ബൈക്ക് വേണ്ട, അടിപൊളി പെർഫോമൻസ് സ്‌കൂട്ടറുമായി അപ്രീലിയ; 1.23 ലക്ഷമുണ്ടേൽ വാങ്ങിക്കാം
ഇന്ത്യയിൽ സ്‌കൂട്ടറുകൾക്ക് പ്രചാരമേറിയിട്ട് കാലംകുറച്ചായി. ഹോണ്ട ആക്‌ടിവ മുതൽ വൈവിധ്യമാർന്ന ധാരാളം മോഡലുകൾ ഇന്ന് വാങ്ങാനും സാധിക്കും. എല്ലാത്തരത്തിലുമുള്ള ഗിയർലെസ് സ്‌കൂട്ടറുകളും വാങ്ങാനും ഇവിടെ ആളുണ്ടെന്നതും വാഹന നിർമാതാക്കൾക്ക് പ്രചോദനമാവുന്ന കാര്യമാണ്. പെർഫോമൻസ് കോർത്തിണക്കി ഇന്ത്യക്കാർക്ക് കിടിലനൊരു സ്പോർട്ടി സ്‌കൂട്ടർ ആദ്യമായി സമ്മാനിച്ചവരാണ് ഇറ്റാലിയൻ ബ്രാൻഡായ അപ്രീലിയ (Aprilia). അടുത്തിടെ രാജ്യത്തെ യൂത്തൻമാരെ ചാക്കിലാക്കാൻ പുതിയ 175 സിസി സ്‌കൂട്ടറിനെ അപ്രീലിയ പുറത്തിറക്കിയിരുന്നു. SR 175 എന്ന് പേരിട്ടിരിക്കുന്ന മോഡൽ പലരുടേയും ഗുഡ് ബുക്കിൽ ഇടംപിടിക്കുകയും ചെയ്‌തിട്ടുണ്ടാവും.
ഇപ്പോഴിതാ അപ്രീലിയ SR 175 സ്പോർട്ടി സ്‌കൂട്ടറിന്റെ പുത്തനൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. SR-GP റെപ്ലിക്ക 175 hp-e എന്നറിയപ്പെടുന്ന മോഡൽ ആദ്യ കാഴ്ച്ചയിൽ തന്നെ മോട്ടോജിപി റേസിംഗ് പ്രേമികളെ ചാക്കിലാക്കുമെന്നതിൽ സംശയമൊന്നും വേണ്ട. സ്റ്റാൻഡേർഡ് പതിപ്പുകളെ അപേക്ഷിച്ച് പ്രത്യേക കളർ ഓപ്ഷനിലാണ് പുതിയ വകഭേദം വിപണിയിൽ എത്തിച്ചിരിക്കുന്നത്.

പുതിയ അപ്രീലിയ SR-GP റെപ്ലിക്കയുടെ എക്സ്ഷോറൂം വില 1.23 ലക്ഷം രൂപയാണ് വരുന്നത്. പുതിയ ജിഎസ്‌ടി നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള വില നിർണയമാണിത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രീമിയർ-ക്ലാസ് മോട്ടോർസൈക്കിൾ വേൾഡ് ചാമ്പ്യൻഷിപ്പിൽ ജോർജ് മാർട്ടിനും മാർക്കോ ബെസെച്ചിയും ഓടിച്ച RS-GP മോട്ടോജിപി മെഷീനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റെപ്ലിക്ക പണിതിറക്കിയിരിക്കുന്നത്.
മോട്ടോജിപിയിൽ ഉപയോഗിച്ച അപ്രീലിയയുടെ മോട്ടോർസൈക്കിളിൽ നിന്നുള്ള സ്റ്റൈലിംഗ് അനുകരിച്ചിരിക്കുന്നത് യൂത്തൻമാരെ കൈയിലെടുക്കാൻ സഹായിക്കും. മാറ്റ് ബ്ലാക്ക് നിറത്തിലാണ് അപ്രീലിയ SR-GP റെപ്ലിക്ക 175 hp-e നിർമിച്ചിരിക്കുന്നത്. റേസ്-സ്പെക്ക് അപ്രീലിയ RS-GP-ക്ക് സമാനമായ ചുവപ്പും പർപ്പിൾ ഗ്രാഫിക്സും ഇതിൽ ഉപയോഗിച്ചിരിക്കുന്നതും മനോഹരമായിട്ടുണ്ട്.

അപ്രീലിയയുടെ ലോഗോ വശങ്ങളിലും സെൻട്രൽ ടണലിലും ഡയഗണലായി പ്രവർത്തിക്കുന്നതും കൊള്ളാം. അതേസമയം കൂടുതൽ ആധികാരികമായ രൂപത്തിനായി അപ്രീലിയ റേസിംഗ് ടീം സ്പോൺസർ ലോഗോകളും സ്കൂട്ടറിൽ ഉപയോഗിച്ചിട്ടുണ്ട്. ഫ്രണ്ട് വീലിൽ കോൺട്രാസ്റ്റ് റെഡ് ഡീറ്റെയിലിംഗുള്ള ബ്ലാക്ക് നിറത്തിലുള്ള അലോയ് വീലുകളാണ് വന്നിരിക്കുന്നത്. മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാലും ആള് അൽപം മോഡേണാണ്.
പവർഫുള്ളായിട്ടുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ സ്‌കൂട്ടറിന് രാത്രികാല റൈഡിംഗ് ആവശ്യങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും. ഇൻഡിക്കേറ്ററുകളിലും ടെയിൽ ലാമ്പുകളിലും എൽഇഡി ലൈറ്റുകളും ഉണ്ട്. പ്രായോഗികതയുടെ കാര്യത്തിൽ സ്‌കൂട്ടറിൽ സീറ്റിനടിയിൽ ഒരു കോംപാക്റ്റ് സ്റ്റോറേജ് സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.

അതോടൊപ്പം ഫ്ലോർബോർഡ് ഏരിയയ്ക്ക് വിവിധ പ്രായോഗിക ആപ്ലിക്കേഷനുകളും ഉണ്ടായിരിക്കാമെന്നാണ് നിഗമനം. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളർ TFT ഡിസ്പ്ലേയാണ് മറ്റൊരു ആകർഷണം. ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ UI ഉൾപ്പെടുത്തിയാണ് ഇത് രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഒന്നിലധികം ലേഔട്ട് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാനും അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ക്ലസ്റ്റർ കസ്റ്റമൈസ് ചെയ്യാനും കഴിയും.
ബ്ലൂടൂത്ത് സപ്പോർട്ടോടെ അപ്രീലിയ ആപ്പ് വഴി ഉപയോക്താക്കൾക്ക് കോളുകൾ, മ്യൂസിക്, നാവിഗേഷൻ എന്നിവ ആക്‌സസ് ചെയ്യാൻ കഴിയും. ഉപയോക്താവിന്റെ റൈഡിംഗ് ശൈലിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ അറിയുന്നതിന് റൈഡ് ഡാറ്റയും ലിങ്ക്ഡ് അനലിറ്റിക്‌സും അപ്രീലിയ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അപ്രീലിയ SR-GP റെപ്ലിക്ക 175 hp-e പുതിയ 174.7 സിസി, എയർ-കൂൾഡ്, 3-വാൽവ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്.
സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 12.92 bhp കരുത്തിൽ പരമാവധി 14.14 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ശക്തമായ സ്റ്റീൽ ഫ്രെയിമിൽ പണികഴിപ്പിച്ചിരിക്കുന്ന അപ്രീലിയയുടെ 175 സിസി സ്‌കൂട്ടറിൻ്റെ സസ്പെൻഷനായി ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷനും ക്രമീകരിക്കാവുന്ന റിയർ സസ്പെൻഷനുമാണ് ഒരുക്കിയിരിക്കുന്നത്.
രണ്ട് അറ്റങ്ങളിലും 14 ഇഞ്ച് അലോയ് വീലുകളാണ് അപ്രീലിയ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുന്നിൽ വെന്ഫിലേറ്റഡ് ഡിസ്കും പിന്നിൽ ഡ്രം യൂണിറ്റുമാണ് അപ്രീലിയ SR-GP റെപ്ലിക്ക 175 hp-e സ്‌കൂട്ടറിൽ വരുന്നത്. അധിക സുരക്ഷക്കായി സിംഗിൾ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുമുണ്ട്. പുതിയ മോഡലിനായുള്ള ബുക്കിംഗുകൾ, ടെസ്റ്റ് റൈഡുകൾ, ഡെലിവറികൾ എന്നിവ രാജ്യത്തുടനീളം ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








