ടിവിഎസ് പണിയും, ബിഎംഡബ്ല്യു വിൽക്കും! രാജ്യം കാത്തിരുന്ന അഡ്വഞ്ചർ ബൈക്കിന്റെ ബുക്കിംഗ് തുടങ്ങി
ടിവിഎസിന്റെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ അടുത്തിടെ തീർത്ത ആരവം കെട്ടടങ്ങുന്നതിന് മുമ്പേ ഇന്ത്യയിലേക്ക് പുത്തനൊരു മോഡൽ കൂടിയെത്തുകയാണ്. ഇറ്റലിയിലെ മിലാനിൽ നടന്ന 2025 EICMA മോട്ടോർ ഷോയിൽ ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിച്ച F 450 GS എഡിവിയാണ് രാജ്യത്തേക്ക് എത്തുന്നത്. അതും ഇന്ത്യക്കായി ടിവിഎസ് ആയിരിക്കും ഈ മോഡൽ പണികഴിപ്പിക്കുക എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. G 310 GS നിർത്തലാക്കിയപ്പോൾ സങ്കടപ്പെട്ടവർക്കെല്ലാം ഇരട്ടി സന്തോഷം നൽകുന്നതായിരിക്കും പുത്തൻ ബേബി ജിഎസിന്റെ വരവ്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന F 450 GS ബൈക്കിനുള്ള അനൗദ്യോഗിക ബുക്കിംഗുകൾ ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർമാർ സ്വീകരിച്ചു തുടങ്ങിയതായാണ് ബൈക്ക്‌വാലെ റിപ്പോർട്ട് ചെയ്യുന്നത്. അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ നിർമാണ ചുമതല ടിവിഎസിനാണ്. മെയ്‌ഡ് ഇൻ ഇന്ത്യ മോട്ടോർസൈക്കിളായി ഇതിനെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നതായിരിക്കും.

റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ തുടങ്ങിയവയോടാവും F 450 GS മത്സരത്തിനിറങ്ങുക. എന്നാൽ ഇവയേക്കാൾ വില കൂടുതലായിരിക്കുമെന്നാണ് പുറത്തുവരുന്ന അഭ്യൂഹങ്ങൾ. ജിഎസ് നിരയിലെ എൻട്രി ലെവൽ മോഡലാണെങ്കിലും 6 ലക്ഷം രൂപയോളം ഓൺ-റോഡ് വില പ്രതീക്ഷിക്കാം. തുടക്കത്തിൽ വലിയ ഹൈപ്പ് സൃഷ്ടിക്കുന്നതിനായി ബിഎംഡബ്ല്യു മോട്ടോർസൈക്കിളിനെ 5 ലക്ഷം രൂപയിൽ താഴെ വിലയിൽ അവതരിപ്പിച്ചാലും അതിശയിക്കാനൊന്നുമില്ല.
ഡിസംബറിൽ നടക്കുന്ന 2025 ഇന്ത്യ ബൈക്ക് വീക്കിൽ ഔദ്യോഗിക ലോഞ്ച് നടന്നേക്കാം. തുടർന്ന് F 450 GS മോഡലിനായുള്ള ഡെലിവറികൾ 2026 ജനുവരി മുതൽ ആരംഭിക്കാനായിരിക്കും ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളുടെ പദ്ധതി. ഈ പ്രീമിയം അഡ്വഞ്ചർ ടൂറർ വാങ്ങാൻ താത്പര്യമുള്ളവർക്ക് ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഡീലർഷിപ്പ് സന്ദർശിച്ച് പ്രീ-ബുക്ക് ചെയ്‌തിടാം. നഗരാടിസ്ഥാനത്തിൽ ബുക്കിംഗ് തുക വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.

ആയതിനാൽ 10,000 രൂപ മുതൽ 50,000 രൂപ വരെ ബുക്കിംഗിനായി മുടക്കേണ്ടി വന്നേക്കും. F 450 GS അഡ്വഞ്ചറിന്റെ പ്രൊഡക്ഷൻ പതിപ്പിന് വെറും 178 കിലോഗ്രാം ഭാരമാണുള്ളതെന്നാണ് കമ്പനി പറയുന്നത്. ടൂറിംഗിനും ഓഫ്-റോഡിനുമെല്ലാം ഉപയോഗിക്കാൻ കിടിലമായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. പുതിയ R 1300 GS-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ക്വാഡ് എൽഇഡി ഡിആർഎല്ലുകൾ, ഗോൾഡൻ USD ഫോർക്ക് എന്നിവയെല്ലാം ബൈക്കിന് ഗംഭീര ലുക്കാണ് സമ്മാനിക്കുന്നത്.
ബേസിക്, എക്സ്ക്ലൂസീവ്, സ്പോർട്ട്, ട്രോഫി എന്നിങ്ങനെ നാല് വേരിയന്റുകളിലാവും പുതിയ ബിഎംഡബ്ല്യു F 450 GS തെരഞ്ഞെടുക്കാനാവുക. കണക്റ്റിവിറ്റി സവിശേഷതകളാൽ നിറഞ്ഞ 6.5 ഇഞ്ച് TFT ഡിസ്‌പ്ലേയും മോഡലിലുണ്ട്. ഒറിജിനൽ ബിഎംഡബ്ല്യു മോട്ടോറാഡ് ആക്‌സസറീസ് ശ്രേണിയുടെ ഭാഗമായി ക്രോസ്-സ്‌പോക്ക് വീലുകൾ, നിരവധി വിൻഡ്‌ഷീൽഡ് ഓപ്ഷനുകൾ, ലഗേജ് സിസ്റ്റങ്ങൾ, ഹാൻഡിൽബാർ റീസറുകൾ, റാലി സീറ്റ്, ലോ സീറ്റ് ഓപ്ഷനുകൾ അലുമിനിയം എഞ്ചിൻ ഗാർഡ് എന്നിവയുൾപ്പെടെ അധിക കസ്റ്റമൈസേഷനും കമ്പനി നൽകുന്നുണ്ട്.

റൈഡിംഗ് സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഡൈനാമിക്സിനുമായി ഈസി റൈഡ് ക്ലച്ച് (ERC) ബൈക്കിൽ സജ്ജീകരിച്ചിരിട്ടുണ്ടെന്നും കമ്പനി പറയുന്നു. GS ട്രോഫി വേരിയന്റിൽ ഈയൊരു ഫീച്ചർ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും. കൂടാതെ മറ്റെല്ലാ വകഭേദങ്ങളിലേക്കും ഇത് അധിക തുക മുടക്കിയാൽ വാങ്ങിവെക്കാനുമാവുമെന്നാണ് ബിഎംഡബ്ല്യു അറിയിച്ചിരിക്കുന്നത്.
420 സിസി ട്വിൻ-സിലിണ്ടർ എഞ്ചിനാണ് ബിഎംഡബ്ല്യു അഡ്വഞ്ചർ മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തുക. 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,750 ആർപിഎമ്മിൽ 48 bhp കരുത്തും 6,750 ആർപിഎമ്മിൽ 43 Nm ടോർക്കും വരെ വികസിപ്പിക്കാൻ ശേഷിയുണ്ടാവും. ക്ലച്ച് ഉപയോഗിക്കാതെ തന്നെ വേഗത്തിലുള്ള അപ്‌ഷിഫ്റ്റുകൾക്കും ഡൗൺഷിഫ്റ്റുകൾക്കുമായ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ എന്നറിയപ്പെടുന്ന ക്വിക്ക്ഷിഫ്റ്ററും മോഡലിൽ ഒരുക്കുമെന്നാണ് വിവരം.


Click it and Unblock the Notifications








