എൻഫീൽഡിനോട് നേരിട്ട് മുട്ടണം, 500 സിസി സ്ക്രാംബ്ലറിന്റെ വില 27,499 രൂപയോളം വെട്ടിക്കുറച്ച് ഓസ്ട്രിയൻ കമ്പനി
ഏതുതരം ബൈക്കുകളും സ്‌കൂട്ടറുകളും വാങ്ങാൻ ഇന്ത്യയിൽ ആളുണ്ടെന്ന കാര്യം വ്യക്തമായി മനസിലാക്കിയ പ്രീമിയം ടൂവീലർ നിർമാതാക്കളെല്ലാം രാജ്യത്തേക്ക് പറന്നിറങ്ങുന്നുണ്ട്. ട്രയംഫ്, ഡ്യുക്കാട്ടി, കവസാക്കി തുടങ്ങിയ വലിയ സൂപ്പർ ബൈക്ക് ബ്രാൻഡുകൾക്ക് പുറമെ കീവേ, QJ മോട്ടോർ തുടങ്ങിയ കമ്പനികൾ വരെ അടുത്തിടെ ഇന്ത്യയിലേക്ക് എത്തിയിരുന്നു. അവസാനം പറഞ്ഞ ബ്രാൻഡുകളുടെ കൂടെ ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസും പോയ വർഷം നമ്മുടെ വിപണിയിൽ സാന്നിധ്യം അറിയിച്ചവരാണ്. ക്രോസ്ഫയർ 500X, ക്രോസ്ഫയർ 500XC, ക്രോംവെൽ 1200, ക്രോംവെൽ 1200X എന്നിവയുൾപ്പെടെ നാല് മോഡലുകൾ കമ്പനി തുടക്കത്തിൽ അവതരിപ്പിച്ചത്.
വെറൈറ്റി ലുക്കും അന്യായ പെർഫോമൻസുമുള്ള മോഡലുകൾ പലരുടേയും മനംകവർന്നിരുന്നു. പക്ഷേ മുടക്കേണ്ടി വന്നിരുന്ന ഉയർന്ന വില പലരുടേയും മോഹങ്ങളെ തല്ലിക്കെടുത്തുകയായിരുന്നു. കുറച്ചുകൂടി വില കുറവായിരുന്നുവെങ്കിൽ അങ്ങ് കണ്ണുംപൂട്ടി വാങ്ങാമായിരുന്നുവെന്ന് മിക്കവരും മനസിൽ ഓർത്തിട്ടുണ്ടാവാം. അത്തരക്കാരെ ബ്രാൻഡിലേക്ക് ആകർശിക്കാനായി ബ്രിക്സ്റ്റൺ വലിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇപ്പോൾ.

ക്രോസ്ഫയർ 500XC മോട്ടോർസൈക്കിളിന്റെ വില വെട്ടിക്കുറച്ചിരിക്കുകയാണ് ബ്രിക്സ്റ്റൺ. 5,19,499 രൂപയുടെ എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ചിരുന്ന ബൈക്ക് ഇപ്പോൾ 4,92,000 രൂപയുണ്ടേൽ വീട്ടിലെത്തിക്കാനാവും. കോലാപ്പൂരിൽ പ്രാദേശികമായി അസംബിൾ ചെയ്ത ക്രോസ്ഫയർ 500XC, ഓസ്ട്രിയൻ എഞ്ചിനീയറിംഗ് വേരുകളുള്ള ഒരു മിഡിൽവെയ്റ്റ് സ്ക്രാംബ്ലർ ആയിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്.
8,500 ആർപിഎമ്മിൽ 47 bhp കരുത്തും 6,750 ആർപിഎമ്മിൽ പരമാവധി 43 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 486 സിസി ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് ബ്രിക്സ്റ്റൺ ക്രോസ്ഫയർ 500XC സ്ക്രാംബ്ലറിന് തുടിപ്പേകുന്നത്. സിറ്റിയിലും ലൈറ്റ് ട്രെയിലുകളിലും ഉപയോഗയോഗ്യമായ പെർഫോമൻസ് നൽകുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. റോയൽ എൻഫീൽഡ് 650 സിസി പാരലൽ ട്വിൻ മോഡലുകളുമായാണ് ക്രോസ്ഫയർ മാറ്റുരയ്ക്കുന്നത്.

യൂറോപ്യൻ സ്റ്റൈലിംഗ്, പ്രീമിയം ഹാർഡ്‌വെയർ, ജെനുവിൻ സ്‌ക്രാംബ്ലർ സ്പിരിറ്റ് എന്നിവയാൽ എപ്പോഴും വേറിട്ടുനിൽക്കുന്ന മോഡലാണ് ക്രോസ്ഫയർ 500XC എന്നും ഇന്ത്യയിലെ ബ്രിക്സ്റ്റൺ സമൂഹത്തെ വളർത്താനുള്ള തങ്ങളുടെ പ്രതിബദ്ധതയെ ആണ് വില വെട്ടിക്കുറക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മോട്ടോഹൗസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തുഷാർ ഷെൽക്കെ പറഞ്ഞു.
13.5 ലിറ്റർ ഫ്യുവൽ ടാങ്ക്, സ്‌ക്രാംബ്ലർ-സ്റ്റൈൽ ബെഞ്ച് സീറ്റ്, ബ്രിക്സ്റ്റണിന്റെ സിഗ്നേച്ചർ എക്സ്-തീം സ്റ്റൈലിംഗ് ഇൻഡിക്കേറ്ററുകൾ എന്നിവയാണ് ക്രോസ്ഫയർ 500XC സ്ക്രാംബ്ലറിന്റെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ. ഇതുകൂടാതെ യൂണിയൻ ജാക്ക്-എംബോസ്ഡ് ഗ്രിപ്പുകളും ഡെസേർട്ട് ഗോൾഡ് മാറ്റ് കളർ ഓപ്ഷനിൽ പൂർത്തിയാക്കിയ സൈഡ്-മൗണ്ടഡ് എക്‌സ്‌ഹോസ്റ്റും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്.

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ പൂർണമായും ക്രമീകരിക്കാവുന്ന KYB സസ്‌പെൻഷൻ സജ്ജീകരണം, ട്യൂബ്‌ലെസ് ടയറുകളുള്ള സ്‌പോക്ക് വീലുകൾ (19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ), പിരലി സ്കോർപിയോൺ റാലി STR റബർ എന്നിവയാണ് ബ്രിക്സ്റ്റൺ തങ്ങളുടെ സ്ക്രാംബ്ലർ മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 195 കിലോഗ്രാം കെർബ് വെയ്റ്റുള്ള ഈ ബൈക്ക് ദൈനംദിന ഉപയോഗത്തിന് കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് ഒരുക്കിയെടുത്തിരിക്കുന്നത്.
അതേസമയം അത്യാവിശ്യം ചെറിയ ഓഫ്-റോഡ് ശേഷിയും ക്രോസ്ഫയർ 500XC സ്ക്രാംബ്ലർ വാഗ്ദാനം ചെയ്യുന്നുണ്ട്. ബോഷിൽ നിന്നുള്ള എബിഎസ് സഹിതമുള്ള ജെ ജുവാൻ ഡിസ്ക് ബ്രേക്കുകളാണ് ബ്രിക്സ്റ്റൺ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. പുതുക്കിയ വിലനിർണയത്തോടെ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബെയർ 650, ഹോണ്ട CB500X തുടങ്ങിയ മിഡിൽവെയ്റ്റ് വിഭാഗത്തിലെ ഭീമൻമാരുമായുള്ള ബ്രിക്റ്റണിന്റെ മത്സരം കൊഴുക്കും.


Click it and Unblock the Notifications








