ഭാരം കുറഞ്ഞു, പവർ കൂട്ടി! 2026 മോഡൽ Z900 പുറത്തിറക്കി കവസാക്കി; വിലയും 19,000 രൂപ കുറച്ചു
തങ്ങളുടെ സൂപ്പർബൈക്ക് (Superbike) നിരകൾക്ക് 2026 മോഡൽ ഇയർ പരിഷ്ക്കാരങ്ങൾ നൽകുന്ന തിരക്കിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി (Kawasaki). ഇക്കഴിഞ്ഞ ദിവസം പുത്തൻ മാറ്റങ്ങളോടെ ടീം ഗ്രീൻ വെർസിസ് 1100 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വലിയ ബൈക്കുകളിലൊന്നായ Z900 നേക്കഡ് സൂപ്പർസ്പോർട്ടിന്റെ (2026 Kawasaki Z900) പുതിയ പതിപ്പിനെയും നമ്മുടെ രാജ്യത്തിനായി സമ്മാനിച്ചിരിക്കുകയാണ് കമ്പനി. മുൻഗാമിയേക്കാൾ കുറഞ്ഞ വിലയിലാണ് മോട്ടോർസൈക്കിളിന്റെ പുത്തൻ ആവർത്തനം എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2026 കവസാക്കി Z900 സൂപ്പർബൈക്കിന് 9.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതായത് മുൻമോഡലിനെ അപേക്ഷിച്ച് വിലയിൽ 19,000 രൂപയുടെ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് ചുരുക്കം. കഴിഞ്ഞ വർഷത്തെ അപ്‌ഡേറ്റ് അടുത്തിടെയാണ് അവതരിപ്പിച്ചത് എന്നതിനാൽ ഇത്തവണ കാര്യമായ നവീകരണങ്ങളൊന്നും മോഡലിലേക്ക് എത്തിയിട്ടില്ലെന്ന് വേണം മനസിലാക്കാൻ.

2026 മോഡൽ ഇയർ നവീകരണത്തിന്റെ ഭാഗമായി കവസാക്കി Z900 സൂപ്പർബൈക്കിന് കാൻഡി ലൈം ഗ്രീൻ/മെറ്റാലിക് കാർബൺ ഗ്രേ, മെറ്റാലിക് മാറ്റ് ഗ്രാഫീൻ സ്റ്റീൽ ഗ്രേ/മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു അത്ഭുതകരമായ മാറ്റം പവർ, ടോർക്ക് ഔട്ട്‌പുട്ട് കണക്കുകരളിലൂണ്ടായിരിക്കുന്ന നേരിയ വർധനവാണ്. ഏറ്റവും പുതിയ ആവർത്തനം 123.6 bhp പവറിൽ 98.6 Nm ടോർക്ക് വരെ നിർമിക്കാൻ കഴിവുള്ളതാണ്.
അതായത് പുതിയ ആവർത്തനത്തിന് 1.6 bhp കരുത്തും 1.2 Nm ടോർക്കും അധികമായി ലഭിച്ചിട്ടുണ്ടെന്ന് സാരം. മാത്രമല്ല മോട്ടോർസൈക്കിളിന്റെ ഭാരം മുമ്പത്തേക്കാൾ 1 കിലോഗ്രാം കുറവാണ്. അങ്ങനെ ഇപ്പോൾ കവസാക്കിയുടെ നേക്കഡ് സൂപ്പർസ്പോർട്ടിന് മൊത്തത്തിൽ 212 കിലോഗ്രാം ഭാരമാണ് വരുന്നത്. 948 സിസി, ഇൻലൈൻ ഫോർ-സിലിണ്ടർ എഞ്ചിനാണ് 2026 Z900-ന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

ലോവർ റെവിൽ പോലും മികച്ച ടോർക്ക് ഡെലിവറിക്ക് വേണ്ടി കഴിഞ്ഞ വർഷം എഞ്ചിന് പുതിയ ക്യാം പ്രൊഫൈലുകൾ കമ്പനി ഒരുക്കിയിരുന്നു. റൈഡ്-ബൈ-വയർ ത്രോട്ടിൽ, ക്രൂയിസ് കൺട്രോൾ, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ തുടങ്ങിയ കൂടുതൽ ഇലക്ട്രോണിക് സഹായങ്ങളും ഈ 10 ലക്ഷത്തിന്റെ സൂപ്പർബൈക്കിലുണ്ട് കേട്ടോ. IMU-അസിസ്റ്റഡ് കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ് എന്നിവയും പുതിയ അഞ്ച് ഇഞ്ച് TFT സ്ക്രീനും Z900-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടയറുകളിലും ബ്രേക്കിംഗ് ഹാർഡ്‌വെയറിലും കഴിഞ്ഞ വർഷം ചില മെച്ചപ്പെടുത്തലുകൾ ലഭിച്ചിരുന്നു. അതെല്ലാം ഇത്തവണ അതേപടി മുമ്പോട്ട് കൊണ്ടുപോവുകയാണ്. മുകളിൽ പറഞ്ഞതു പോലെ ഇതിനൊപ്പം 2026 വെർസിസ് 1100 മോഡലും കവസാക്കി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 13.79 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സൂപ്പർബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. എഞ്ചിൻ പെർഫോമൻസും റൈഡിംഗ് ഡൈനാമിക്‌സും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നവീകരണങ്ങളാണ് മോട്ടോർസൈക്കിളിൽ ഇത്തവണ കൊണ്ടുവന്നിരിക്കുന്നതും.

1,099 സിസി, ലിക്വിഡ്-കൂൾഡ്, ഇൻ-ലൈൻ ഫോർ എഞ്ചിനാണ് 2026 കവസാക്കി വെർസിസ് 1100-ന്റെ ഹൃദയം. 6-സ്പീഡ് റിട്ടേൺ ഷിഫ്റ്റ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 135 bhp കരുത്തിൽ പരമാവധി 112 Nm torque വരെയാണ് നിർമിക്കാനാവുക. വെർസിസ് 1000 പതിപ്പിനെ അപേക്ഷിച്ച് കൂടുതൽ ഉയർന്ന ആർപിഎം പവർ ഉള്ളതിനാൽ വെർസിസ് 1100 അതിന്റെ ക്രൂയിസിംഗ് കഴിവുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.
കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസ് കണക്കുകളാണുള്ളതെങ്കിലും ഇന്ധനക്ഷമതയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ കൊടുത്താണ് കവസാക്കി 2026 കവസാക്കി വെർസിസി 1100 ഒരുക്കിയിരിക്കുന്നത്. നൂതനമായ ഇസിയു പ്രോഗ്രാമിംഗ് ഉപയോഗിച്ചാണ് ഇത് നേടിയിരിക്കുന്നത്. ഉയർന്ന മൈലേജും 21 ലിറ്ററിന്റെ വലിയ ഫ്യുവൽ ടാങ്കും ഉള്ളതിനാൽ ടൂറിംഗ് അടിപൊളിയാകും. എന്തായാലും ടീം ഗ്രീനിന്റെ പുതിയ നിരയെ ഇന്ത്യക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് തന്നെ കണക്കുകൂട്ടാം.


Click it and Unblock the Notifications








