136 KM റേഞ്ചുള്ള ഇന്ത്യൻ ഇലക്‌ട്രിക് സ്‌കൂട്ടറിന് 75,000 കിലോമീറ്റർ വാറണ്ടിയുമായി കമ്പനി, ന്യായമായ വിലയേയുള്ളൂ
ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ ജനകീയരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സ്റ്റാർട്ടപ്പ് ഇരുചക്ര വാഹന നിർമാതാക്കളാണ് ആംപിയർ. ഗ്രീവ്‌സ് കോട്ടൺ ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്പനി ലോ-സ്പീഡ്, ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുണ്ട്. അടുത്തിടെ ഏഥർ റിസ്‌ത, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഓല S1 തുടങ്ങിയ ഇവികളോട് മത്സരിക്കാൻ ബ്രാൻഡ് നെക്‌സസ് എന്നൊരു ഫാമിലി സ്‌കൂട്ടറിന് രൂപംകൊടുക്കുകയുണ്ടായി. മോഹവിലയും കിടിലൻ റേഞ്ചുമായി വരവറിയിച്ച നെക്‌സസ് തരംഗമാവുകയും ചെയ്‌തു.
എങ്കിലും വിപണിയിൽ കൂടുതൽ മത്സരാധിഷ്ഠിതമാവുന്നതിന്റെ ഭാഗമായി കമ്പനിയിൽ നിന്നും പുതിയൊരു തീരുമാനം കൂടി എത്തിയിരിക്കുകയാണ്. ആംപിയറിന്റെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടറായ നെക്‌സസിന് ഇനി മുതൽ 5 വർഷത്തെ അല്ലെങ്കിൽ 75,000 കിലോമീറ്റർ ബാറ്ററി വാറണ്ടിയുണ്ടാവുമെന്നതാണ് വാർത്ത. ഇതിൽ ഏതാണോ ആദ്യം വരുന്നത് അതിനെ അടിസ്ഥാനമാക്കിയായിരിക്കും വാറണ്ടി നിശ്ചയിക്കുക.

ഇതോടൊപ്പം തന്നെ ആംപിയർ നെക്‌സസിന് താങ്ങാനാവുന്ന ഒരു ഫിനാൻസിംഗ് പ്ലാനും വാഗ്ദാനം ചെയ്തിരിക്കുകയാണ്. അതിൽ ഏറ്റവും കുറഞ്ഞ ഡൗൺ പേയ്‌മെന്റ് ഓപ്ഷനുകളും 6.99 ശതമാനം മുതൽ ആരംഭിക്കുന്ന പലിശ നിരക്കുകളുമാണ് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക തടസങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് നെക്‌സസിനെ കൂടുതൽ ആക്‌സസ് ചെയ്യാൻ കഴിയുന്നതാക്കുക എന്നതാണ് ഈ നടപടികളിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
EX, ST എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആംപിയർ നെക്‌സസ് വാഗ്ദാനം ചെയ്യുന്നത്. ഇതിലെ ബേസ് വേരിയന്റിന് 1,14,900 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം ടോപ്പ് എൻഡ് ST വേരിയന്റിന് 1,24,900 രൂപയും എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരും. സാൻസ്കർ അക്വാ, ലൂണാർ വൈറ്റ്, സ്റ്റീൽ ഗ്രേ, ഇന്ത്യൻ റെഡ് എന്നീ നാല് കളർ ഓപ്ഷനുകളിലും ഇലക്ട്രിക് സ്കൂട്ടർ തെരഞ്ഞെടുക്കാൻ കഴിയും.

ഡിസൈനിലേക്ക് നോക്കിയാൽ എതിരാളികളെ പോലെ വീമ്പടിക്കാനുള്ള സംഗതികളൊന്നും ഇതിലില്ലെന്ന് വേണമെങ്കിൽ പറയാം. അതായത് വളരെ ലളിതമായ ശൈലിയിലാണ് ആംപിയർ നെക്‌സസ് ഇലക്ട്രിക് സ്‌കൂട്ടറിനെ പണിതിറക്കിയിരിക്കുന്നത്. അതിനും വല്ലാത്തൊരു ചന്തമുണ്ടെന്ന കാര്യം പറയേണ്ടതില്ലല്ലോ. മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ബേസ് മോഡലിൽ 6.2 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയും ടോപ്പ് എൻഡിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ TFT ഡാഷും ലഭിക്കും.
എൽഇഡി ലൈറ്റിംഗ് സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഇവിയുടെ സീറ്റിന് 712 മില്ലീമീറ്റർ നീളവും 765 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമാണുള്ളത് എന്നതിനാൽ ഉയരം കുറഞ്ഞവർക്കും എളുപ്പത്തിൽ കൊണ്ടുനടക്കാനാവും. ആംപിയർ ഇലക്ട്രിക് സ്‌കൂട്ടറിന് 1,319 മില്ലീമീറ്റർ വീൽബേസും 170 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 235 മില്ലീമീറ്റർ ഫ്ലോർബോർഡ് സ്പേസുമുണ്ടെന്നതിനാൽ പ്രായോഗികതയുടെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട.

3kWh LFP ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം. മിഡ് മൌണ്ടഡ് പെർമനെന്റ് മാഗ്നെറ്റ് മോട്ടോറുമായി ജോടിയാക്കിയ ഫാമിലി ഇല്ട്രിക് സ്‌കൂട്ടറിന് സിംഗിൾ ചാർജിൽ 136 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ചുമുണ്ട്. പെർഫോമൻസിലേക്ക് വന്നാൽ പരമാവധി 4 kW പവർ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഇക്കോ, സിറ്റി, പവർ, ലിമ്പ് ഹോം എന്നിങ്ങനെ നാല് റൈഡ് മോഡുകളും നെക്‌സസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്.
ഇവിയുടെ ടോപ്പ് സ്പീഡ് 93 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുമുണ്ടേ. സിറ്റി മോഡിൽ വേഗത മണിക്കൂറിൽ 63 കിലോമീറ്ററായും ഇക്കോയിൽ അത് 42 കിലോമീറ്ററായും പരിമിതപ്പെടുത്തുന്നുണ്ട്. 3.3 മണിക്കൂറാണ് ആംപിയർ ഇവിയുടെ ചാർജിംഗ് സമയമായി അവകാശപ്പെടുന്നത്. ഫാസ്റ്റ് ചാർജിംഗ് ഓപ്‌ഷനുള്ളതിനാൽ ഇതിലും കുറഞ്ഞ സമയത്തിൽ സ്‌കൂട്ടർ ചാർജ് ചെയ്യാനാവും. എന്തായാലും വാറണ്ടി 5 വർഷത്തേക്ക് നൽകിയിരിക്കുന്നതിനാൽ ആശങ്കകളൊന്നുമില്ലാതെ ഇനിമുതൽ നെക്‌സസ് ധൈര്യമായി വാങ്ങാം.


Click it and Unblock the Notifications








