരക്കാരെ ചാക്കിലാക്കാനായി കമ്പനി പോയവർഷം KLX230 എന്നൊരു കിടിലൻ മോഡലിന് രൂപം കൊടുത്തിരുന്നു. മോട്ടോർസ്പോർട്ടുകളിൽ ഉപയോഗിക്കുന്ന രൂപവുമായി എത്തിയ മോഡൽ അതിവേഗം ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു.
ഹീറോ എക്‌സ്‌പൾസ്, റോയൽ എൻഫീൽഡ് ഹിമാലയൻ, കെടിഎം അഡ്വഞ്ചർ സീരീസ് എന്നിവയ്ക്ക് പണികൊടുക്കാനായി എത്തിയ ബൈക്കിന്റെ വിലകേട്ട് പക്ഷേ ഇന്ത്യക്കാർ ഞെട്ടി. താങ്ങാനാവുന്ന വിലയിൽ എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തി 3.30 ലക്ഷം രൂപയാണ് ഈ സ്റ്റൈലൻ മോട്ടോക്രോസ് ലുക്കുള്ള അഡ്വഞ്ചർ മോട്ടോർസൈക്കിളിനായി മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില.

എന്നാൽ ഇപ്പോഴിതാ സുപ്രധാനമായൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ. തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ ഡ്യുവൽ-സ്‌പോർട്‌സ് മോഡലിനുള്ള ആവശ്യം വർധിപ്പിക്കുന്നതിനായി കവസാക്കി ഇന്ത്യ KLX 230 ബൈക്കിന്റെ എക്‌സ്‌ഷോറൂം വിലയിൽ 1.30 ലക്ഷം രൂപയുടെ കുറവ് വരുത്തിയിരിക്കുകയാണ്. ഇത്രയും വലിയൊരു തുക വെട്ടിക്കുറച്ചത് എതിരാളികളുടെ നെഞ്ചിൽ തീ കോരിയിടുന്നതിന് സമാനമാണ്.
ആദ്യം 3.30 ലക്ഷത്തിന് പുറത്തിറക്കിയ മോട്ടോർസൈക്കിൾ ഇപ്പോൾ 1.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ വില കുറയ്ക്കാനായി ചെറിയ പരിഷ്ക്കാരങ്ങളും ബൈക്കിൽ വരുത്തിയിട്ടുണ്ടെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണേ. കവസാക്കി രണ്ട് ഘടകങ്ങൾ നവീകരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. അപ്‌ഡേറ്റ് ചെയ്‌ത 2026 മോഡലിൽ പുതിയ സസ്‌പെൻഷൻ ജോമെട്രി ഉൾപ്പെടുന്നുണ്ട്.

ഇത് വീൽ ട്രാവലിനെ നേരിയ തോതിൽ കുറച്ചിരിക്കുകയാണ്. കൂടാതെ മുമ്പത്തെ ഡ്യുവൽ-ചാനൽ എബിഎസ് സജ്ജീകരണത്തിന് പകരം ഇപ്പോൾ സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റമാണ് KLX 230 ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കവസാക്കി പറയുന്നു. ഉപഭോക്താക്കൾ സാധാരണയായി ഓഫ്-റോഡിനും മറ്റും പോകുമ്പോൾ സിംഗിൾ-ചാനൽ സിസ്റ്റമാണ് ഉപകാരപ്പെടുക എന്നതിനാൽ ഇതൊന്നും അത്ര കാര്യമാക്കാനില്ല.
ഈ 2 കാര്യങ്ങൾ ചെയ്‌താൽ ഇത്രയും വലിയ രീതിയിൽ വില കുറയ്ക്കാനാവുമോ എന്നത് പലർക്കും സംശയമുണ്ടാവാൻ സാധ്യതയുണ്ട്. ഈ കുത്തനെയുള്ള വില പുനഃക്രമീകരണത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് പ്രാദേശിക ഉൽപ്പാദനത്തിലേക്കുള്ള മാറ്റമാണ്. KLX 230 ഇപ്പോൾ പൂർണമായും ഇന്ത്യയിലാണ് നിർമിക്കപ്പെടുന്നത്. ഇതുവഴി കവസാക്കിക്ക് ചെലവ് കുറയ്ക്കാനും ഉപഭോക്താക്കൾക്ക് ലാഭം നൽകാനും സാധിച്ചുവെന്ന് വേണം പറയാൻ.

വില വെട്ടിച്ചുരുക്കിയതിനൊപ്പം ദൃശ്യപരമായ വ്യത്യാസവും ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈം ഗ്രീൻ, അണ്ടർസ്റ്റേറ്റഡ് ബാറ്റിൽ ഗ്രേ എന്നിങ്ങനെ രണ്ട് പുത്തൻ കളർ ഓപ്ഷനുകളിലാണ് കവസാക്കി ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. ലീൻ ഫ്രെയിം, സിംഗിൾ-പീസ് സീറ്റ്, എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടുന്ന ഡിജിറ്റൽ എൽസിഡി ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളുന്ന മിനിമലിസ്റ്റ് ഡ്യുവൽ-സ്‌പോർട്‌സ് സൗന്ദര്യശാസ്ത്രം അതേപടി തുടരുന്നുണ്ട്.
8,000 ആർപിഎമ്മിൽ 18.1 bhp പവറും 6,400 ആർപിഎമ്മിൽ 18.3 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 233 സിസി എയർ കൂൾഡ് മോട്ടോറാണ് KLX230 ഡ്യുവൽ സ്പോർട്ട് ബൈക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. താരതമ്യേന ചെറിയ ഫ്യുവൽ ടാങ്ക് ശേഷിയാണ് കക്ഷിക്കുള്ളത്. അതായത് വെറും 7.6 ലിറ്റർ ഇന്ധനം മാത്രമാണ് ഒരുതവണ പരമാവധി നിറക്കാനാവുന്നതെന്ന് സാരം. ആയതിനാൽ ടൂറിംഗിനൊന്നും പറ്റത്തേയില്ല.


Click it and Unblock the Notifications








