രാജ്യത്തിന്റെ സ്വന്തം ഇലക്‌ട്രിക് സ്‌കൂട്ടർ, 1 ലക്ഷം കുടുംബങ്ങളെ പെട്രോൾ മുക്തമാക്കി ഏഥറിന്റെ കുടുംബിനി
ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ എന്ന വാക്ക് പോപ്പുലർ ആവുന്നത് ഏഥർ റിസ്‌ത എന്ന മോഡലിന്റെ വരവോടെയാണ്. ഒരു വീട്ടിലെ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനാവുന്ന തരത്തിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന ഇവിയെ ഇന്ത്യക്കാർ വളരെ വേഗം നെഞ്ചോട് ചേർക്കുകയും വിശ്വസിക്കുകയും ചെയ്‌തു. ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഓല S1 തുടങ്ങിയ വമ്പൻമാരോട് പടവെട്ടാനിറങ്ങിയപ്പോൾ ചില സവിശേഷമായ കാര്യങ്ങൾ കോർത്തിണക്കിയാണ് റിസ്‌ത പുറത്തിറങ്ങിയത്. ഇഷ്‌ടം പോലെ സ്ഥലം, വലിയ സീറ്റ്, നല്ല റേഞ്ച്, താങ്ങാനാവുന്ന വില എന്നിവയെല്ലാം ഹൈലൈറ്റാക്കിയ ഏഥർ എനർജിയുടെ കുടുംബിനി ഹിറ്റായില്ലെങ്കിലേ അതിശയിക്കാനുള്ളൂ.
ഇപ്പോഴിതാ വിപണിയിലെത്തി അധികനാൾ പൂർത്തിയാക്കുന്നതിന് മുമ്പ് പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഏഥർ റിസ്‌ത. സെഗ്മെന്റിലെ വമ്പൻമാരോടെല്ലാം പടവെട്ടി 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടമാണ് ഫാമിലി സ്‌കൂട്ടർ കൈവരിച്ചിരിക്കുന്നത്. വിപണയിലെത്തി 1 വർഷത്തിനുള്ളിലാണ് ഇത്തരത്തിലൊരു സ്വപ്നസാക്ഷാത്ക്കാരം എത്തിപ്പിടിക്കാൻ റിസ്‌തക്ക് സാധിച്ചിരിക്കുന്നത്.

ദൈനംദിന യാത്രയിൽ വിശ്വാസ്യത, സുഖസൗകര്യങ്ങൾ, പ്രായോഗികത എന്നിവ ആഗ്രഹിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്കിടയിൽ റിസ്‌ത സ്വീകാര്യത കണ്ടെത്തിയതിന്റെ തെളിവാണ് 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല്. നിലവിൽ 1.04 ലക്ഷം രൂപ മുതൽ 1.42 ലക്ഷം രൂപ വരെയാണ് ഏഥർ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. S, Z 2.9 kWh, Z 3.7 kWh എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഇവി വിപണനത്തിന് എത്തുന്നത്.
ഒറ്റ ചാർജിൽ 123 കിലോമീറ്റർ (IDC) റേഞ്ചുള്ള 2.9 kWh ബാറ്ററി പായ്ക്ക് ഫാമിലി സ്‌കൂട്ടറിന്റെ S, Z വേരിയൻ്റുകളിൽ തെരഞ്ഞെടുക്കാനാവും. അതേസമയം 159 കിലോമീറ്റർ (IDC) റേഞ്ചുള്ള 3.9 kWh ബാറ്ററി പായ്ക്കാണ് ഏഥർ റിസ്‌ത Z പതിപ്പിന് തുടിപ്പേകുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4.3 kW അതായത് 5.7 bhp പവറിൽ പരമാവധി 22 Nm ടോർക്ക് നിർമിക്കാനാവുന്ന തരത്തിലാണ് റിസ്‌ത ട്യൂൺ ചെയ്‌തിരിക്കുന്നത്.

രാജ്യത്തിന്റെ സ്വന്തം ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന് 4.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. അതേസമയം റിസ്‌തയുടെ എല്ലാ വേരിയൻ്റുകളുടേയും പരമാവധി വേഗം 80 കിലോമീറ്ററായി ഏഥർ എനർജി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ആശാൻ കിടിലമാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. മാജിക് ട്വിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം പോലുള്ള സവിശേഷതകളും ഇതിലുണ്ട്.
ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനുകൾ, അലക്‌സാ വോയ്‌സ് അസിസ്റ്റൻസ്, സ്‌കിഡ് കൺട്രോൾ, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ, 34 ലിറ്റർ കാർഗോ ഏരിയ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഏഥർ റിസ്‌തയെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്ന കാര്യങ്ങളാണെന്ന് വേണം പറയാൻ.

യൂത്തൻമാരുടെ ഫേവറീറ്റ് മോഡലായ 450X ഇലക്ട്രിക് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ഏഥർ റിസ്‌തയും ഒരുക്കിയിരിക്കുന്നത്. മെയിൻ ഫ്രെയിം അതേപടി തുടരുമ്പോൾ ലോവർ സീറ്റ് ഹൈറ്റിനായി പുതിയ സബ്ഫ്രെയിമാണ് ഏഥർ എനജർജി ഉപയോഗിച്ചിരിക്കുന്നത്. മെക്കാനിക്കലായി നോക്കിയാൽ മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറുമാണ് ഇടംപിടിച്ചിരിക്കുന്നത്.
ബ്രേക്കിംഗിനായി മുന്നിൽ സിംഗിൾ ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്ക് സജ്ജീകരണവുമാണുള്ളത്. ഇന്ത്യയിലെ ഫാമിലി ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിൽ ഓല S1, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ V1, ബജാജ് ചേതക്, ആംപിയർ നെക്‌സസ് പോലുള്ള വമ്പൻമാരുമായാണ് ഏഥർ റിസ്‌ത മത്സരിക്കുന്നത്. 450 സീരീസ് മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസിലേക്ക് കുടിയേറി പാർത്ത ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയുടെ ടോപ്പ് സെല്ലർ കൂടിയാണ് മോഡൽ ഇപ്പോൾ.


Click it and Unblock the Notifications








