ക്ലച്ചുപിടിച്ചില്ല, 1.25 ലക്ഷത്തിന്റെ പൾസർ ബൈക്ക് നിർത്തലാക്കി ബജാജ്! വാങ്ങാൻ നോക്കിവെച്ചിട്ടുണ്ടായിരുന്നോ
ഇന്നും യൂത്തൻമാർക്കിടയിൽ പ്രിയപ്പെട്ട പേരാണ് ബജാജ് പൾസർ (Bajaj Pulsar). സ്റ്റാൻഡേർഡ്, P, N, NS, RS എന്നിങ്ങനെ പല വകഭേദങ്ങളായി 125 സിസി മുതൽ 400 സിസി വരെ വിരാജിച്ചു കിടക്കുന്ന പൾസർ കാലത്തിനൊത്ത് മാറാനും ശ്രമിക്കാറുണ്ട്. അൽപം വൈകിയാണ് സംഗതി ബജാജിന് കത്തിയതെങ്കിലും പൾസറുകളെ മോഡേണാക്കുന്നതിൽ ഇപ്പോൾ വിട്ടുവീഴ്ച്ചയില്ല. അല്ലെങ്കിൽ ആധുനിക എതിരാളികൾക്കൊപ്പം ഓടിയെത്താൻ കമ്പനിക്കാവില്ലെന്ന് നന്നായി മനസിലായിട്ടുണ്ട്. ഇപ്പോഴിതാ ഒരു പൾസർ ബൈക്കിന്റെ കച്ചോടം അവസാനിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്. അതും മുന്നറിയിപ്പുകൾ ഒന്നുമില്ലാതെയാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ കമ്പനി എത്തിയിരിക്കുന്നത്.
വിൽപ്പനയ്ക്കെത്തി വെറും രണ്ട് വർഷത്തിന് ശേഷം ബജാജ് പൾസർ N150 മോഡലാണ് വിപണിയിൽ നിന്നും ഗുഡ്ബൈ പറഞ്ഞിറങ്ങിയിരിക്കുന്നത്. പൾസർ P150 മോഡലിന്റെ എഞ്ചിനും പൾസർ N160 ബൈക്കിന്റെ സ്റ്റൈലിംഗും മിക്‌സ് ചെയ്ത് അവതരിപ്പിച്ച മോട്ടോർസൈക്കിൾ വളരെ വേഗം യുവാക്കൾക്കിടയിൽ ശ്രദ്ധനേടുമെന്നായിരുന്നു ബജാജിന്റെ പ്രതീക്ഷ. എന്നാൽ പൾസർ N150 ക്ലച്ചുപിടിക്കാതെ പോവുകയായിരുന്നു.

ഇതാവാം പൾസർ N150 പതിപ്പിനെ നിശബ്‌ദമായി പിൻവലിക്കാൻ കാരണമായതെന്നാണ് വിവരം. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബജാജിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡീ-ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയെന്തെങ്കിലും മാറ്റങ്ങളോടെ 150 സിസി മോട്ടോർസൈക്കിൾ വിപണിയിലെത്തുമോ എന്ന കാര്യവും ബജാജ് വെളിപ്പെടുത്തിയിട്ടില്ല. 1.18 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലായിരുന്നു മോഡലിനെ അവതരിപ്പിച്ചിരുന്നത്.
പിന്നീട് പോയ വർഷം ബജാജ് N150 പുതിയ കളർ ഓപ്ഷനുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ കൺസോളും ഉപയോഗിച്ച് കമ്പനി പുതുക്കി അവതരിപ്പിക്കുകയുണ്ടായി. അന്ന് 1.25 ലക്ഷം രൂപയും ബ്ലൂടൂത്ത് സവിശേഷതകളുള്ള ടോപ്പ്-സ്പെക്ക് പതിപ്പിന് 1.31 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരുന്നത്. പ്രൊജക്ടർ ലെൻസ് ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, ആംഗുലർ ബോഡി പാനലുകൾ എന്നിവയെല്ലാം വാഗ്‌ദാനം ചെയ്‌തിരുന്ന മോഡൽ വലിയ പൾസർ N160 മോഡലിന് സമാനമായാണ് കാണപ്പെട്ടിരുന്നത്.

ആയതിനാൽ രണ്ടും പെട്ടന്ന് മാറിപ്പോവാനും സാധ്യതയുണ്ടായിരുന്നു. സ്റ്റാൻഡേർഡ് പൾസർ P150 വേരിയന്റിനേക്കാൾ വീതിയേറിയ റിയർ ടയർ ആയിരുന്നു ബൈക്കിനുണ്ടായിരുന്നത്. ഒപ്പം സിംഗിൾ-പീസ് സീറ്റും ബജാജ് സമ്മാനിക്കുകയുണ്ടായി. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ കൺസോളായിരുന്നു ഇതിൽ ഉപയോഗിച്ചിരുന്നത്. 149 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനായിരുന്നു ബജാജ് പൾസർ N150-യുടെ ഹൃദയം.
5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 14.3 bhp കരുത്തിൽ പരമാവധി 13.5 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതുമായിരുന്നു. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ റിയർ ഡ്രം ബ്രേക്കും സിംഗിൾ-ചാനൽ എബിഎസും ആളുകൾക്ക് തെരഞ്ഞെടുക്കാൻ ഓപ്ഷനുണ്ടായിരുന്നു.
ഇനി ബജാജുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ഇക്കഴിഞ്ഞ ദിവസം പുതിയ 2025 മോജൽ പൾസർ NS400Z ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ഈ അപ്ഡേറ്റോടെ സ്പോർട് ബൈക്കിന് അതിന്റെ പെർഫോമൻസിലും മറ്റ് മെക്കാനിക്കൽ വശങ്ങളിലും ചില മാറ്റങ്ങൾ ലഭിച്ചിരുന്നു. വെറും 1.92 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഫ്ലാഗ്ഷിപ്പ് സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിളിനെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത് എന്നതും ഹൈലൈറ്റാണ്.
ബോഷുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സെഗ്‌മെന്റ്-ഫസ്റ്റ് ക്ലച്ച്-ലെസ് ഫുൾ-ത്രോട്ടിൽ ക്വിക്ക്-ഷിഫ്റ്റർ വരെ NS400Z സ്ട്രീറ്റ്ഫൈറ്ററിലുണ്ട്. സ്‌പോർട്‌സ് മോഡിൽ മാത്രമാണ് ഈയൊരു ഫീച്ചർ ഉപയോഗിക്കാനാവുക കേട്ടോ. 373 സിസി എഞ്ചിന് ഇപ്പോൾ 43 bhp പവർ വരെ പുറത്തെടുക്കാനാവും. അങ്ങനെ വെറും 2.7 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗതയും 6.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയും കൈവരിക്കാൻ 400 സിസി പൾസറിനാവും. അതേസമയം 157 കിലോമീറ്ററാണ് പരമാവധി വേഗം.


Click it and Unblock the Notifications








