ആക്‌ടിവ ഇവിക്ക് മത്സരം കടുക്കും! 150 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് കിടിലൻ മാറ്റങ്ങളുമായി ഏഥർ
ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) നിരയിൽ ഓലയ്ക്കൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കുന്നവരാണ് ഏഥർ എനജർജി (Ather Energy). പുത്തനൊരു സ്കൂട്ടർ വാങ്ങിയാലോയെന്ന് ഇന്ന് ആലോചിക്കുന്നവരുടെയെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നാവും ഇത്. 450 സീരീസിലൂടെ യുവാക്കൾക്കിടയിൽ ബ്രാൻഡ് സൃഷ്‌ടിച്ച ഓളം ചെറുതൊന്നുമല്ലെന്ന് പറയുന്നതാവും ശരി. തുടക്കത്തിൽ ബെംഗളൂരു ആസ്ഥാനമായാണ് വിൽപ്പന ആരംഭിച്ചതെങ്കിലും പിന്നീട് പതിയ മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചാണ് ഏഥർ ഇവി വിപണിയിൽ ഹരിശ്രീ കുറിച്ചത്. ഇപ്പോൾ യുവാക്കൾക്കും ഫാമിലിക്കും ഒരുപോലെയിണങ്ങുന്ന നല്ല മോഡലുകളും കമ്പനിയുടെ നിരയിലുണ്ട്.
തങ്ങളുടെ സ്കൂട്ടറുകളിൽ അടിക്കടി പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നതും ഏഥറിന്റെ പ്രധാന വിനോദങ്ങളിൽ ഒന്നാണ്. അത്തരത്തിൽ അധികം വൈകാതെ തന്നെ 450X ഇലക്ട്രിക്കിന് ചില മാറ്റങ്ങൾ സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനി. കാര്യമായ നവീകരണങ്ങൾ ഒന്നും പ്രതീക്ഷിച്ച് ഹൈപ്പ് കയറ്റേണ്ട കേട്ടോ. നേവി ബ്ലൂ, യെല്ലോ എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകൾ ഇവിയിൽ അവതരിപ്പിക്കാൻ മാത്രമാണ് ഏഥർ എനർജിയുടെ നിലവിലെ പ്ലാൻ.

റിസ്‌ത ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ കളർ സ്‌കീമുകൾ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. നിലവിൽ കോസ്മിക് ബ്ലാക്ക്, സാൾട്ട് ഗ്രീൻ, സ്‌പേസ് ഗ്രേ, സ്റ്റിൽ വൈറ്റ്, ട്രൂ റെഡ്, ലൂണാർ ഗ്രേ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് 450X നിലവിൽ വാഗ്ദാനം ചെയ്യുന്നത്. പുതിയ നിറങ്ങൾ കൂടാതെ, ജെൻ 3 450 സീരീസിന് മാജിക് ട്വിസ്റ്റ് സവിശേഷതയും ലഭിച്ചേക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ത്രോട്ടിൽ എതിർ ദിശയിൽ 15 ഡിഗ്രി വരെ ട്വിസ്റ്റ് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് മികച്ച സ്പീഡ് മോഡുലേഷൻ അനുവദിക്കാനായാണ് ഏഥർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഒപ്പം ദിവസേനയുള്ള റൈഡിംഗ് സ്പീഡിൽ ബ്രേക്കിന് ആയാസം കുറയ്ക്കാനും മാജിക് ട്വിസ്റ്റ് സഹായിക്കും. കൂടാതെ മറ്റ് ചില ഫീച്ചറുകളും ഇവിയിലേക്ക് കൂട്ടിച്ചേർത്താൽ സംഗതി കളറാവും. പുതിയ പരിഷ്ക്കാരങ്ങളിലൂടെ ആക്‌ടിവ ഇവിയുമായുള്ള മത്സരം കൊഴുപ്പിക്കാനും ഏഥറിനാവും.

പക്ഷേ ഇക്കാര്യങ്ങളൊന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഏഥർ എനർജിയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടറാണ് 450X. 1.40 ലക്ഷം രൂപ മുതലാണ് നിലവിൽ ഇതിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. രണ്ട് വലിപ്പത്തിലുള്ള ബാറ്ററികളിൽ വാഗ്ദാനം ചെയ്യുന്ന ടോപ്പ്-സ്പെക്ക് 450X വേരിയന്റിന് 1.55 ലക്ഷവും എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരും. വേരിയൻ്റുകളെ ആശ്രയിച്ച് ഒറ്റ ചാർജിൽ 110 കിലോമീറ്റർ മുതൽ 150 കിലോമീറ്റർ വരെ റേഞ്ചാണ് ഇവി സമ്മാനിക്കുന്നത്.
ഏഥർ പറയുന്നതനുസരിച്ച് 450X ഇവിയുടെ റിയൽ വേൾഡ് റേഞ്ച് 90 കിലോമീറ്ററിനും 110 കിലോമീറ്ററിനും ഇടയിലാണ്.അതേസമയം ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗം 90 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗതയിലെത്താൻ വാഹനത്തിന് വെറും 3.3 സെക്കൻഡ് സമയം മാത്രമാണ് വേണ്ടി വരിക.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ലൈറ്റുകൾ, ഡിസ്‌ക് ബ്രേക്കുകൾ, ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) എന്നിവ പോലുള്ള പ്രീമിയം സവിശേഷതകളോടെയാണ് ഏഥർ 450X ഇപ്പോഴേ വിപണിയിലെത്തുന്നത്. ജനുവരി മുതൽ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുമെന്നും ഏഥർ എനർജി പ്രഖ്യാപിച്ചിരുന്നു. 450 സീരീസ്, റിസ്‌ത തുടങ്ങിയ മോഡലുകൾക്കെല്ലാം ജനുവരി മുതൽ അധികം മുടക്കേണ്ടി വരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








