ഹോണ്ടയുടെ കൊട്ടാരം പൊളിക്കും, 86,900 രൂപയ്ക്ക് പുതിയ 125 സിസി സ്‌കൂട്ടറുമായി ഹീറോ; ഒപ്പം മാക്‌സി സ്‌കൂട്ടറും
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സൂം 125 (Zoom 125) സിസി സ്പോർട്ടി സ്‌കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് (Hero Motocorp). VX, ZX എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന സൂം 125 പതിപ്പിന് 86,900 രൂപയുടെ എക്സ്ഷോറൂം വിലയാണ് വരുന്നത്. ഹോണ്ട ആക്‌ടിവയും സുസുക്കി ആക്‌സസും ടിവിഎസ് എൻടോർഖും എല്ലാം അരങ്ങുവാഴുന്ന വിഭാഗത്തിലേക്കാണ് കടന്നുവരുന്നതെങ്കിലും ശ്രേണിയിലെ സ്പോർട്ടി മോഡലായി മാറാനാണ് ഹീറോയുടെ ശ്രമം.
ഡിസൈനിലേക്ക് നോക്കിയാൽ യൂത്തൻമാരെ കൈയിലെടുക്കാൻ പാകത്തിനുള്ള രൂപമാണ് ഹീറോ മോട്ടോകോർപിന്റെ ഏറ്റവും പുതിയ 125 സിസി സ്‌കൂട്ടറിനുള്ളത്. ഇന്റഗ്രേറ്റഡ് എൽഇഡി ലൈറ്റുകൾ, സ്ലീക്ക് സൈഡ്, ടെയിൽ സെക്ഷനുകൾ എന്നിവയ്‌ക്കൊപ്പം മൊത്തത്തിൽ സ്‌പോർട്ടിയറായി നിൽക്കാൻ സൂമിന് സാധിച്ചിട്ടുണ്ട്. ഫീച്ചറുകളിലും ധാരാളിയായിട്ടാണ് കക്ഷിയുടെ വരവെന്ന് വേണം പറയാൻ.

കോൾ/നോട്ടിഫിക്കേഷൻ അലേർട്ടുകൾക്കും ടേൺ-ബൈ-ടേൺ നാവിഗേഷനുമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഡിസ്‌പ്ലേയാണ് പുതിയ സൂമിൽ ഹീറോ ഒരുക്കിയിട്ടുള്ളത്. ചില ഉയർന്ന ആഡംബര കാറുകളിൽ കാണുന്നതിന് സമാനമായി സ്വീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടറാണ് സൂം 125. പുതിയ ഡെസ്റ്റിനി 125 സ്‌കൂട്ടറിൽ കാണുന്ന അതേ എഞ്ചിനാണ് സൂം 125 പതിപ്പിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
125 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഹീറോ സൂമിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,250 ആർപിഎമ്മിൽ 9 bhp കരുത്തും 6,000 ആർപിഎമ്മിൽ പരമാവധി 10.4 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ സ്‌കൂട്ടറുകളിൽ ഒന്നാണിതെന്നും കമ്പനി അവകാശവാദം ഉന്നയിക്കുന്നുണ്ട്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സ്പോർട്ടി സ്‌കൂട്ടറിന് 7.6 സെക്കൻഡ് സമയമാണ് വേണ്ടിവരിക. ഫെബ്രുവരിയിൽ ബുക്കിംഗ് ആരംഭിച്ച് മാർച്ചിൽ 125 സിസി സൂമിന്റെ ഡെലിവറി ആരംഭിക്കാനാണ് ഹീറോ മോട്ടോകോർപ് പദ്ധതിയിട്ടിരിക്കുന്നത്. മെറ്റാലിക് ടർബോ ബ്ലൂ, മാറ്റ് സ്റ്റോം ഗ്രേ, ഇൻഫെർനോ റെഡ്, മാറ്റ് നിയോൺ ലൈം കളർ ഓപ്ഷൻ എന്നിവയുൾപ്പെടെ നാല് കളർ ഓപ്ഷനുകളിലാണ് വാഹനം വിപണനത്തിന് എത്തുന്നത്.
ഇതുകൂടാതെ സൂം 160 സിസി മാക്‌സി സ്‌കൂട്ടറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 1.48 ലക്ഷം രൂപയാണ് ഇതിന് വരുന്ന എക്സ്ഷോറൂം വില. റിമോട്ട് സീറ്റ് ആക്‌സസ് ഉള്ള സ്‌മാർട്ട് കീ, ഡ്യുവൽ ചേമ്പർ എൽഇഡി ഹെഡ്‌ലാമ്പ്, എബിഎസ് ഉള്ള ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ടേൺ-ബൈ-ടേൺനാവിഗേഷൻ ഉള്ള ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ ഡിജിറ്റൽ സ്പീഡോമീറ്റർ എന്നിവയാണ് സ്‌കൂട്ടറിൻ്റെ പ്രധാന സവിശേഷതകൾ.
ഹീറോയുടെ പുതിയ മാക്‌സി സ്‌കൂട്ടറിന് 156 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഇത് 8,000 ആർപിഎമ്മിൽ 14.6 bhp പവറും 6,500 ആർപിഎമ്മിൽ 14 Nm ടോർക്കും വരെ ഇത് ഉത്പാദിപ്പിക്കും. മികച്ച കാര്യക്ഷമതയ്ക്കായി സൈലൻ്റ് സ്റ്റാർട്ടും 4-വാൽവ് സാങ്കേതികവിദ്യയും സ്കൂട്ടറിൽ കോർത്തിണക്കിയിട്ടുണ്ട്. 14 ഇഞ്ച് വലിയ വീലുകളും ബ്ലോക്ക് പാറ്റേൺ ടയറുകളും ഉള്ള വലിയ സ്കൂട്ടർ സ്റ്റാൻസാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെച്ചപ്പെട്ട സൗകര്യത്തിനായി വിശാലമായ, കുഷ്യൻ സീറ്റും കമ്പനി കൊടുത്തിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








