പേര് മാറിയെങ്കിലും 5 വർഷം വാറണ്ടിയുണ്ട്, ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് പുതിയ മാറ്റവുമായി കമ്പനി
ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തി കുതിക്കുന്നവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ. 450 സീരീസിലൂടെയും റിസ്‌തയെന്ന ഫാമിലിമാനിലൂടെയും ഇന്നും കുറ്റങ്ങളും കുറവുകളും ഒന്നുമില്ലാതെ തിമിർക്കുകയാണ് ഏഥർ. കൃത്യമായ ഇടവേളകളിൽ അതത് ഇവികളിൽ മാറ്റങ്ങൾ കൊണ്ടുവരാനും ബ്രാൻഡ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പരിഷ്ക്കാരവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. പക്ഷേ ഏതെങ്കിലുമൊരു ഇവിയിലല്ല പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നതെന്ന് മാത്രം. പകരം നിലവിലുള്ള 'പ്രോ പായ്ക്ക്' സോഫ്റ്റ്‌വെയർ സ്യൂട്ടിനെ 'ഏഥർസ്റ്റാക്ക് പ്രോ' എന്ന് പുനർനാമകരണം ചെയ്‌തുകൊണ്ടാണ് ഏഥർ ഇത്തവണ ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്.
കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, കണക്റ്റഡ് ആക്‌സസറികൾ, മൊബൈൽ ആപ്പ് ഇന്റർഫേസ് എന്നിവയ്ക്ക് ശക്തി പകരുന്ന അടിസ്ഥാന സാങ്കേതിക ഘടനയാണ് ഏഥർസ്റ്റാക്ക്. ഏഥർസ്റ്റാക്ക് പ്രോ എന്ന പുതിയ പേര് സ്വീകരിക്കുന്നതിലൂടെ കണക്റ്റഡ്, ഫീച്ചർ-റിച്ച് റൈഡിംഗ് അനുഭവം നൽകുന്നതിൽ സോഫ്റ്റ്‌വെയർ ലെയറിന്റെ പങ്ക് നന്നായി പ്രതിഫലിപ്പിക്കുകയാണ് ഏഥർ ലക്ഷ്യമിടുന്നത്.

പുതിയ പേര് സ്വീകരിച്ചിരിക്കുന്ന ഏഥർസ്റ്റാക്ക് പ്രോയിൽ സുരക്ഷ, സൗകര്യം, കണക്റ്റിവിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിപുലമായ സവിശേഷതകൾ ഉൾപ്പെടുന്നുണ്ട്. പ്രധാന സേഫ്റ്റി ഉപകരണങ്ങളിൽ സ്കിഡ് കൺട്രോൾ, ഫാൾസേഫ്, തെഫ്റ്റ് ആൻഡ് ടോ അലേർട്ടുകൾ, ലൈവ് ലൊക്കേഷൻ ഷെയറിംഗ് എന്നിവയെല്ലാം ഉൾപ്പെടുന്നുവെന്നാണ് ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പ് കമ്പനി അവകാശപ്പെടുന്നത്.
ഉപയോഗം എളുപ്പമാക്കുക എന്ന ലഭ്യത്തോടെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ത്രോട്ടിൽ അധിഷ്ഠിത റീജനറേറ്റീവ് ബ്രേക്കിംഗ് പ്രാപ്തമാക്കുന്ന മാജിക് ട്വിസ്റ്റ്, സ്റ്റോപ്പ്-ആൻഡ്-ഗോ ട്രാഫിക്കിനായി രൂപകൽപ്പന ചെയ്ത ഓട്ടോഹോൾഡ് പോലുള്ള ഉപകരണങ്ങൾ റൈഡർമാർക്ക് പ്രയോജനകരമായ ഫീച്ചറുകൾ തന്നെയാണ്. ഏഥർസ്റ്റാക്ക് പ്രോയുടെ പ്രധാന ആകർഷമാണ് കണക്റ്റിവിറ്റി സവിശേഷതകൾ.

റൈഡർമാർക്ക് സ്കൂട്ടർ ഡാഷ്‌ബോർഡിൽ നേരിട്ട് ഗൂഗിൾ മാപ്‌സ് ഇന്റഗ്രേഷനിലേക്ക് ആക്‌സസ് ഉണ്ട്. ഏഥർ ആപ്പ് വഴിയുള്ള റിമോട്ട് കൺട്രോളുകളും ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ കോൾ, മ്യൂസിക് മാനേജ്‌മെന്റ് ഫീച്ചറും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഉപയോക്തൃ മുൻഗണനയെ അടിസ്ഥാനമാക്കി പെർഫോമൻസ് കസ്റ്റമൈസ് ചെയ്യുന്നതിനായി വാട്ട്‌സ്ആപ്പ് മെസേജ് പ്രിവ്യൂകൾ, റൈഡ് സ്റ്റോറികൾ, ഒന്നിലധികം റൈഡ് മോഡുകൾ എന്നിവ പോലുള്ള അധിക ഫീച്ചറുകളും ഏഥർസ്റ്റാക്ക് പ്രോ വാങ്ങുന്നവർക്ക് ലഭിക്കും.
റീബ്രാൻഡിംഗിന്റെ ഫലമായി വിലയിലോ ഫീച്ചർ സെറ്റിലോ മാറ്റങ്ങളൊന്നുമില്ലെന്ന് ഏഥർ സ്ഥിരീകരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. അതിനാൽ ഏഥർസ്റ്റാക്ക് പ്രോ ഇപ്പോഴും 14,000 രൂപയ്ക്ക് വാങ്ങാനാവും. ഏഥർസ്റ്റാക്ക് പ്രോ അഞ്ച് വർഷത്തെ ബാറ്ററി വാറണ്ടിയുമായി വരുന്നതിനാൽ മറ്റ് ആശങ്കകളുടെ ആവശ്യവുമില്ല. പ്രോ പായ്ക്കിന്റെ പേര് ഏഥർസ്റ്റാക്ക് പ്രോ എന്ന് പേരിലേക്ക് മാറ്റിയത് കമ്പനിയുടെ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിക്കുന്ന രീതിയിലെ ഒരു തന്ത്രപരമായ മാറ്റത്തെ കൂടിയാണ് പ്രതിനിധീകരിക്കുന്നത്.

ഉപഭോക്താക്കൾക്ക് വ്യക്തത നൽകുന്നതിനൊപ്പം മത്സരാധിഷ്ഠിത ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ ഒരു പ്രധാന വ്യത്യസ്ത ഘടകമെന്ന നിലയിൽ സോഫ്റ്റ്‌വെയറിലുള്ള ശ്രദ്ധ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. എന്തായാലും ഇലക്ട്രിക് വിപണിയിലെ മത്സരം മുറുകുന്നതിന്റെ ഭാഗമായി ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില കുറയ്ക്കുന്നൊരു സുപ്രധാന നീക്കം ഏഥർ എജർജിയുടെ ഭാഗത്ത് നിന്നും ഉടനുണ്ടാവുമെന്നാണ് വിവരം.
ബാറ്ററി ആസ് എ സർവീസ് ഓപ്ഷൻ (BaaS) അവതരിപ്പിച്ചുകൊണ്ടാവും തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രാരംഭ വില കുറയ്ക്കാൻ കമ്പനിക്കാവുക. ഇക്കാര്യം ഏഥർ എനർജിയുടെ ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് ഫോകെല അടുത്തിടെ സ്ഥിരീകരിച്ചിരിക്കുകയും ചെയ്‌തിരുന്നു. ബാറ്ററി ആസ് എ സർവീസ് ഓപ്ഷൻ അവതരിപ്പിക്കുന്നതിനുള്ള സമയപരിധി നൽകിയിട്ടില്ലെങ്കിലും അധികം വൈകാതെ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടേക്കും.


Click it and Unblock the Notifications








