അമ്മമാർ സുഖമായി പിന്നിൽ ഇരുന്നോളും, പൾസർ N160 ബൈക്കിലേക്ക് ആളുകൾ ചോദിച്ച മാറ്റവുമായി ബജാജ്
ഒരു കമ്പനിയേക്കാൾ ആരാധകർ അവരുടെ ഒരു ബൈക്കിനുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ... പക്ഷേ പൾസർ (Bajaj Pulsar) എന്ന പേര് പറഞ്ഞാൽ അത് ശരിയാണല്ലോയെന്നായിരിക്കും ഏവരും മനസിൽ പറയുക. ഫാൻസ് ഉള്ളതു പോലെ ഹേറ്റേഴ്‌സും ഏറെയുണ്ടെങ്കിലും ഇവരൊക്കെ ഒരു തവണ പോലും പൾസർ (Pulsar) ഉപയോഗിക്കാത്തലരാവുമെന്നതാണ് സത്യം. 2001-ൽ ആദ്യമായി വിപണിയിൽ എത്തിയപ്പോൾ കമ്പനി പോലും സ്വപ്‌നം കാണാത്ത സ്വീകാര്യതയാണുണ്ടായത്. വർഷം 25 ആയിട്ട് പോലും ഇതുവരെ പൾസറിൻ്റെ ഗമയ്ക്കും വിൽപ്പനക്കും കാര്യമായ കുറവ് ഒന്നും സംഭവിച്ചിട്ടില്ല.
125 സിസി മുതൽ 400 സിസി വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന മോഡലുകൾ തന്നെയാണ് ഇതിന് കാരണം. പോരാത്തതിന് കൃത്യമായ ഇടവേളകളിൽ മോട്ടോർസൈക്കിളുകളിലേക്ക് കൊണ്ടുവരുന്ന പരിഷ്ക്കാരങ്ങളും ആളുകൾക്ക് ഏറെയിഷ്ടമാവുന്നുണ്ട്. ഇപ്പോഴിതാ പൾസർ N160 നിരയിലേക്ക് പുത്തനൊരു വേരിയൻ്റ് അവതരിപ്പിച്ചിരിക്കുകയാണ് ബജാജ് ഓട്ടോ. ഗോൾഡൻ അപ്‌സൈഡ്-ഡൗൺ ഫോർക്കുകളെയും സിംഗിൾ-പീസ് സീറ്റുമുള്ള പുത്തൻ മോഡലിൻ്റെ എക്സ്ഷോറൂം വിലയാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

വെറും 1,23,983 രൂപയുണ്ടേൽ ബജാജ് പൾസർ N160-യുടെ ഈ പുതുവേരിയൻ്റ് സ്വന്തമാക്കാനാവും. ഗോൾഡൻ അപ്‌സൈഡ്-ഡൗൺ ഫോർക്ക്, സിംഗിൾ-പീസ് സീറ്റ് എന്നിവയ്ക്ക് പുറമെ പേൾ മെറ്റാലിക് വൈറ്റ്, റേസിംഗ് റെഡ്, പോളാർ സ്കൈ ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളും 160 സിസി പൾസറിൽ ലഭിക്കും. നിലവിലുള്ള ബേസിനും ടോപ്പ് വേരിയൻ്റുകൾക്കും ഇടയിലായിട്ടാണ് പുത്തൻ മോഡൽ ഇടംപിടിക്കുന്നത്.
ബജാജ് പൾസർ N160 സ്റ്റാൻഡേർഡ് ഡ്യുവൽ-ചാനൽ എബിഎസ് ബേസിന് 1,16,773 രൂപയും ടോപ്പ്-സ്പെക്ക് ഡ്യുവൽ-ചാനൽ എബിഎസ് മോഡലിന് 1,26,290 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. അടുത്തിടെ 160 സിസി സെഗ്മെൻ്റിലെ മുഖ്യശത്രുക്കളിൽ ഒരാളായ ഹീറോ എക്‌സ്‌ട്രീം 160R മോട്ടോർസൈക്കിൾ മാറ്റങ്ങളോടെ വിപണിയിലെത്തിയതിന് പിന്നാലെയാണ് പൾസറും മിനുക്കിയെത്തിയിരിക്കുന്നത്. കൂടെ വിലക്കുറവും കൂടിയാവുമ്പോൾ കൂടുതൽ ആളുകളെ ആകർഷിക്കാനാവുമെന്നാണ് ബജാജിൻ്റെ വിശ്വാസം.

മുൻവശത്ത് കൊടുത്തിരിക്കുന്ന പുതിയ USD ഫോർക്ക് സജ്ജീകരണം ബജാജ് പൾസർ N160-യുടെ ഹാൻഡ്‌ലിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതായിരിക്കും. അതേസമയം സിംഗിൾ സീറ്റ് ലേഔട്ട് പില്യൺ റൈഡർമാർക്ക് കൂടുതൽ സുഖസൗകര്യങ്ങളും നൽകും. പ്രത്യേകിച്ച് അമ്മമാരൊക്കെ സ്ഥിരമായി കയറുന്നതാണെങ്കിൽ ഈ വേരിയൻ്റ് വാങ്ങുന്നതാവും അവർക്ക് അനുയോജ്യം. കമ്പനിയുടെ ഇൻ്റേണൽ ബയർ റിസർച്ച് അനുസരിച്ച് N160 ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം സിംഗിൾ സീറ്റിനെയാണ് ഇഷ്ടപ്പെടുന്നതും.
എന്തായാലും ഈ മാറ്റം വിൽപ്പന വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ. ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയെല്ലാമാണ് മോട്ടോർസൈക്കിളിലെ പ്രധാന ഫീച്ചറുകൾ. കൂടാതെ റെയിൻ, റോഡ്, ഓഫ്-റോഡ് എന്നിങ്ങനെ മൂന്ന് എബിഎസ് മോഡുകളും ബജാജ് അവതരിപ്പിച്ചിട്ടുണ്ട്. 8,750 ആർപിഎമ്മിൽ 15.6 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 164.82 സിസി ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് പൾസർ N160 മോഡലിൻ്റെ ഹൃദയം.

5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുന്നിൽ ഗോൾഡൻ അപ്‌സൈഡ്-ഡൗൺ ഫോർക്കുകളാണ് എത്തിയിരിക്കുന്നതെങ്കിൽ പിന്നിൽ മോണോഷോക്ക് സജ്ജീകരണണാണ് ബജാജ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി നൽകിയിട്ടുമുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








