അഡ്വഞ്ചർ ബൈക്കുകളിലെ ആണ്ടവർ വരാർ... 450 സിസി മോഡലുമായി BMW; ദേ ഇതൊക്കെ നോക്കിവെച്ചോ
അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ നല്ലകാലമാണിത്. വർഷങ്ങൾക്ക് മുമ്പേ റോയൽ എൻഫീൽഡ് ഹിമാലയൻ തിരികൊളുത്തിയ ട്രെൻഡ് ഇപ്പോൾ ടിവിഎസ് വരെ ഏറ്റെടുത്തിരിക്കുകയാണ്. ചെറിയ വിലയിലെത്തിയ RTX 300 രാജ്യത്ത് വലിയ വിപ്ലവം തന്നെയാരിക്കുമെന്നാണ് വിലയിരുത്തൽ. എഡിവി വിഭാഗത്തിൽ നിന്നും ബിഎംഡബ്ല്യു മോട്ടോറാഡ് അടുത്തിടെ 310 GS പിൻവലിച്ചത് പലർക്കും നിരാശ നൽകിയിരുന്നു. രാജ്യത്ത് കമ്പനി പുറത്തിറക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലിന്റെ വിൽപ്പന അവസാനിപ്പിച്ചത് പലരും സങ്കടത്തോടെയാണ് നോക്കിനിന്നത്. എന്നാൽ പുതുപുത്തനൊരു അഡ്വഞ്ചർ ബൈക്ക് അവതരിപ്പിക്കാനായിരുന്നു ബവേറിയൻ ബ്രാൻഡ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.
ഇറ്റലിയിലെ മിലാനിൽ നടക്കാനിരിക്കുന്ന EICMA ഷോയിൽ ബിഎംഡബ്ല്യു മോട്ടോറാഡ് തങ്ങളുടെ ഏറ്റവും പുതിയ മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂററായ F 450 GS അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. GS ശ്രേണിയിലെ ഏറ്റവും ചെറിയ മോഡൽ ആണെങ്കിലും ആശാൻ വേറെ ലെവലായിരിക്കുമെന്നതാണ് സത്യം. ടൂറിംഗിനും ഓഫ്-റോഡിനുമെല്ലാം ഉപയോഗിക്കാൻ കിടിലമായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. വരാനിരിക്കുന്ന F 450 GS ബൈക്കിനെ കുറച്ച് കൂടുതൽ അറിയാം.

ലോഞ്ച്: ബിഎംഡബ്ല്യു F 450 GS അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ഔദ്യോഗിക അരങ്ങേറ്റം നവംബർ ആദ്യം നടക്കുന്ന EICMA മോട്ടോർഷോയിലായിരിക്കും. ഇക്കാര്യം ബവേറിയൻ ബ്രാൻഡ് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നതിനായി ഒരു ചെറിയ ടീസർ വീഡിയോ അടുത്തിടെ പങ്കുവെച്ചിരുന്നു. ഫ്യുവൽ ടാങ്കിന്റെ ഭാഗങ്ങൾ, പുതിയ GS സ്റ്റൈൽ ഗ്രാഫിക്സ്, സ്ലീക്ക് ബോഡി ഡിസൈൻ എന്നിവ ഹ്രസ്വ ക്ലിപ്പിലൂടെ കാണിക്കുകയും ചെയ്‌തിട്ടുണ്ട്.
ടിവിഎസിന്റെ സഹായം: ബിഎംഡബ്ല്യുവും ടിവിഎസ് മോട്ടോർ കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്ത പുതിയ 450 സിസി പാരലൽ-ട്വിൻ എഞ്ചിനാവും ഏറ്റവും പുതിയ F 450 GS അഡ്വഞ്ചറിന് തുടിപ്പേകാൻ എത്തുക. ഈ ലിക്വിഡ്-കൂൾഡ്, DOHC യൂണിറ്റ് ഏകദേശം 48 bhp പവറോളം ഉത്പാദിപ്പിക്കാൻ കഴിവുള്ളതായിരിക്കും. അങ്ങനെ ഈയൊരു സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ മോട്ടോർസൈക്കിളുകളിൽ ഒന്നായി മാറുകയും ചെയ്യു.

ഓഫ്-റോഡ് റൈഡിംഗിനും ടൂറിംഗിനും അനുയോജ്യമായ സുഗമമായ ത്രോട്ടിൽ റെസ്പോൺസും വിശാലമായ ടോർക്ക് ബാൻഡും ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ മോട്ടോർസൈക്കിളിലുണ്ടാവും. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം ഒരു സെമി-ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചും സംസാരമുണ്ട്. അങ്ങനെയെങ്കിൽ ഈയൊരു വിലയിൽ ഇത്തരം ഫീച്ചറുകളുള്ള ഒരേയൊരു ബൈക്കായിരിക്കും F 450 GS.
പുതിയ ഫ്രെയിമും ടൂറിംഗ് സജ്ജീകരണവും: പുതിയ ലൈറ്റ്‌വെയ്റ്റ് ട്രെല്ലിസ് ഫ്രെയിമിലാണ് മോട്ടോർസൈക്കിൾ പണികഴിപ്പിക്കുക. മുൻവശത്ത് അപ്‌സൈഡ്-ഡൌൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കും സസ്‌പെൻഷൻ സജ്ജീകരണത്തിൽ ഉണ്ടാകും, രണ്ടും പൂർണമായും ക്രമീകരിക്കാൻ കഴിയുന്നതാവും. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീൽ സജ്ജീകരണം കാരണം പുതിയ ബിഎംഡബ്ല്യു F 450 GS ഒരു ഹാർഡ്‌കോർ ഓഫ്-റോഡർ ആയിരിക്കില്ല കേട്ടോ.

ഫീച്ചറുകൾ: ബിഎംഡബ്ല്യുവിന്റെ GS നിരയിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ F 450 GS മോഡലും ഗംഭീര ഫീച്ചറുകളാൽ സമ്പന്നമായിരിക്കുമെന്നാണ് വിവരം. ഫുൾ-എൽഇഡി ലൈറ്റിംഗ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 6.5 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ, ഒന്നിലധികം റൈഡിംഗ് മോഡുകൾ, കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവ പോലുള്ള മോഡേൺ ടെക്കുകൾ ബൈക്കിൽ കുത്തിനിറച്ചിട്ടുണ്ട്.
വിലയും മത്സരവും: ബിഎംഡബ്ല്യു F 450 GS അടുത്ത വർഷം തുടക്കത്തിലാവും ഇന്ത്യൻ ഷോറൂമുകളിൽ എത്താൻ സാധ്യതയുള്ളത്. ഏകദേശം 5.50 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹോണ്ട NX500, വരാനിരിക്കുന്ന കവസാക്കി KLE 500, ബ്രിക്സ്റ്റൺ സ്റ്റോർ 500, സിഎഫ്‌മോട്ടോ 450 MT തുടങ്ങിയവയായിരിക്കും പ്രധാന എതിരാളികൾ.


Click it and Unblock the Notifications








