ജനുവരി മുതൽ ഇരുചക്ര വാഹനങ്ങൾക്ക് വിലകൂടും, കാരണം കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം
നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന് കീഴിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വകുപ്പാണ് ഇന്ത്യയുടെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റേത്. നിതിൻ ഗഡ്‌കരി നയിക്കുന്ന വകുപ്പിനോട് അതൃപിത്തിയുള്ള അധികമാളുകൾ ഉണ്ടാവില്ല. സമീപ വർഷങ്ങളിൽ, റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി ഗഡ്‌കരിയുടെ നേതൃത്വത്തിൽ വിവിധ ഉത്തരവുകൾ നടപ്പിലാക്കുന്നുണ്ട്. ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2026 ജനുവരി 1 മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും എബിഎസ് എന്ന ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) നിർബന്ധമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
അതും എഞ്ചിൻ വലിപ്പം പരിഗണിക്കാതെ തന്നെയാണ് ഈ നിയമം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ വിപണനത്തിന് എത്തിക്കുന്ന 125 സിസിക്ക് മുകളിലുള്ള എഞ്ചിനുകളുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ എബിഎസ് നിർബന്ധമായിരുന്നുള്ളൂ. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അംഗീകരിച്ച പുതിയ തീരുമാനം വഴി റോഡുകളിൽ സംഭവിക്കുന്ന അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

നിലവിൽ രാജ്യത്ത് നടക്കുന്ന റോഡപകട മരണങ്ങളിൽ 40 ശതമാനത്തിലധികവും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് സംഭവിക്കുന്നത്. എബിഎസ് നിർബന്ധമാക്കുന്നതിനൊപ്പം പുതിയ ഇരുചക്ര വാഹനങ്ങൾ വിൽക്കുമ്പോൾ ഡീലർഷിപ്പുകൾ നിർബന്ധമായും രണ്ട് ISI സർട്ടിഫൈഡ് ഹെൽമെറ്റുകൾ ഉടമയ്ക്ക് നൽകണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാണെന്നതിനെ കണക്കിലെടുത്താണ് ഇത്തരത്തിലൊരു നിയമം കൂടെ നടപ്പിലാക്കാൻ ഇന്ത്യയുടെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ശുപാർശ ചെയ്‌തിരിക്കുന്നത്. പുതിയ തീരുമാനം സ്വാഗതാർഹമാണെങ്കിലും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) നിർബന്ധമാക്കുന്നതോടെ രാജ്യത്തെ ഇരുചക്ര വാഹനങ്ങളുടെ വിലയിലും വർധനവുണ്ടാവുമെന്നതാണ് യാഥാർഥ്യം.

കൂടുതൽ സവിശേഷതകളും സാങ്കേതികവിദ്യയും മോഡലുകളിലേക്ക് ചേർക്കുമ്പോൾ ഉൽപ്പന്നത്തിന്റെ വിലയും വർധിക്കുന്നത് സ്വാഭാവികമാണല്ലോ. അതിനാൽ എബിഎസ് ചേർക്കുന്നതും ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളുടെ വില വർധനവിന് കാരണമാകും. ഏറ്റവും പുതിയ നിയമങ്ങൾ പാലിക്കുന്നതിനായി ടൂവീലർ നിർമാതാക്കൾ സിംഗിൾ-ചാനൽ എബിഎസാവും അതത് വണ്ടികളിൽ ചേർക്കുക.
ഇതോടെ എല്ലാ ഇരുചക്ര വാഹനങ്ങൾക്കും 5,000 മുതൽ 10,000 രൂപ വരെ വില വർധനവ് ഉണ്ടാവുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ റോഡ് സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഫ്രണ്ട് ബ്രേക്ക് കൃത്യമായി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. മുൻവശത്ത് ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നതെങ്കിൽ പലരും സഡൺ ബ്രേക്കിംഗ് സമയത്ത് പൂർണമായും ഇതിനെ ആശ്രയിക്കുന്നതിൽ നിന്നും വിമുഖത കാണിക്കാറുണ്ട്.

വാസ്തവത്തിൽ, പലരും ഫ്രണ്ട് ബ്രേക്കുകൾ ഉപയോഗിക്കാൻ ഭയപ്പെടുന്നുവെന്നതാണ് ഇതിന് പിന്നിലുള്ള കാരണം. അത്തരമൊരു സാഹചര്യത്തിൽ എബിഎസ് നിർബന്ധമാക്കുന്നത് ദൈനംദിന ജീവിതത്തിൽ വലിയ പ്രയോജനം ചെയ്യില്ല. എന്നിരുന്നാവും സിംഗിൾ-ചാനൽ എബിഎസ് ഉപയോഗപ്രദമല്ലെന്ന് പൂർണമായും വാദിക്കാനുമാവില്ല. പക്ഷേ സിംഗിൾ ചാനലിന് പകരം ഡ്യുവൽ-ചാനൽ എബിഎസ് നൽകുന്നതാണ് ഇന്ത്യൻ റൈഡിംഗ് ശൈലിക്ക് അനുയോജ്യം.
സിംഗിൾ-ചാനൽ എബിഎസ് സജ്ജീകരണത്തേക്കാൾ മികച്ചതാണ് ഡ്യുവൽ-ചാനൽ എബിഎസ് സജ്ജീകരണം. ഇന്ത്യയിലെ ഭൂരിഭാഗം ബൈക്ക്, സ്കൂട്ടർ ഉപയോക്താക്കളുടെയും റൈഡിംഗ് ശൈലിക്ക് ഇതാവും കൂടുതൽ അനുയോജ്യമെന്ന് വാഹനമോടിക്കുന്നവർക്കെല്ലാം അറിയാവുന്ന കാര്യവുമാണ്. അതിനാൽ ഇരുചക്ര വാഹനങ്ങളിൽ ഡ്യുവൽ-ചാനൽ എബിഎസ് നിർബന്ധമാക്കുന്നതായിരുന്നു ഉചിതം.
ഡ്യുവൽ-ചാനൽ എബിഎസ് നൽകുന്നതോടെ രാജ്യത്തെ റോഡ് അപകടങ്ങൾ ഗണ്യമായി കുറയ്ക്കാനും സഹായിക്കുമായിരുന്നു. ഇരുചക്ര വാഹനങ്ങളിൽ ഡ്യുവൽ-ചാനൽ എബിഎസ് ഘടിപ്പിക്കുന്നത് എൻട്രി ലെവൽ ബൈക്കുകളുടെ വില വീണ്ടും വർധിക്കുന്നതിനും കാരണമാവും. ഒപ്പം ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളുടെ മൊത്തത്തിലുള്ള വിൽപ്പനയെ പ്രതികൂലമായി ബാധിച്ചേക്കാം എന്നതിനാലാവാം സർക്കാർ ഇക്കാര്യത്തിൽ വാശിപിടിക്കാതിരുന്നത്.


Click it and Unblock the Notifications








