ഇനി ബ്രേക്ക് പിടിച്ചാൽ പിടിച്ചിടത്ത് നിൽക്കും! ബേബി NS ബൈക്കിലേക്ക് ആ ഫീച്ചറും ചേർത്ത് പൾസർ മുതലാളി
ബജാജ് പൾസർ (Bajaj Pulsar) നിരയിൽ ഏറ്റവും ഫാൻസുള്ളത് ഏത് മോഡലാനാണെന്ന് ചോദിച്ചാൽ കണ്ണുംപൂട്ടി പറയാം അത് NS സീരീസിനാണെന്ന്. 125 സിസി മുതൽ 400 സിസി വരെ വ്യാപിച്ചുകിടക്കുന്ന ഈ മോട്ടോർസൈക്കിൾ ശ്രേണി യുവാക്കളുടെ ഹരമായി മാറിയിട്ട് നാളിമ്മിണിയായി. NS200 സ്പോർട് ബൈക്കിൽ നിന്നുമാണ് ബജാജ് പണി തുടങ്ങിയത്. നല്ല പെർഫോമൻസും അഡാറ് ലുക്കും തന്നെയാണ് ഇത്രയും വിജയം നേടിയെടുക്കാൻ കാരണമായത്. ഒപ്പം പൾസൾ മുതലാളി (Bajaj Aut0) നിശ്ചയിക്കുന്ന വിലയും ഏത് സാധാരണക്കാരനും താങ്ങാനാവുന്നതുമാണ്.
ഇപ്പോഴിതാ പൾസർ NS125 മോട്ടോർസൈക്കിളിന്റെ സിംഗിൾ ചാനൽ എബിഎസ് പതിപ്പും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ബജാജ്. കുറഞ്ഞ വിലയിൽ എത്തുന്ന മോഡൽ ഹീറോ എക്‌സ്ട്രീം 125R, ടിവിഎസ് റൈഡർ, ഹോണ്ട SP125 തുടങ്ങിയ 125 സിസി എതിരാളികളുമായി മല്ലിടാൻ കുറച്ചുകൂടി സെറ്റപ്പായെന്ന് സാരം. വെറും 1.06 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് പുത്തൻ എൻട്രി ലെവൽ NS മോഡൽ സ്വന്തമാക്കാനാവുക.

ഫ്രണ്ട് വീലിൽ 240 mm ഡിസ്ക് ബ്രേക്കും പിന്നിൽ 130 mm ഡ്രം ബ്രേക്കുമാണ് ബജാജ് തങ്ങളുടെ ഏറ്റവും പുതിയ 2025 മോഡൽ NS125 എബിഎസ് വേരിയന്റിൽ ഒരുക്കിയിരിക്കുന്നത്. പുതിയ മോഡലിൽ കോമ്പി-ബ്രേക്കിംഗ് സജ്ജീകരണവും (CBS) ലഭ്യമാണ്. ഈ സെഗ്മെന്റിലെ ഏറ്റവും ശക്തമായ മോട്ടോർസൈക്കിളായതിനാൽ തന്നെ എബിഎസിന്റെ കുറവ് ബേബി എൻഎസിൽ നിഴലിക്കുന്നുണ്ടായിരുന്നു. എന്തായാലും ആ കുറവ് കൂടി നികത്തിയതോടെ ആളുകൾ ഇനി വാങ്ങാൻ ക്യൂ നിൽക്കുമെന്ന് ഉറപ്പാണ്.
ശക്തമായ ബ്രേക്കിംഗ് സിസ്റ്റം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത പലരും ചൂണ്ടിക്കാണിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് വിപണിയിൽ നിന്നും ലഭിച്ചതിന്റെ ഫീഡ്‌ബാക്കുകളുടെ അടിസ്ഥാനത്തിലാണ് ബജാജ് പൾസർ NS125-ന് സിംഗിൾ-ചാനൽ എബിഎസ് അവതരിപ്പിച്ചിരിക്കുന്നത്. പണ്ട് മുതലേ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ താത്പര്യം കാണിക്കുന്നവരുമാണ് ബജാജ്.

ദൈനംദിന യാത്രകളായാലും ഹൈവേ യാത്രകളിലായാലും എബിഎസിന്റെ വരവ് ഗുണം ചെയ്യുമെന്നതിൽ സംശയമൊന്നും വേണ്ട. നിലവിൽ സിംഗിൾ-ചാനൽ എബിഎസ് വാഗ്‌ദാനം ചെയ്യുന്ന സെഗ്മെന്റിലെ ഒരേയൊരു മോഡൽ ഹീറോ എക്‌സ്ട്രീം 125R ആണ്. ഇനി മുതൽ ഈ ഫീച്ചർ ചെയ്യുന്ന രണ്ടാമനായി വാഴാൻ ബജാജിന്റെ ബേബി എൻഎസിനാവും. പുതിയ സവിശേഷത കൂട്ടിച്ചേർത്തെങ്കിലും ബൈക്ക് മുമ്പുണ്ടായിരുന്നതിന് സമാനമായി തുടരുകയാണ്.
125 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പൾസർ NS125 മോഡലിന് കരുത്തേകുന്നത്. ഇത് 8,500 ആർപിഎമ്മിൽ 11.8 bhp പവറും 7,000 ആർപിഎമ്മിൽ 11 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നതും. കോൾ, SMS നോട്ടിഫിക്കേഷനുകൾ, നാവിഗേഷൻ എന്നിവയ്ക്കായി സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന പൂർണ ഡിജിറ്റൽ കൺസോളും എൻട്രി ലെവൽ മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഇരുവശത്തും 17 ഇഞ്ച് വീലുകളോടെയാണ് ബജാജ് പൾസർ NS125 വരുന്നത്. സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് യൂണിറ്റുമാണ് ക്രമീകരിച്ചിരിക്കുന്നത്. 805 മില്ലീമീറ്റർ സീറ്റ് ഉയരമുള്ള ബൈക്കിന് 179 mm ഗ്രൗണ്ട് ക്ലിയറൻസാണുള്ളതും. മൊത്തത്തിൽ 144 കിലോഗ്രാം ഭാരമാണ് ബജാജിന്റെ യൂത്ത്ഫുൾ മോഡലിനുള്ളത്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളുള്ളതിനാൽ റൈഡിംഗും എളുപ്പമാണ്. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, റിയൽ-ടൈം ഇന്ധനക്ഷമത, ശരാശരി ഇന്ധനക്ഷമത, ഡിസ്റ്റൻസ്ടും എംടി റീഡർ തുടങ്ങി നിരവധി വിവരങ്ങൾ ഉപയോക്താക്കൾക്ക് ഇതുവഴി ആക്‌സസ് ചെയ്യാൻ കഴിയും. സിംഗിൾ ചാനൽ എബിഎസ് ലഭിക്കുന്ന ഈ സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന മോഡൽ കൂടിയാണ് പൾസർ NS125.


Click it and Unblock the Notifications








