വീണ്ടും 1.20 ലക്ഷം വില കുറച്ചു, ഇനി 3.99 ലക്ഷമുണ്ടേൽ ഈ ഇടിവെട്ട് സ്ക്രാംബ്ലർ ബൈക്ക് വാങ്ങിക്കാം
ഇന്ത്യൻ വിപണിയിൽ സജീവമായി പ്രവർത്തിക്കുകയാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസ്. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച ബ്രാൻഡ് ഇതിനോടകം പലരുടേയും സ്വപ്നമായി മാറിയിട്ടുണ്ടെന്ന് വേണം പറയാൻ. ക്രോസ്ഫയർ 500X, ക്രോസ്ഫയർ 500XC, ക്രോംവെൽ 1200, ക്രോംവെൽ 1200X എന്നിവയുൾപ്പെടെ നാല് മോഡലുകളുമായാണ് കമ്പനി ഇന്ത്യയിലെ ഇന്നിംഗ്‌സ് ആരംഭിച്ചത്. ഇതിനു പിന്നാലെ ക്രോസ്ഫയർ അഡ്വഞ്ചർ ബൈക്കും ബ്രിക്സ്റ്റൺ അധികം വൈകാതെ രാജ്യത്തേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ അതിന് മുന്നോടിയായി മറ്റൊരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് നിർമാതാക്കൾ.
എന്താണന്നല്ലേ, ക്രോസ്ഫയർ 500XC മോഡലിന്റെ വീണ്ടും കുറച്ചാണ് ഉപഭോക്താക്കൾക്ക് പ്രത്യേക സമ്മാനവുമായി കമ്പനി എത്തിയിരിക്കുന്നത്. 1.20 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന് ബ്രിക്സ്റ്റൺ വെട്ടിക്കുറച്ചിരിക്കുന്നത്. അങ്ങനെ വെറും 3.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുണ്ടെങ്കിൽ സ്ക്രാംബ്ലർ സ്റ്റൈൽ മോട്ടോർസൈക്കിൾ ഉടമയാവാനാവും. എന്നാൽ ഈ ഓഫർ പരിമിതമായ യൂണിറ്റുകൾക്ക് മാത്രമേ ബാധകമാകൂവെന്നത് പ്രത്യേകം പറയാം.

അതായത് നവംബർ 5 വരെയാണ് ക്രോസ്ഫയർ 500XC ഈ പ്രത്യേക വിലയിൽ സ്വന്തമാക്കാനാവുക. ഉത്സവ സീസണിൽ കാര്യമായ രീതിയിൽ തന്നെ വിപണി പിടിക്കാനായാണ് ബ്രിക്സ്റ്റൺ ഇത്തരത്തിലൊരു പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ക്രോസ്ഫയർ 500XC-യുടെ വില കുറയുന്നത് ഇതാദ്യമായല്ല. 2025 ഓഗസ്റ്റിൽ മോഡലിന്റെ വില 5.19 ലക്ഷം രൂപയിൽ നിന്ന് 4.92 ലക്ഷം രൂപയായി കുറച്ചിരുന്നു.
ഇതിന് ശേഷമാണ് സ്പെഷ്യൽ ഓഫർ എന്നപേരിൽ മോഡൽ 3.99 ലക്ഷത്തിന് വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ക്രോസ്ഫയർ 500XC അടിസ്ഥാനപരമായി ക്രോസ്ഫയർ 500X-ന്റെ സ്‌ക്രാംബ്ലർ പതിപ്പാണ്. ബീക്ക്-സ്റ്റൈൽ ഫ്രണ്ട് മഡ്‌ഗാർഡ്, മെറ്റൽ വിൻഡ്‌ഷീൽഡ്, സൈഡ്-മൗണ്ടഡ് നമ്പർ ബോർഡ് തുടങ്ങിയ അല്പം വ്യത്യസ്തമായ ഡിസൈൻ ഘടകങ്ങകൾ ഉൾപ്പെടുത്തിയാണ് ബൈക്കിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

കോലാപ്പൂരിൽ പ്രാദേശികമായി അസംബിൾ ചെയ്ത ക്രോസ്ഫയർ 500XC, ഓസ്ട്രിയൻ എഞ്ചിനീയറിംഗ് മികവുള്ള ഒരു മിഡിൽവെയ്റ്റ് സ്ക്രാംബ്ലർ റോയൽ എൻഫീൽഡിന്റെ 650 സിസി മോട്ടോർസൈക്കിളുകളുമായിട്ടാണ് മത്സരിക്കാൻ ഇറങ്ങുന്നത്. വില കുറച്ചതോടെ കമ്പനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. 8,500 ആർപിഎമ്മിൽ 47 bhp കരുത്തും 6,750 ആർപിഎമ്മിൽ പരമാവധി 43 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 486 സിസി ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് ബ്രിക്സ്റ്റൺ ക്രോസ്ഫയർ 500XC സ്ക്രാംബ്ലറിന്റെ ഹൃദയം.
സിറ്റിയിലും ലൈറ്റ് ട്രെയിലുകളിലും ഉപയോഗയോഗ്യമായ പെർഫോമൻസ് നൽകുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 13.5 ലിറ്റർ ഫ്യുവൽ ടാങ്ക്, സ്‌ക്രാംബ്ലർ-സ്റ്റൈൽ ബെഞ്ച് സീറ്റ്, ബ്രിക്സ്റ്റണിന്റെ സിഗ്നേച്ചർ എക്സ്-തീം സ്റ്റൈലിംഗ് ഇൻഡിക്കേറ്ററുകൾ എന്നിവയാണ് ക്രോസ്ഫയർ 500XC സ്ക്രാംബ്ലറിന്റെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ. ഇതുകൂടാതെ യൂണിയൻ ജാക്ക്-എംബോസ്ഡ് ഗ്രിപ്പുകളും ഡെസേർട്ട് ഗോൾഡ് മാറ്റ് കളർ ഓപ്ഷനിൽ പൂർത്തിയാക്കിയ സൈഡ്-മൗണ്ടഡ് എക്‌സ്‌ഹോസ്റ്റും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്.

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ പൂർണമായും ക്രമീകരിക്കാവുന്ന KYB സസ്‌പെൻഷൻ സജ്ജീകരണം, ട്യൂബ്‌ലെസ് ടയറുകളുള്ള സ്‌പോക്ക് വീലുകൾ (19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ), പിരലി സ്കോർപിയോൺ റാലി STR റബർ എന്നിവയാണ് ബ്രിക്സ്റ്റൺ തങ്ങളുടെ സ്ക്രാംബ്ലർ മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 195 കിലോഗ്രാം കെർബ് വെയ്റ്റുള്ള ഈ ബൈക്ക് ദൈനംദിന ഉപയോഗത്തിന് കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് ഒരുക്കിയെടുത്തിരിക്കുന്നത്.
അതേസമയം അത്യാവിശ്യം ചെറിയ ഓഫ്-റോഡ് ശേഷിയും ക്രോസ്ഫയർ 500XC സ്ക്രാംബ്ലർ വാഗ്ദാനം ചെയ്യുന്നുണ്ട്. ബോഷിൽ നിന്നുള്ള എബിഎസ് സഹിതമുള്ള ജെ ജുവാൻ ഡിസ്ക് ബ്രേക്കുകളാണ് ബ്രിക്സ്റ്റൺ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. പുതുക്കിയ സ്പെഷ്യൽ എക്സ്ഷോറൂം വിലയോടെ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബെയർ 650, ഹോണ്ട CB500X തുടങ്ങിയ മിഡിൽവെയ്റ്റ് വിഭാഗത്തിലെ ഭീമൻമാരുമായുള്ള ബ്രിക്റ്റണിന്റെ മത്സരം കൊഴുക്കും.


Click it and Unblock the Notifications








