പെട്രോളല്ല, കറണ്ട് മതി! 59,900 രൂപയ്ക്ക് 80 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കി ഇന്ത്യൻ കമ്പനി
ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തേക്ക് ഓലയും ഏഥറും ബജാജും ടിവിഎസുമെല്ലാം കടന്നുവരുന്നതിന് മുമ്പേ ഹരിശ്രീ കുറിച്ചവരാണ് ആംപിയർ (Ampere). ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന്റെ വൈദ്യുത വാഹന വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ബ്രാൻഡ് ഏവർക്കും സുപരിചിതവുമായിരിക്കും. പെട്രോൾ സ്‌കൂട്ടറുകൾക്ക് മുടക്കുന്നതിന്റെ പകുതി പൈസയുണ്ടെങ്കിൽ വാങ്ങാൻ പറ്റുന്ന ഇവികളാണ് ആംപിയറിന്റെ നിരയിലുള്ളത് (Ampere Electric Scooter). എതിരാളികളെ പോലെ ഒരുപാട് ഫാഷനുള്ള മോഡലുകൾ ഒന്നുമല്ലെങ്കിലും ദൈനംദിന യാത്രകൾ കുറഞ്ഞ ചെലവിൽ സാധ്യമാക്കാൻ ഇവയ്ക്ക് പറ്റുമെന്നതാണ് സത്യം.
ഇപ്പോഴിതാ കുറഞ്ഞ വിലയിൽ പുത്തനൊരു ഇലക്‌ട്രിക് സ്‌കൂട്ടറുമായി രംഗത്തെത്തിയിരിക്കുകയാണ് ആംപിയർ. വില തന്നെയാണ് കേട്ടോ ഇതിന്റെ പ്രധാന ഹൈലൈറ്റ്. സാംസങിന്റെ ഏറ്റവും പുതിയ S25 സ്മാർട്ട്ഫോണുകൾക്ക് കൊടുക്കുന്ന പൈസ പോലും വേണ്ടെന്നത് പലരേയും അത്ഭുതപ്പെടുത്തിയേക്കും. റിയോ 80 എന്നു പേരിട്ടിരിക്കുന്ന ഇവിക്ക് വെറും 59,900 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

2025 ഏപ്രിലിൽ മാസത്തിൽ തന്നെ ആംപിയർ റിയോ 80 ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറിയും കമ്പനി ആരംഭിക്കുമെന്നാണ് വിവരം. എല്ലാ തെരുവുകളിലേക്കും അയൽപക്കങ്ങളിലേക്കും ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'ഹാർ ഗള്ളി ഇലക്ട്രിക്' എന്ന കാഴ്ചപ്പാടോട് കൂടിയാണ് ഈ വാഹനത്തിന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് രൂപംകൊടുത്തിരിക്കുന്നത്.
ആദ്യമായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ, വിദ്യാർഥികൾ, പ്രായമായവർ, ഫാമിലി ആവശ്യങ്ങൾക്കായി ഇവി നോക്കുന്നവർ എന്നിവരുൾപ്പെടെയുള്ള ബഹുജന വിപണിയെ ലക്ഷ്യം വെച്ചാണ് റിയോ 80 നിർമിച്ചിരിക്കുന്നതെന്നും ആംപിയർ പറയുന്നു. റിയോ 80 അതിന്റെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടറായ റിയോയുടെ നവീകരിച്ച പതിപ്പാണ്. മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ വേഗതയിൽ മാത്രം സഞ്ചരിക്കാനാവുന്ന ഇവി ലോ-സ്പീഡ് ഇലക്‌ട്രിക് സ്കൂട്ടർ കൂടിയാണ്.

വ്യക്തമായ യാത്രാ ഉൾക്കാഴ്ച്ചകൾ നൽകുന്നതിനായി കളർ എൽസിഡി ക്ലസ്റ്റർ പോലുള്ള ഫീച്ചറുകളും 59,900 രൂപ മാത്രം വിലയുള്ള ഇലക്ട്രിക് സ്കൂട്ടറിന് ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ട്. അതേസമയം സുരക്ഷിതമായ LFP ബാറ്ററി ദീർഘായുസും താപ സുരക്ഷയും ഉറപ്പാക്കുന്നു. പ്രീമിയം കീ ഫോബിനൊപ്പം കീലെസ് സ്റ്റാർട്ടും ആംപിയർ റിയോ 80 ഇവിയിൽ ഒരുക്കിയിട്ടുണ്ട്. അതേസമയം മെച്ചപ്പെട്ട നിയന്ത്രണത്തിനായി ഫ്രണ്ട് ഡിസ്ക് ബ്രേക്കും ഉണ്ട്.
ആംപിയർ റിയോ 80 ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ലെന്നതും പലരേയും ആകർഷിച്ചേക്കും. ബ്ലാക്ക്, റെഡ്, ബ്ലൂ, വൈറ്റ് എന്നീ ഡ്യുവൽ-ടോൺ സ്‌പോർട്ടി നിറങ്ങളിലാണ് സ്‌കൂട്ടർ വരുന്നത്. ഒറ്റ ചാർജിൽ 80 കിലോമീറ്റർ സഞ്ചരിക്കാൻ ഇതിന് കഴിയുമെന്നും സ്റ്റാർട്ടപ്പ് ബ്രാൻഡ് അവകാശപ്പെടുന്നു. സ്റ്റൈലിഷ് അലോയ് വീലുകൾ സ്‌കൂട്ടറിന്റെ പ്രീമിയം ലുക്കും ഫീലും വർധിപ്പിക്കുന്ന കാര്യങ്ങളാണ്.

2025 മാർച്ചിൽ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി 6,000-ത്തിലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ച് 52 ശതമാനം പ്രതിമാസ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. റിയോ 80 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വരവ് വരും മാസങ്ങളിൽ കമ്പനിക്ക് കൂടുതൽ ഊർജം പകരുമെന്നാണ് അനുമാനം. ഇതുകൂടാതെ അടുത്തിടെ 79,999 രൂപയുടെ എക്സ്ഷോറൂം വിലയിൽ മാഗ്നസ് നിയോ എന്നൊരു പുതുമോഡലും വിപണിയിലെത്തിയിരുന്നു.
2.3kWh LFP ബാറ്ററി പായ്ക്കുമായി വരുന്ന ആംപിയർ മാഗ്നസ് നിയോ ഒറ്റ ചാർജിൽ 70 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ ട്രൂ റേഞ്ചാണ് അവകാശപ്പെടുന്നത്. നിയോ ഒരു ലിഥിയം-ഫെറോ-ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് ഉപയോഗിക്കുന്നത്. മാഗ്നസ് നിയോയ്ക്ക് മണിക്കൂറിൽ പരമാവധി 65 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുന്നത്. ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 5-6 മണിക്കൂർ എടുക്കുമെന്ന് കമ്പനി പറയുന്നു. മാഗ്നസ് നിയോയ്ക്ക് 5 വർഷത്തെ അല്ലെങ്കിൽ 75,000 കിലോമീറ്റർ ബാറ്ററി വാറണ്ടിയാണ് ആംപിയർ നൽകുന്നത്


Click it and Unblock the Notifications








