ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ പൾസറായി ചേതക്, ഓലയെ തറപറ്റിച്ച് വീണ്ടും ഒന്നാമനായി 153 കി.മീ. റേഞ്ചുള്ള ബജാജ് ഇവി
നിരത്തുകൾ പതിയെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ (Electric Scooter) കൈയടക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് വേണം പറയാൻ. അടുത്ത കാലത്തൊന്നും പെട്രോൾ വില കുറയാൻ സാധ്യതയില്ലാത്തതിനാലും പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് കാര്യമായി മൈലേജില്ലാത്തതുമെല്ലാം പലരേയും നിരാശരാക്കുന്ന സംഗതികളാണ്. 100 രൂപയ്ക്ക് 1 ലിറ്റർ പെട്രോൾ പോലും കിട്ടാനില്ലെന്നത് കണക്കിലെടുക്കുമ്പോൾ ആരായാലും മറ്റ് ബദൽ മാർഗങ്ങളെ കുറിച്ച് ചിന്തിക്കുന്നുണ്ടാവും. അവിടെയാണ് ഇവികളുടെ സാധ്യത തെളിഞ്ഞുവന്നതും ഇവ ഹിറ്റായതും. ഇലക്‌ട്രിക് സ്‌കൂട്ടർ ഒരെണ്ണാം വാങ്ങിയാൽ കൊള്ളാമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇപ്പോഴുണ്ടാവില്ലെന്ന് വേണം പറയാൻ.
അങ്ങനെയൊന്ന് വാങ്ങാൻ തീരുമാനിച്ചാൽ പലർക്കും കൺഫ്യൂഷനാവും. ഓല വേണോ ഏഥർ വാങ്ങണോ ബജാജ് വേണോ ടിവിഎസിലേക്ക് പോണോ എന്നതരത്തിലാലും ആശയക്കുഴപ്പങ്ങളുണ്ടാവുക. വിശ്വസിച്ച് നല്ലൊരു ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനാണ് ആലോചിക്കുന്നതെങ്കിൽ കണ്ണുംപൂട്ടി ചേതക് ഇവി തെരഞ്ഞെടുക്കാം കേട്ടോ. ഇന്ത്യക്കാർ ഇപ്പോൾ ചെയ്യുന്നതും ഇതുതന്നെയാണ്.

സാക്ഷാൽ ഓലയേയും ഏഥറിനേയും ടിവിഎസിനെയും എല്ലാം പൊട്ടിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് സ്‌കൂട്ടറായി ബജാജ് ചേതക് ഇവി മാറിയിട്ട് കാലംകുറച്ചായി. ഇപ്പോഴിതാ 2024-2025 സാമ്പത്തിക വർഷത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും എതിരാളികളെയെല്ലാം മലർത്തിയടിച്ചുകൊണ്ട് പറന്നുയർന്നിരിക്കുകയാണ് ചേതക്. 2024-25 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ 29 ശതമാനം വിപണി വിഹിതം നേടി ബജാജ് ചേതക് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
2025 മാർച്ചിലെ വിൽപ്പനയിലും ബജാജ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ടിവിഎസ്, ഓല, ഏഥർ, ഹീറോ തുടങ്ങിയ വമ്പൻമാരെയെല്ലാം മറികടന്ന് ചേതക് ഇവിയുടെ 34,863 യൂണിറ്റുകളാണ് കഴിഞ്ഞ മാസം കമ്പനി വിറ്റഴിച്ചത്. പോയ വർഷം ബജാജ് ഓട്ടോ 35 സീരീസ് ഉൾപ്പെടെ ചേതക് ഇവിയുടെ രണ്ട് പുതിയ വകഭേദങ്ങൾ പുറത്തിറക്കിയതെല്ലാം വിൽപ്പന കൂടാൻ കാരണമായിട്ടുണ്ട്.

ഇന്റഗ്രേറ്റഡ് ഫ്ലോർബോർഡ് ബാറ്ററികൾ, സുരക്ഷാ സാങ്കേതികവിദ്യകൾ തുടങ്ങിയ ആധുനിക നവീകരണങ്ങളാൽ സമ്പന്നമായി വിപണിയിലെത്തിയ മോഡലിനെ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചേതക് 35 സീരീസ് നിലവിൽ 3501, 3502, 3503 എന്നീ മൂന്ന് വേരിയൻ്റുകളിലായാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഫുൾ മെറ്റൽ ബോഡിയുമായി വരുന്ന നേട്ടവും ആളുകളെ ആകർഷിക്കാൻ കാരണമായിട്ടുണ്ട്.
വിലയുടെ കാര്യത്തിലേക്ക് നോക്കിയാലും താങ്ങാനാവുന്ന രീതിയിലാണ് ഇലക്ട്രിക് സ്‌കൂട്ടറിനെ ബജാജ് വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ചേതക് ഇവിയുടെ 3501, 3502 വേരിയൻ്റുകൾക്ക് യഥാക്രമം 1.27 ലക്ഷം, 1.20 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. പുതിയ പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന ബജാജ് ചേതക് ഇവിയുടെ ഏറ്റവും ഫീച്ചർ റിച്ച് മോഡൽ കൂടിയാണ് ഇവയെന്നതും ശ്രദ്ധേയമാണ്.

3.5kWh ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന തികച്ചും പുതുപുത്തൻ ഫ്രെയിമിലാണ് ചേതക് 35 സീരീസ് നിർമിച്ചെടുത്തിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചതു പോലെ ബാറ്ററി ഫ്ലോർബോർഡിന് താഴെ സ്ഥാപിച്ച് മെച്ചപ്പെട്ട സ്പേസ് നൽകുന്നവിധത്തിലാണ് ചേതക്കിന്റെ ഈ വകഭേദങ്ങൾ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ 35 മോഡലുകൾക്ക് ഫുൾ ചാർജിൽ 153 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.
35 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് കൂടി ഉൾപ്പെടുത്തി മോഡലിന്റെ പ്രായോഗികത വർധിപ്പിക്കാനും ബജാജ് ശ്രമിച്ചിട്ടുണ്ട്. സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, മ്യൂസിക് കൺട്രോൾ, ഇൻ്റഗ്രേറ്റഡ് മാപ്പ്സ്, ജിയോ ഫെൻസിംഗ് എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ടിഎഫ്‌ടി ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള അത്യാധുനിക സവിശേഷതകളും ഇവിയിൽ കോർത്തിണക്കിയിട്ടുണ്ട്. 950W ബോർഡ് ക്വിക്ക് ചാർജർ ഉപയോഗിച്ചാൽ ഇവി 0-80 ശതമാനം മുതൽ ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂർ സമയം മാത്രം മതിയാവും.


Click it and Unblock the Notifications








