ഇൻഷുറൻസ് ഫ്രീ, ലോണിന് പ്രോസസിംഗ് ചാർജുമില്ല! പൾസർ വാങ്ങാനിരിക്കുന്നവർക്ക് ഹാട്രിക് ഓഫറുമായി ബജാജ്
പൾസറുകളിലൂടെ (Bajaj Pulsar) രാജ്യംവെട്ടിപ്പിടിച്ച ഇരുചക്ര വാഹന നിർമാതാക്കളാണ് ബജാജ്. ഇന്നും 90 കിഡ്‌സിന് ആ സുവർണകാലം ഒന്നും അത്രവേഗം മറക്കാനാവില്ലല്ലോ. 125 സിസി മുതൽ ഇപ്പോൾ 400 സിസി വരെ പൾസറുകൾ വാങ്ങാനും കിട്ടും. പഴയ പ്രതാപം മങ്ങിയെങ്കിലും യൂത്തിനിടയിൽ തങ്ങളുടേതായ സ്ഥാനം ഈ മോഡലുകൾക്ക് ഇന്നുമുണ്ടെന്ന് വേണം മനസിലാക്കാൻ. ഇപ്പോഴിതാ ജിഎസ്‌ടി ഇളവുകൾ കാരണം ഗംഭീര വിലക്കുറവിൽ ബജാജിന്റെ മോട്ടോർസൈക്കിളുകളെല്ലാം വാങ്ങാൻ സുവർണാവസരം കൈവന്നിരിക്കുകയാണ്. ഇതോടൊപ്പം ഉത്സവ സീസൺ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.
350 സിസിയിൽ താഴെയുള്ള മോട്ടോർസൈക്കിളുകൾക്ക് സർക്കാർ ജിഎസ്ടി നിരക്കുകൾ കുറച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി വിലക്കുറവ് ആളുകൾക്ക് ഇന്ന് മുതൽ ഉപയോഗപ്പെടുത്താം. ഇതിനോടൊപ്പം തന്നെ 'ഹാട്രിക് ഓഫർ' എന്ന പേരിൽ അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ഇരുചക്ര വാഹന നിർമാതാക്കൾ. പുതിയ ഹാട്രിക് ഓഫർ വാങ്ങുന്നവർക്ക് മൂന്ന് പ്രധാന നേട്ടങ്ങൾ നൽകുന്നു.

ആദ്യത്തേത് പൂർണ ജിഎസ്ടി ആനുകൂല്യമാണ്.ഇത് മോട്ടോർസൈക്കിളിന്റെ വില നേരിട്ട് കുറയ്ക്കുന്നു. രണ്ടാമത്തേത് സീറോ പ്രോസസിംഗ് ചാർജുകളാണ്. ഇത് ലോൺ എടുക്കുന്നവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനാണ് സഹായിക്കുക. മൂന്നാമത്തേത് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന സമഗ്ര ഇൻഷുറൻസ് പരിരക്ഷയാണ്. ഇത് പുതിയ ഉടമകൾക്ക് അധിക മുൻകൂർ ചെലവുകൾ നേരിടേണ്ടിവരില്ലെന്ന കാര്യമാണ് ഉറപ്പാക്കുന്നത്.
മോഡലിനെ ആശ്രയിച്ച് ഓഫറുകളിൽ വ്യത്യാസമുണ്ടാവാം. ഡൽഹിയിൽ പൾസർ NS125 എബിഎസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 12,206 രൂപ വില വരുന്ന ആനുകൂല്യങ്ങൾ ലഭിക്കും. അതേസമയം പൾസർ N160 USD വാങ്ങുന്നവർക്ക് 15,759 രൂപ മൂല്യമുള്ള ഓഫറുകളാണ് കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്. നികുതി കുറയ്ക്കൽ, പ്രോസസിഗ് ചാർജുകൾ ഒഴിവാക്കൽ, സൗജന്യ ഇൻഷുറൻസ് എന്നിവയിലൂടെയാണ് ഇത്രയും ലാഭം നേടാനാവുന്നത്.

ഹാട്രിക് ഓഫർ മുഴുവൻ പൾസർ ശ്രേണിക്കും ബാധകമാണെന്നും രാജ്യവ്യാപകമായി ലഭ്യമാകുമെന്നും ബജാജ് ഓട്ടോ സ്ഥിരീകരിച്ചു. ഗുജറാത്തിലെ നവരാത്രി സമയത്തോ, പശ്ചിമ ബംഗാളിലെ ദുർഗാ പൂജ സമയത്തോ, കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും ദസറ സമയത്തോ ആകട്ടെ രാജ്യത്തെ വാഹന വിപണിക്ക് ഏറ്റവും ഉയർന്ന വിൽപ്പന ലഭിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു ഓഫറുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
ബജാജിന്റെ ഇവി നിരയിൽ ഓഫറുകളൊന്നും നിലവിൽ അവതരിപ്പിച്ചിട്ടില്ല കേട്ടോ. ചൂടപ്പം പോലെ വിറ്റഴിയുന്ന ചേതക് ഇലക്ട്രിക് സ്കൂട്ടറിന് ഡിസ്കൌണ്ടുകളൊന്നും നൽകാത്തത് പലരേയും നിരാശപ്പെടുത്തിയേക്കാം. ഇതിനിടെ ചേതക് സുപ്രധാന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 5 ലക്ഷത്തിലധികം പേര്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയതായി ബജാജ് പ്രഖ്യാപിച്ചു.
വെറും 5 വര്‍ഷത്തിനുള്ളിലാണ് ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ ഈ നാഴികക്കല്ല് താണ്ടിയിരിക്കുന്നത്. 2020 ജനുവരിയിൽ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ഇതുവരെ 5.10 ലക്ഷം യൂണിറ്റ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് നിരത്തിലെത്തിയിരിക്കുന്നത്. 2 വ്യത്യസ്ത ബാറ്ററി ഓപ്ഷനുകളുള്ള 4 മോഡലുകളിലാണ് ഇവി വിപണനത്തിന് എത്തുന്നത്. ചേതക് 3001 മോഡല്‍ 3kWh ബാറ്ററിയിലും 3501, 3502, 3503 മോഡലുകള്‍ 3.5kWh ബാറ്ററി പായ്ക്കിലും ലഭ്യമാണ്. വില നോക്കിയാൽ 99,900 രൂപ മുതല്‍ 1.35 ലക്ഷം രൂപ വരെയാണ് സ്കൂട്ടറിന് വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








