159 കിലോമീറ്റർ റേഞ്ചുള്ള ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് കിടിലൻ മാറ്റങ്ങളുമായി കമ്പനി, വില 1.30 ലക്ഷം
ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യക്കാർക്കിടയിൽ ജനപ്രിയരാക്കിയവരിൽ പ്രധാനിയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്റ്റാർട്ടപ്പ് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി. ഓലയും ഏഥറും ആദ്യ സ്ഥാനങ്ങൾ കൈയേറി മുൻനിരയിൽ സ്ഥാനം പിടിച്ചിരുന്നുവെങ്കിലും പിന്നീട് ബജാജും ടിവിഎസും വന്ന് ഇവി വിപണി വെട്ടിപ്പിടിക്കുകയായിരുന്നു. ഓല ഇതിനിടയിൽ ഒരുപാട് ചീത്തപ്പേരുകൾ വാങ്ങിക്കൂട്ടുകയും ചെയ്‌തപ്പോൾ ആരുടെ പക്കൽ നിന്നും പരാതിയും പരിഭവങ്ങളും കേൾപ്പിക്കാതെ ഏഥർ വൈദ്യുത സ്‌കൂട്ടർ രംഗത്തെ ഓമനക്കുട്ടനായി മുന്നേറി. കൃത്യമായ സമയത്ത് തങ്ങളുടെ മോഡലുകളെ മിടുക്കൻമാരാക്കുന്നതിലും ഏഥറിന് പ്രത്യേക കഴിവുണ്ട്.
അടുത്തിടെ നടന്ന ഏഥർ കമ്മ്യൂണിറ്റി ഡേയിൽ ബ്രാൻഡ് നിരവധി പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ഏഥർ എനർജി EL01 കൺസെപ്റ്റ്, റെഡക്സ് കൺസെപ്റ്റ്, ഏഥർ 450 അപെക്സിനുള്ള ക്രൂയിസ് കൺട്രോൾ ഫീച്ചർ എന്നിവയെല്ലാം അവതരിപ്പിച്ച കമ്പനി രാജ്യത്തിന്റെ ജനപ്രിയ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറായ റിസ്‌തയിലേക്കും ചില മാറ്റങ്ങൾ കൊണ്ടുവരികയുണ്ടായി. ഇവിയിലേക്ക് പുതിയ OTA അപ്‌ഡേറ്റുകളാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

റിസ്‌തയുടെ Z വേരിയന്റിലേക്കാണ് ഏഥർ എനർജി OTA അപ്‌ഡേറ്റുകൾ കൊണ്ടുവന്നിരിക്കുന്നത് കേട്ടോ. അപ്‌ഡേറ്റുകൾ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ പുറത്തിറക്കുമെന്നാണ് വിവരം. സ്കൂട്ടറിൽ നിർമിച്ചിരിക്കുന്ന നൂതന ഹാർഡ്‌വെയർ പൂർണ് ടച്ച്‌സ്‌ക്രീൻ പ്രവർത്തനം സജീവമാക്കാൻ പ്രാപ്തമാക്കുമെന്ന് ഏഥർ എനർജി പറയുന്നു. ഇത് നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ ദൈനംദിന യാത്രകളിൽ സ്കൂട്ടറിനെ കൂടുതൽ പ്രായോഗികമാക്കും.
പുതുക്കിയ യൂസർ ഇന്റർഫേസും പുതിയ ഇക്കോ മോഡും ഈ അപ്‌ഡേറ്റിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ഈ പുതിയ ഇക്കോ മോഡ് റൈഡർമാർക്ക് റൈഡിംഗ് റേഞ്ചുമായി പെർഫോമൻസ് സന്തുലിതമാക്കാനുള്ള കഴിവ് നൽകുമെന്ന് ഏഥർ എനർജി പറയുന്നു. ഇതിനെല്ലാം പുറമെ റിസ്‌ത Z ഇപ്പോൾ പുതിയ ടെറാക്കോട്ട റെഡ് കളർ ഓപ്ഷനിലും ആളുകൾക്ക് വാങ്ങാനാവും. ഇത്രയും മാറ്റങ്ങളുണ്ടെങ്കിലും മെക്കാനിക്കൽ വശങ്ങളിൽ ഇവിക്ക് നവീകരണമൊന്നും സമ്മാനിച്ചിട്ടില്ല കമ്പനി.

ഏഥർ റിസ്‌തയുടെ ടോപ്പ്-സ്പെക്ക് വേരിയന്റായ Z പതിപ്പിനി 4.3kW മോട്ടോർ, 3.7kWh ബാറ്ററി പായ്ക്ക് എന്നിവയാണ് ലഭിക്കുന്നത്. ഇതിന് 1.30 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. സിംഗിൾ ചാർജിൽ ഈ വേരിയന്റിന് 159 കിലോമീറ്റർ (IDC) റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4.3 kW അതായത് 5.7 bhp പവറിൽ പരമാവധി 22 Nm ടോർക്ക് നിർമിക്കാൻ ഇതിനാവും.
രാജ്യത്തിന്റെ സ്വന്തം ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന് 4.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. അതേസമയം റിസ്‌തയുടെ എല്ലാ വേരിയൻ്റുകളുടേയും പരമാവധി വേഗം 80 കിലോമീറ്ററായി ഏഥർ എനർജി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ മാജിക് ട്വിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം പോലുള്ള സവിശേഷതകളാണ് റിസ്‌തയിൽ ഏഥർ എനർജി കുത്തിനിറച്ചിരിക്കുന്നത്.

ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനുകൾ, അലക്‌സാ വോയ്‌സ് അസിസ്റ്റൻസ്, സ്‌കിഡ് കൺട്രോൾ, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ, 34 ലിറ്റർ കാർഗോ ഏരിയ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഏഥർ റിസ്‌തയെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്നുണ്ട്.
യൂത്തൻമാരുടെ ഫേവറീറ്റ് മോഡലായ 450X ഇലക്ട്രിക് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ഏഥർ റിസ്‌തയും ഒരുക്കിയിരിക്കുന്നത്. മെയിൻ ഫ്രെയിം അതേപടി തുടരുമ്പോൾ ലോവർ സീറ്റ് ഹൈറ്റിനായി പുതിയ സബ്ഫ്രെയിമാണ് ഏഥർ എനജർജി ഉപയോഗിച്ചിരിക്കുന്നത്. മെക്കാനിക്കലായി നോക്കിയാൽ മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറുമാണ് ഇടംപിടിച്ചിരിക്കുന്നത്.
ബ്രേക്കിംഗിനായി മുന്നിൽ സിംഗിൾ ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്ക് സജ്ജീകരണവുമാണുള്ളത്. ഇന്ത്യയിലെ ഫാമിലി ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിൽ ഓല S1, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ V1, ബജാജ് ചേതക്, ആംപിയർ നെക്‌സസ് പോലുള്ള വമ്പൻമാരുമായാണ് ഏഥർ റിസ്‌ത മത്സരിക്കുന്നത്. 450 സീരീസ് മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസിലേക്ക് കുടിയേറി പാർത്ത ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയുടെ ടോപ്പ് സെല്ലർ കൂടിയാണ് മോഡൽ ഇപ്പോൾ.


Click it and Unblock the Notifications








