ജിഎസ്‌ടി കൂട്ടി, എന്നിട്ടും 400 സിസി ബൈക്കുകളുടെ വില കൂട്ടാതെ സ്വയം ഏറ്റെടുത്ത് ബജാജ്! എൻഫീൽഡ് കണ്ടുപഠിക്കട്ടെ
ആളുകളുടെ പൾസറിഞ്ഞ് പ്രവർത്തിക്കുന്നവരാണ് പൾസർ മുതലാളിയായ ബജാജ്. 350 സിസിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകൾക്ക് കേന്ദ്ര സർക്കാർ ജിഎസ്ടി വർധനവ് നടപ്പിലാക്കിയിട്ടും പൾസർ NS400Z, ഡൊമിനാർ 400 എന്നിവയുടെ വില തങ്ങൾക്ക് വർധിപ്പിക്കാൻ മനസില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി. അധിക നികുതി ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിനുപകരം ചെലവ് സ്വയം ഏറ്റെടുക്കാനാണ് ബജാജ് തീരുമാനിച്ചിരിക്കുന്നത്. 350 സിസിയിൽ താഴെയുള്ള ബൈക്കുകളുടെ ഉപഭോക്താക്കൾക്ക് കമ്പനി പൂർണ ജിഎസ്ടി ആനുകൂല്യം നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. റോയൽ എൻഫീൽഡ് പോലുള്ള ചില ബ്രാൻഡുകൾ 350 സിസിക്ക് മുകളിലുള്ള മോഡലുകളുടെ വില ഉയർത്തിയതിന് പിന്നാലെയാണ് സ്വാഗതാർഹമായ കാര്യം ബജാജ് കൈക്കൊണ്ടിരിക്കുന്നത്.
പൾസർ NS400Z നേക്കഡ് സ്ട്രീറ്റ് ബൈക്കിന്റെ ഈ നീക്കം പ്രത്യേകിച്ചും പ്രധാനമാണ്. കാരണം 1.92 ലക്ഷം രൂപയ്ക്ക് മറ്റൊരു 400 സിസി മോട്ടോർസൈക്കിൾ ഇന്ത്യയിൽ കിട്ടാനില്ലെന്നതാണ് കാരണം. ഉയർന്ന ജിഎസ്ടി നിരക്ക് നടപ്പിലാക്കിയാൽ ബൈക്കിന്റെ എക്സ്ഷോറൂം വില ഏകദേശം 13,000 രൂപ വരെ ഉയരുമായിരുന്നു. ഇത് ടിവിഎസ് അപ്പാച്ചെ RTR 310 പോലുള്ള 350 സിസിയിൽ താഴെയുള്ള എതിരാളികളുമായുള്ള നിലവിലുള്ള വിടവ് വർധിപ്പിക്കും.

ഇതെല്ലാം മനസിൽ കണ്ടുകൊണ്ടാണ് അധിക നികുതി ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിനുപകരം ചെലവ് സ്വയം ഏറ്റെടുക്കാൻ ബജാജ് തീരുമാനിച്ചത്. ഈ വർഷം ജൂലൈയിൽ ശ്രദ്ധേയമായ ഒരു അപ്‌ഡേറ്റ് ലഭിച്ച ഡൊമിനാർ 400-നും വിലയിൽ മാറ്റമൊന്നും സംഭവിക്കുകയില്ല. 2.39 ലക്ഷം രൂപയിൽ തന്നെ തുടർന്നും സ്പോർട്‌സ് ടൂറർ വാങ്ങാനാവുമെന്നത് സന്തോഷം നൽകുന്ന കാര്യമാണ്.
വിലയിൽ മാറ്റമില്ലാതെ തുടരുന്നതിലൂടെ ഈ വിഭാഗത്തിലെ ലഭ്യത നിലനിർത്താനും ജിഎസ്ടി വർധനവിന്റെ ആഘാതത്തിൽ നിന്ന് ഡിമാൻഡ് സംരക്ഷിക്കാനുമാണ് ബജാജ് ലക്ഷ്യമിടുന്നത്. ഒപ്പം ബജാജിനൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്ന കെടിഎം, ട്രയംഫ് ബൈക്കുകളുടെ വിലയിലും മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഈ നീക്കം ഈ ഉത്സവ സീസണിൽ വിൽപ്പനയിൽ വർധനവ് വരുത്താനും സഹായിക്കും.

ജൂലൈ മാസത്തിൽ NS400Z നേക്കഡ് സ്ട്രീറ്റ് ബൈക്കിന്റെ പുതുക്കിയ മോഡലിനേയും ബജാജ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. മികച്ച ത്രോട്ടില്‍ റെസ്‌പോണ്‍സ്, വേഗത്തിലുള്ള ആക്‌സിലറേഷന്‍, ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡുകള്‍, ഇലക്ട്രോണിക് സംവിധാനങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയോടെയാണ് 400 സിസി മോഡൽ അടുത്തിടെ മിനുങ്ങിയെത്തിയത്. 373 സിസിസ സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം.
9000 ആര്‍പിഎമ്മില്‍ 43 bhp കരുത്തും 35 Nm ടോർക്കുമാണ് ഉത്പാദിപ്പിക്കാനാവുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സുഗമവും ക്ലച്ച്-ലെസ് ഗിയർഷിഫ്റ്റുകളും പ്രാപ്തമാക്കുന്ന ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും ഇപ്പോൾ ബജാജ് പൾസർ NS400Z മോഡലിലുണ്ട്. ഒപ്പം വ്യത്യസ്‌ത റൈഡ് മോഡുകളും മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.
പുതുതായി എത്തിയ ഡൊമിനാർ 400 സ്പോർട്സ് ടൂററിൽ ഇപ്പോൾ ഒരു പുതിയ എൽസിഡി ഡിസ്പ്ലേ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റൈഡ്-ബൈ-വയർ, നാല് റൈഡിംഗ് മോഡുകൾ എന്നിവയ പോലുള്ള മോഡേൺ ടെക്കുകളും ആശാനിലുണ്ട്. റോഡ്, റെയിൻ, സ്പോർട്ട്, ഓഫ്-റോഡ് എന്നീ നാല് മോഡുകൾ പുതിയ സ്വിച്ച് ഗിയർ വഴി തെരഞ്ഞെടുക്കാനാവുമെന്നും ബജാജ് പറയുന്നു. അങ്ങനെ കാലത്തിനൊത്ത മാറ്റങ്ങൾ ഡൊമിയിലേക്ക് അൽപം വൈകിയാണങ്കിലും എത്തിയല്ലോ എന്ന സമാധാനത്തിലാണ് ആരാധകർ.
കഴിഞ്ഞില്ല, ദീർഘദൂര യാത്രകളിൽ മികച്ച സുഖസൗകര്യങ്ങൾക്കായി റീഡിസൈൻ ചെയ്ത ഹാൻഡിൽബാർ, ബിൽറ്റ്-ഇൻ ജിപിഎസ്, റിയർ കാരിയർ മൗണ്ട് എന്നിവയും പുതിയ ബജാജ് ഡൊമിനാർ 400-ൽ വാഗ്ദാനം ചെയ്യുന്നുണ്ട്. OBD-2B മാനദണ്ഡങ്ങൾ പാലിക്കുന്ന 373.3 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഡൊമിയുടെ ഹൃദയം. ഇത് 39 bhp കരുത്തിൽ പരമാവധി 35 Nm ടോർക്ക് ഔട്ട്‌പുട്ട് വരെ നൽകും.


Click it and Unblock the Notifications








