ഹിമാലയന് കുറച്ച് നാള് കൂടി വിലസാം, 500 സിസി അഡ്വഞ്ചർ ബൈക്കിൻ്റെ വരവ് വൈകുമെന്ന് കമ്പനി
അടിക്കടി മോട്ടോർസൈക്കിളുകളുടെ വില ലക്ഷങ്ങളോളം കുറച്ച് വാർത്തകളിൽ ഇടംനേടുന്നവരാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസ് (Brixton Motorcycles). ക്രോസ്ഫയർ 500X, ക്രോസ്ഫയർ 500XC, ക്രോംവെൽ 1200, ക്രോംവെൽ 1200X എന്നിവയുൾപ്പെടെ നാല് മോഡലുകൾ ഇന്ത്യയിൽ വിൽക്കുന്ന കമ്പനി മോട്ടോഹൗസിൻ്റെ (Motohaus) പിന്തുണയോടെയാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. നിലവിലെ നാല് മോഡലുകളും തരക്കേടില്ലാത്ത രീതിയിൽ ആളുകളെ ചാക്കിലാക്കിയിട്ടുണ്ടെങ്കിലും വലിയ രീതിയിൽ ശോഭിക്കാനായിട്ടില്ലെന്നതാണ് സത്യം. എന്നാൽ തങ്ങളുടെ മോട്ടോർസൈക്കിൾ നിരയിലേക്ക് അഞ്ചാമൻ കൂടിയെത്തുന്നതോടെ കാര്യങ്ങൾ ശുഭകരമാവുമെന്നാണ് ബ്രിക്‌സ്റ്റൺ കണക്കുകൂട്ടുന്നത്.
വരുന്നതാവട്ടെ ആഗോള വിപണിയിൽ വലിയ തരംഗമായ ക്രോസ്ഫയർ സ്റ്റോർ അഡ്വഞ്ചർ മോട്ടോർസൈക്കിളാണ്. ഓസ്ട്രിയൻ നിർമാതാക്കളുടെ ഏറ്റവും പുതിയ 500 സിസി മോഡൽ 2025 ഡിസംബർ മാസത്തിൽ ഇന്ത്യയിൽ പുറത്തിറക്കുമെന്നായിരുന്നു കമ്പനി സൂചന നൽകിയിരുന്നത്. മോട്ടോർസൈക്ലിംഗ് ഫെസ്റ്റിവലായ ഇന്ത്യ ബൈക്ക് വീക്കിൻ്റെ 2025 പതിപ്പിൽ ക്രോസ്ഫയർ സ്റ്റോർ എഡിവി അവതരിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം.

ബ്രിക്‌സ്റ്റൺ ക്രോസ്ഫയർ സ്റ്റോറിൻ്റെ ഇന്ത്യൻ അവതരണം മാറ്റിവച്ചതായും പിന്നീട് നടക്കുമെന്നും കമ്പനി സ്ഥിരീകരിച്ചുവെന്ന് ബൈക്ക്‌വാലെയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സ്റ്റോർ 500 ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഗോവയിൽ എല്ലാ വർഷവും നടക്കാറുള്ള ഇന്ത്യ ബൈക്ക് വീക്ക് സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാരണം വേദി മാറ്റിവെക്കുകയായിരുന്നു.
ഈ വർഷം പഞ്ചഗണിയിലേക്കാണ് ഇന്ത്യ ബൈക്ക് വീക്ക് മാറ്റിവെച്ചിരിക്കുന്നത്. ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വേദിയിലെ മാറ്റമാണ് ബ്രിക്സ്റ്റൺ പരിപാടിയിൽ നിന്ന് പിന്മാറാനുള്ള ഒരു കാരണമായി പറയുന്നത്. അതേസമയം ജർമൻ ബ്രാൻഡായ ബിഎംഡബ്ല്യു മോട്ടോറാഡും തങ്ങളുടെ F 450 GS അഡ്വഞ്ചർ മോട്ടോർസൈക്കിളിൻ്റെ അവതരണം മാറ്റിവെക്കുന്നതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്ട്രിയൻ ബ്രാൻഡിൻ്റെ പിൻമാറ്റവും.

എന്തായാലും അഡ്വഞ്ചർ മോട്ടോർസൈക്കിൾ പ്രേമികൾ ക്രോസ്ഫയർ സ്റ്റോറിൻ്റെ വരവിനായി കാത്തിരിക്കുകയാണ്. മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള പ്ലാൻ്റിൽ ബ്രിക്സ്റ്റൺ മോട്ടോർസൈക്കിളുകളുടെ ഇന്ത്യൻ വിതരണക്കാരായ മോട്ടോഹൗസ് ക്രോസ്ഫയർ 500 സ്റ്റോർ പ്രാദേശികമായി അസംബിൾ ചെയ്യാനാണ് സാധ്യത. 486 സിസി ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് ക്രോസ്ഫയർ എഡിവിക്ക് തുടിപ്പേകാനായി എത്തുന്നത്.
6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,500 ആർപിഎമ്മിൽ 47 bhp പവറും 6,750 ആർപിഎമ്മിൽ 43 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓക്സിലറി ലൈറ്റുകൾ, ടാങ്ക് ബാഗ്, ടെയിൽ റാക്ക്, പൂർണ എൽഇഡി ലൈറ്റിംഗ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഇല്ലാതെ തന്നെ 7 ഇഞ്ച് ടിഎഫ്ടി കൺസോൾ എന്നിവയാണ് ബ്രിക്സ്റ്റൺ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിലെ പ്രധാന ഫീച്ചറുകൾ.

209 കിലോഗ്രാം ഭാരവും 839 മില്ലിമീറ്റർ സീറ്റ് ഹൈറ്റുമുള്ള ബ്രിക്സ്റ്റൺ ക്രോസ്ഫയർ സ്റ്റോറിന് 16 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണുള്ളത്. ലിറ്ററിന് 23.8 കിലോമീറ്റർ മൈലേജാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. അതായത് ഫുൾ ടാങ്കിൽ ഏകദേശം 380 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്ന് സാരം. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് 180 mm ട്രാവലുള്ള KYB USD ഫോർക്കുകളും പിന്നിൽ 175 mm ട്രാവലുള്ള പ്രീലോഡ്-അഡ്ജസ്റ്റബിൾ മോണോഷോക്കുമാണ് വരുന്നത്.
അതിനാൽ ഏത് ഓഫ്-റോഡ് സാഹചര്യങ്ങളിലും മോഡലിന് മിന്നും പ്രകടനം കാഴ്ച്ചവെക്കാനാവും. ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 320 mm ഫ്രണ്ട്, 240 mm റിയർ ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ എന്നിവയോടെയാണ് അഡ്വഞ്ചർ ടൂറർ ബൈക്ക് വിപണനത്തിന് എത്തുക. മുന്നിൽ 19 ഇഞ്ച് സ്‌പോക്കുകളും പിന്നിൽ 17 ഇഞ്ച് സ്‌പോക്ക് വീലുകളുമാണ് ക്രോസ്ഫയർ 500 സ്റ്റോറിൽ നൽകിയിരിക്കുന്നത്. ഇവ ട്യൂബ്‌ലെസ് ടയറുകളാണ് നൽകുന്നത് എന്നതിനാൽ പഞ്ചറാവുമെന്ന പേടിവേണ്ട.


Click it and Unblock the Notifications








