ബുള്ളറ്റിനോട് മുട്ടാൻ യുകെയിൽ പുത്തൻ 350 സിസി ബൈക്കുമായി ബിഎസ്എ, പേര് ഓർത്തുവെച്ചോ 'ബാന്റം'
ഭൂതകാലത്തിലേക്ക് ഒരുതവണയെങ്കിലും തിരിച്ചൊന്ന് പോവാൻ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ലല്ലോ. ആയതിനാൽ ഏതുനാട്ടിലായാലും നൊസ്റ്റാൾജിയക്ക് നല്ല ഡിമാന്റാണ്. ഇത് വാഹന വിപണിയിൽ കൃത്യമായി മനസിലാക്കിയ നിരവധി ബ്രാൻഡുകളുമുണ്ട്. ഒരുകാലത്ത് ഇന്ത്യൻ നിരത്തുകൾ ഭരിച്ചിരുന്ന യെസ്‌ഡി, ജാവ ഇതിഹാസ മോട്ടോർസൈക്കിളുകളെ എല്ലാം തിരികെ കൊണ്ടുവന്നവരാണ് മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക് ലെജൻഡ്‌സ്. തരക്കേടില്ലാത്ത രീതിയിൽ പണംവാരുന്നതിനാൽ അടുത്തിടെ മിഡ്-കപ്പാസിറ്റി സെഗ്മെന്റിലേക്ക് ബിഎസ്എ എന്ന ബ്രാൻഡിനെയും അടുത്തിടെ തിരികെ കൊണ്ടുവന്നിരുന്നു. ഗോൾഡ്സ്റ്റാർ എന്ന മോഡലാണ് ആദ്യം അവതരിപ്പിച്ചതെങ്കിൽ ശ്രേണിയിലേക്ക് ഇപ്പോഴിതാ പുത്തനൊരു ബൈക്കിനെ കൂടി പുറത്തിറക്കിയിരിക്കുകയാണ് ബിഎസ്എ.
പഴയകാല ഐതിഹാസിക മോട്ടോർസൈക്കിളുകളിൽ ഒന്നായ ബാന്റം 350 (BSA Bantam 350) പതിപ്പിനാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ബിഎസ്എ ജന്മം കൊടുത്തിരിക്കുന്നത്. നൊസ്റ്റാൾജിക് സ്റ്റൈലിംഗും മോഡേൺ മെക്കാനിക്കൽ ഘടകങ്ങളും കോർത്തിണക്കിയാണ് ബാന്റം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 1948 മുതൽ 1971 വരെ പുറത്തിറങ്ങിയിരുന്ന ഇതിഹാസ ബൈക്കായിരുന്നു ബാന്റം. 123 സിസി മുതൽ 173 സിസി വരെ ഡിസ്‌പ്ലേസ്‌മെന്റ് ഉള്ള ടു-സ്ട്രോക്ക് എഞ്ചിനുകളാണ് അക്കാലത്ത് ഇവ ഉപയോഗിച്ചിരുന്നതും.

ഇന്ത്യയിൽ വിൽക്കുന്ന ജാവ 42 FJ മോട്ടോർസൈക്കിളിനെ അടിസ്ഥാനമാക്കിയാണ് ബിഎസ്എ ബാന്റം 350 പണിതിറക്കിയിരിക്കുന്നത്. റെട്രോ സൗന്ദര്യശാസ്ത്രത്തെ ഉൾക്കൊള്ളിച്ചിരിക്കുന്ന മോഡൽ കാണാൻ പ്രത്യേക അഴകാണെന്ന് വേണമെങ്കിൽ പറയാം. ടിയർഡ്രോപ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, ക്രോമിന്റെ ഉദാരമായ ഉപയോഗം എന്നിവ വണ്ടിക്ക് പ്രീമിയം മോട്ടോർസൈക്കിൾ ലുക്കാണ് സമ്മാനിക്കുന്നത്.
അതോടൊപ്പം വയർ-സ്‌പോക്ക് വീലുകളും വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും അതിന്റെ വിന്റേജ് പാരമ്പര്യത്തെ കൂടുതൽ പ്രതിഫലിപ്പിക്കുന്നു. അങ്ങനെ ലളിതവും എന്നാൽ കാലാതീതവുമായ രൂപം കൈവരിക്കാൻ ബിഎസ്എ ബാന്റം 350 പതിപ്പിനായി. ഡിസൈനിന്റെ കാര്യത്തിൽ റെട്രോ ലുക്കാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും മെക്കാനിക്കൽ വശങ്ങളിലേക്ക് വരുമ്പോൾ ആള് തീർത്തും മോഡാണാണ്.

ജാവ 42 ബോബറിന്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന പുതിയ ബിഎസ്എ ബാന്റമിന് അതേ ഷാസി, എഞ്ചിൻ എന്നിവ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 334 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് ഏകദേശം 22.5 bhp പവറിൽ പരമാവധി 28 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറ്റ് മോട്ടോർസൈക്കിളുകളിൽ നിന്നും വ്യത്യസ്‌തമാക്കാൻ ഈ എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.
ബാന്റത്തിന്റെ ശാന്തവും ക്ലാസിക്കുമായ റോഡ്‌സ്റ്റർ വ്യക്തിത്വത്തെ പൂരകമാക്കുന്നതിനായാണ് എഞ്ചിൻ ട്യൂൺ ചെയ്‌തുവെച്ചിരിക്കുന്നത്. യൂറോ 5 നിലവാരവുമായി പൊരുത്തപ്പെടുന്ന എഞ്ചിൻ 6-സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. തുടക്കത്തിൽ ബ്രിട്ടീഷ് വിപണിക്ക് വേണ്ടിയാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഗോൾഡ് സ്റ്റാർ 650 പോലെ ഇതും ഇന്ത്യയിലേക്ക് ഭാവിയിൽ എത്തിയേക്കുമെന്നാണ് അനുമാനം.

ഫീച്ചറുകളുടെ കാര്യത്തിൽ ബിഎസ്എ ബാന്റം 350 കാര്യങ്ങൾ ലളിതവും എന്നാൽ പരിഷ്കൃതവുമാക്കിയിട്ടുണ്ടെന്ന് പറയാം. ഡിജിറ്റൽ, അനലോഗ് റീഡൗട്ടുകൾ വാഗ്ദാനം ചെയ്യുന്ന ഒരു സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിൽ കൊടുത്തിരിക്കുന്നത്. സസ്പെൻഷനായി മുന്നിൽ പരമ്പരാഗതമായ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും ഡ്യുവൽ-ചാനൽ എബിഎസും സജ്ജീകരിച്ചിരിക്കുന്നു.
ബിഎസ്എ നിരയിൽ ഗോൾഡ് സ്റ്റാറിന് തൊട്ടുതാഴെയായി ബാന്റം സ്ഥാനം പിടിക്കും. വലിയ ഡിസ്‌പ്ലേസ്‌മെന്റ് വിഭാഗത്തിലേക്ക് കടക്കാതെ ക്ലാസിക് മോട്ടോർസൈക്ലിംഗ് പൈതൃകത്തെ ചെറിയ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മോഡലാണിത്. ബാന്റമിന് 3,499 പൌണ്ടാണ് വിലയെന്നാണ് വിവരം. എന്തായാലും 350 സിസി മോട്ടോർസൈക്കിൾ ഇന്ത്യൻ നിരത്തുകളിലും എത്തുമെന്നാണ് പ്രതീക്ഷ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








