എൻഫീൽഡിലേത് പോലെ വൈബ്രേഷൻ ഒന്നുമില്ല, ക്രൂയിസർ ബൈക്കിലേക്ക് പുതിയ മാറ്റങ്ങളോടെ കവസാക്കി
പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ മോട്ടോർസൈക്കിൾ നിരയിലേക്ക് 2026 മോഡൽ ഇയർ അപ്ഡേറ്റുമായി കളംനിറയുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി. വെർസിസ് 650, Z650RS എന്നിവയോടൊപ്പം വൾക്കാൻ S ക്രൂസിയർ ബൈക്കിൻ്റെയും പുതുമോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടീം ഗ്രീൻ. മൂന്ന് മോട്ടോർസൈക്കിളുകളിലെയും പ്രധാന ആകർഷണം E20 ഫ്യുവൽ മാനദണ്ഡങ്ങൾ പാലിക്കുന്ന എഞ്ചിനും പുതിയ കളർ ഓപ്ഷനുകളുമാണ്. മെക്കാനിക്കൽ വശങ്ങളിൽ ബൈക്കുകൾക്ക് കാര്യമായ മാറ്റങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല.
കവാസാക്കി വൾക്കാൻ എസ് മിഡ്-കപ്പാസിറ്റി ക്രൂയിസർ മോട്ടോർസൈക്കിളിൻ്റെ 2026 മോഡലിൻ്റെ വിശേഷങ്ങളാണ് ഈ ലേഖനത്തിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്. 8.13 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് വാഹനം വിപണിയിൽ എത്തിച്ചിരിക്കുന്നത്. മുകളിൽ പറഞ്ഞത് പോലെ മെക്കാനിക്കൽ വശങ്ങളിലും ഡിസൈനിലും വൾക്കാൻ മുൻഗാമിക്ക് സമാനമാണ്. എങ്കിലും പുതുമ കൊണ്ടുവരാനായി അല്ലചില്ലറ നവീകരണങ്ങൾ കാണാനാവും.

മുമ്പ് ലഭ്യമായിരുന്ന പേൾ മാറ്റ് സേജ് ഗ്രീൻ നിറത്തിന് പകരമായി പുതിയ മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക് കളർ ഓപ്ഷനിലാണ് വൾക്കൻ എസ് വാഗ്ദാനം ചെയ്യുന്നത്. ക്രൂയിസറിൻ്റെ മിനിമലിസ്റ്റ് സ്റ്റൈലിംഗും ഓപ്പൺ മെക്കാനിക്കൽ ഘടകങ്ങളും ആളുകൾക്ക് പണ്ട് മുതലേ വളരെ താത്പര്യമുള്ളതാണ്. വൾക്കൻ എസിൻ്റെ ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്ന് ഇപ്പോഴും കവസാക്കിയുടെ ERGO-FIT സിസ്റ്റമാണ്. ERGO-FIT സീറ്റ്, ഫുട്‌പെഗുകൾ, ഹാൻഡിൽബാറുകൾ എന്നിവ അഡ്‌ജസ്റ്റ് ചെയ്യാനാവുന്നതാണ് ഈയൊരു സംവിധാനം.
ലോ റീച്ച്, മിഡ് റീച്ച്, എക്സ്റ്റെൻഡഡ് റീച്ച് കോൺഫിഗറേഷനുകൾ എന്നിവയിലായി 18 വരെ സാധ്യമായ കോമ്പിനേഷനുകൾ ഉപയോഗിച്ച് കൂടുതൽ വ്യക്തിഗതമാക്കിയതും ആത്മവിശ്വാസം നൽകുന്നതുമായ റൈഡിംഗ് പൊസിഷൻ നൽകാനാണ് ERGO-FIT സിസ്റ്റം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ വിഭാഗത്തിൽ അപൂർവമായി മാത്രം നിലനിൽക്കുന്ന ഒരു സവിശേഷതയാണിത്. E20 ഇന്ധന മാനദണ്ഡങ്ങൾ പാലിക്കുന്ന പുതുക്കിയ എഞ്ചിനും ഡ്-കപ്പാസിറ്റി ക്രൂയിസർ മോട്ടോർസൈക്കിളിൽ ഇത്തവണ കൊടുത്തിട്ടുണ്ട്.

സുഗമമായ പവർ ഡെലിവറിക്കും ദൈനംദിന ഉപയോഗക്ഷമതയ്ക്കും മുൻഗണന നൽകുന്നത് തുടരുന്നുണ്ടെന്നത് ആളുകൾക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. പരിചിതമായ 649 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,500 ആർപിഎമ്മിൽ 61 bhp പവറും 6,600 ആർപിഎമ്മിൽ 61 Nm ടോർക്കും നൽകാനാവും.
E20 അനുയോജ്യതയ്ക്ക് ആവശ്യമായ അപ്‌ഡേറ്റുകൾ കാരണം പവർ കണക്കുകളിൽ മുമ്പത്തേതിനേക്കാൾ നേരിയ കുറവ് സംഭവിച്ചിട്ടുണ്ടെന്നും കവസാക്കി പ്രത്യേകം പറഞ്ഞിട്ടുണ്ട്. എഞ്ചിൻ അപ്‌ഡേറ്റ് ഒഴികെ, മറ്റ് മെക്കാനിക്കൽ വശങ്ങളിൽ കവസാക്കി വൾക്കൻ എസ് വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഉയർന്ന ടെൻസൈൽ സ്റ്റീൽ കൊണ്ട് നിർമിച്ച പെരീമീറ്റർ ഫ്രെയിമിലാണ് പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത്.

സസ്പെൻഷനായി മുന്നിൽ 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു ഓഫ്‌സെറ്റ് മോണോഷോക്കുമാണ് 2026 മോഡൽ കവസാക്കി വൾക്കാൻ എസിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രീമിയം ക്രൂയിസറിൻ്റെ ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുൻവശത്ത് 300 mm വലിപ്പമുള്ള സിംഗിൾ ഡിസ്ക് ബ്രേക്കും പിന്നിൽ 250 mm വലിപ്പമുള്ള ഡിസ്ക് ബ്രേക്കുമാണ് ലഭിക്കുക. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിൻ്റെ സപ്പോർട്ടും ലഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








