രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള സൂപ്പർബൈക്ക് ഇതാണ്, വാങ്ങാൻ പ്ലാനുണ്ടേൽ ഈ കാര്യങ്ങൾ മറക്കാതെ നോക്കണേ
ഡ്യുക്കാട്ടിയും കവസാക്കിയും ഹോണ്ടയും ട്രയംഫുമെല്ലാം അരങ്ങുവാഴുന്ന സൂപ്പർബൈക്ക് വിഭാഗത്തിലെ അണ്ടർറേറ്റഡ് കമ്പനിയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ. SR160, SR125 എന്നീ സ്‌കൂട്ടറുകളിലൂടെ മാത്രം ഇന്ത്യക്കാർക്ക് പരിചിതമായ കമ്പനി ആഗോളതലത്തിൽ നല്ല ഒന്നാന്തരം സൂപ്പർബൈക്കുകൾ നിർമിക്കുന്നവരാണെന്ന കാര്യം പലർക്കും അറിയാത്തൊരു രഹസ്യമാണ്. കഴിഞ്ഞ വർഷം 4.10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ കിടിലനൊരു സ്പോർട്സ് മോട്ടോർസൈക്കിൾ രാജ്യത്ത് അവതരിപ്പിച്ച് ബ്രാൻഡ് എതിരാളികളെയെല്ലാം ഞെട്ടിച്ചിരുന്നു. കുറഞ്ഞ വിലയുള്ള മെയ്‌ഡ് ഇൻ ഇന്ത്യ സൂപ്പർബൈക്ക് എന്ന വിശേഷണത്തോടെയെത്തിയ അപ്രീലിയ 457 ആളുകൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തിരുന്നു.
ഇതിന്റെ ചുവടുപിടിച്ച് ഇതിലും കുറഞ്ഞ വിലയിൽ പുത്തനൊരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ സ്റ്റൈലുള്ള സ്പോർട് ബൈക്കുമായി ഇന്ത്യയിൽ എത്തിയിരിക്കുകയാണ് അപ്രീലിയ. 457 ഫെയർഡ് മോഡലിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ടുവോണോ 457 ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. അതേ എഞ്ചിൻ, ഹാർഡ്‌വെയർ, ഫീച്ചറുകൾ എന്നിവയുമായി വരുന്ന ഈ മോഡൽ വാങ്ങാൻ പ്ലാനുണ്ടേൽ ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് പറഞ്ഞുതരാം.

വില: അപ്രീലിയ ടുവോണോ 457 സ്ട്രീറ്റ് ഫൈറ്ററിന് വെറും 3.95 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇതിന് നേരിട്ട് എതിരാളികളില്ലെങ്കിലും ഈ മെയ്‌ഡ് ഇൻ ഇന്ത്യ സ്പോർട് മോട്ടോർസൈക്കിളിന് ഏകദേശം ഒരു ലക്ഷം രൂപയോളം കുറവുള്ള കെടിഎം 390 ഡ്യൂക്ക് (2.95 ലക്ഷം രൂപ), യമഹ MT-03 (3.50 ലക്ഷം രൂപ) എന്നിവയോടാണ് മത്സരിക്കേണ്ടി വരിക.
ഡിസൈൻ: ടുവോണോ 660, ടുവോണോ V4 എന്നിവയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഡിസൈൻ ഭാഷ്യവുമായിട്ടാണ് ബേബി ടുവോണോ രൂപമെടുത്തിരിക്കുന്നത്. ഡേടൈം റണ്ണിംഗ് ലൈറ്റുകളാൽ ചുറ്റപ്പെട്ട ഒരു ചെറിയ പുതിയ എൽഇഡി ഹെഡ്‌ലൈറ്റാണ് മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണം. 12.7 ലിറ്റർ ഫ്യുവൽ ടാങ്ക്, രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ എന്നിവയെല്ലാം ടുവോണോ 457 മോഡലിനെ അഴകനാക്കുന്നു.

ഫീച്ചറുകൾ: എൽഇഡി ഹെഡ്‌ലൈറ്റിന് പുറമെ എൽഇഡി ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽലൈറ്റ്, ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡുകൾ, സ്വിച്ചബിൾ എബിഎസ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളർ ടിഎഫ്ടി ഡിസ്പ്ലേ എന്നിവയുമായാണ് അപ്രീലിയ ടുവോണോ 457 വരുന്നത്. ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളുടെ എൻട്രി ലെവൽ മോട്ടോർസൈക്കിളിൽ ഓപ്ഷണൽ എക്സ്ട്രാ ആയി ഒരു ക്വിക്ക്ഷിഫ്റ്ററും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
എഞ്ചിൻ: RS 457 ഫെയർഡ് ബൈക്കിലുള്ള അതേ 457 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ടുവോണോ 457-ന് കരുത്ത് പകരുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,400 ആർപിഎമ്മിൽ 46.9 bhp പവറും 6,700 ആർപിഎമ്മിൽ പരമാവധി 43.5 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

മെക്കാനിക്കൽ വശം: സസ്പെൻഷനായി അപ്രീലിയ ടുവോണോ 457 സ്ട്രീറ്റ് ഫൈറ്ററിന്റെ മുൻവശത്ത് പ്രീലോഡ്-അഡ്ജസ്റ്റബിൾ അപ്സൈഡ് ഡൌൺ (USD) ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഇറ്റാലിയൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസിന്റെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് വരുന്നത്. 17 ഇഞ്ച് അലോയ് വീലുകളാണ് മറ്റൊരു സവിശേഷത.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








